Tuesday 30 November 2021 12:45 PM IST : By സ്വന്തം ലേഖകൻ

‘നഷ്ടപ്പെട്ട മകനു പകരമാകില്ലെങ്കിലും മരുമകളുടെ തുടർപഠനത്തിനെങ്കിലും സഹായമായെന്നേ’; ദുരഭിമാനക്കൊല, ഹരിതയ്ക്ക് ആശ്വാസധനം നൽകാനാവില്ലെന്ന് സർക്കാർ

harithaa4345fhuuu

ഇതരസമുദായത്തിൽ നിന്നു വിവാഹം ചെയ്തതിന്റെ പേരിൽ പാലക്കാട് തേങ്കുറുശ്ശിയിൽ ദുരഭിമാനക്കൊലയ്ക്കിരയായ ഇലമന്ദം കൊല്ലത്തറയിൽ അനീഷിന്റെ (25) ഭാര്യയ്ക്ക് ആശ്വാസധനം നൽകാൻ സാധിക്കില്ലെന്നു സർക്കാർ. മന്ത്രി ഉൾപ്പെടെയുള്ളവരുടെ വാഗ്ദാനമനുസരിച്ചു സഹായധനത്തിനായി നൽകിയ അപേക്ഷ നിരസിച്ചതായി കഴിഞ്ഞ ദിവസം അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് അറിയിപ്പു ലഭിച്ചു. നിയമപരമായി വിവാഹം ചെയ്തുവെന്ന രേഖയില്ലാത്തതാണ് ധനസഹായം നിഷേധിച്ചതിനു കാരണമായി വാക്കാൽ പറഞ്ഞതെന്ന് അനീഷിന്റെ വീട്ടുകാർ അറിയിച്ചു. വിവാഹത്തിന്റെ പേരിൽ നടന്ന ദുരഭിമാനക്കൊല എന്നു ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് ചെയ്ത സംഭവത്തിലാണു വിവാഹരേഖയുടെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നത്.

ഇലമന്ദം കുമ്മാണിയിലെ ഹരിതയെ പ്രണയിച്ചു വിവാഹം കഴിച്ച അനീഷിനെ 2020 ഡിസംബർ 25ന് വൈകിട്ട് മാനാംകുളമ്പിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഹരിതയുടെ പിതാവ് തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ. സുരേഷ്കുമാർ (45) എന്നിവരെ പ്രതികളാക്കി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. 

സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ സാമ്പത്തികമായി താഴ്ന്ന, ഇതര ജാതിയിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകം നടക്കുമ്പോൾ ബിബിഎ രണ്ടാം സെമസ്റ്ററിലായിരുന്ന ഹരിത ഇപ്പോൾ നാലാം സെമസ്റ്ററിനു പഠിക്കുകയാണ്. അനീഷിന്റെ രക്ഷിതാക്കളായ അറുമുഖന്റെയും രാധയുടെയും കൂടെയാണു താമസം. കൂലിപ്പണിക്കു പോകുന്ന കുടുംബത്തെ രക്ഷപ്പെടുത്താൻ ജോലി പ്രതീക്ഷിച്ചു പഠിക്കുന്ന ഹരിതയെ സാമ്പത്തിക ബാധ്യത അലട്ടുകയാണ്.

കൊല്ലുമെന്ന് കരുതിയില്ലല്ലോ

നഷ്ടപ്പെട്ട മകനു പകരമാകില്ലെങ്കിലും ഹരിതയുടെ തുടർപഠനത്തിനെങ്കിലും ഉപകരിക്കുമെന്നു പ്രതീക്ഷിച്ച സഹായമാണു നിഷേധിച്ചതെന്ന് അനീഷിന്റെ അച്ഛൻ അറുമുഖൻ പറയുന്നു. തന്റെ മകനോടുള്ള ഇഷ്ടം കൊണ്ടാണ് ഹരിത ഒപ്പം വന്നത്. അവർ ഒരുമിച്ചു ജീവിച്ചു. അതിന്റെ പേരിലാണ് അവൻ കൊല്ലപ്പെട്ടതെന്നും കേരളത്തിനാകെ അറിയാം. വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചെങ്കിലും ഹരിതയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ വീട്ടുകാർ നൽകിയില്ല. 

അവരോടു സംസാരിച്ചു സമ്മതിപ്പിച്ചു വിവാഹം നടത്താമെന്നു കരുതിയിരിക്കുകയായിരുന്നു. തന്റെ മകനെ കൊല്ലുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വാഗ്ദാനം വിശ്വസിച്ചാണ് അപേക്ഷ നൽകിയതെന്നും ഇപ്പോൾ അപേക്ഷ നിരസിച്ചെന്ന മറുപടിയാണ് ലഭിച്ചതെന്നും ഹരിത പറയുന്നു.

Tags:
  • Spotlight