Saturday 23 January 2021 12:49 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ പറയാൻ തുടങ്ങിയാൽ നിങ്ങൾക്കു പൊള്ളും’; ഹാഷ്ടാഗ് ക്യാമ്പെയിനുമായി വനിത, ധൈര്യമായി പ്രതികരിക്കൂ...

hashh544dfghhh

സ്വന്തം വീട്ടിലും, പൊതുസമൂഹത്തിനു മുന്നിലും, ജോലിസ്ഥലത്തുമെല്ലാം ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ സ്ത്രീകൾ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ഇത്തരം ദുരനുഭവങ്ങളെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് അതിന്റെ പാട്ടിന് വിടുന്നവരുണ്ട്. പലപ്പോഴും പ്രശ്നങ്ങൾക്ക് പുറകെ പോകാൻ ഒട്ടുമിക്ക സ്ത്രീകളും തയാറാകാറില്ല. ഒരു കേസ് ഉണ്ടായാൽ പിന്നീട് എന്ത് സംഭവിക്കും, സമൂഹം തന്നെയും കുറ്റക്കാരിയായി കാണുമോ തുടങ്ങിയ ആകുലതകൾ, ഭയം എന്നിവയാണ് പ്രതികരിക്കാൻ കഴിയാത്തവിധം സ്ത്രീയെ തളച്ചിടുന്നത്. 

മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ തുറന്നുപറയാൻ കഴിയാതെ കാലക്രമേണ വിഷാദത്തിലേക്ക് തെന്നിവീഴുന്നവരുണ്ട്. ഒടുവിൽ സ്വയരക്ഷയ്ക്കായി ആത്മഹത്യ പോലുള്ള വഴികളും ചിലർ തിരഞ്ഞെടുത്തുപോകും. അതേസമയം ധൈര്യത്തോടെ ഒരുതവണ സ്ത്രീ പ്രതികരിച്ചു തുടങ്ങിയാൽ തീരുന്ന പ്രശ്നങ്ങളെ ഇന്ന് സമൂഹത്തിൽ ഉള്ളൂ... 

ഇങ്ങനെ കാലങ്ങളായി പ്രതികരിക്കാൻ കഴിയാതെ മനസ്സിൽ അടക്കിപ്പിടിച്ചു വയ്ക്കുന്ന സംഭവങ്ങളെ ധൈര്യമായി പുറത്തുപറയാനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണ് വനിത. വനിതയിൽ ‘ഞങ്ങൾ പറയാൻ തുടങ്ങിയാൽ‌ നിങ്ങൾക്കു പൊള്ളും’ എന്ന സ്‌റ്റോറിക്ക് ഓൺലൈനിലൂടെ ഒരു ഹാഷ്ടാഗ് ക്യാമ്പെയിൻ നടത്തുന്നു. പൊതുസ്ഥലത്തുള്ള ദുരനുഭവങ്ങൾ കുറച്ചുപേർ തുറന്നു പറയുന്നതാണ് ഫീച്ചർ. നിങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ #UHurtMyHeart എന്ന ഹാഷ്ടാഗ് നൽകി സ്വന്തം അനുഭവങ്ങൾ കുറിയ്ക്കാം.  

പൊതു ഇടങ്ങളിൽ വച്ചോ വീട്ടിനുള്ളിൽ വച്ചോ യാത്രയ്ക്കിടയ്ക്കോ ഒക്കെ എന്തെങ്കിലും തരത്തിലുള്ള വലുതോ ചെറുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ നടന്നാൽ മിണ്ടാതെ വിട്ടുകളയുന്നവർ ഓർക്കുക... നിങ്ങളുടെ ഈ മൗനം നാളെ അതിക്രമങ്ങൾ പെരുകാനുള്ള വളമാകുന്നുണ്ട്. നിർദോഷം എന്നു കരുതിയ നിങ്ങളുടെ മൗനം അതു ചെയ്തവർക്കും കണ്ടു നിന്നവർക്കും അടുത്തൊരാളോട് കൂടി ക്രൂരത കാണിക്കാനുള്ള പ്രേരണ നൽകിയിട്ടുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഓരോ ലൈംഗിക അതിക്രമങ്ങൾക്കു പിന്നിലും ഈ മൗനത്തിന് പങ്കുണ്ട്.

അതുകൊണ്ട് ആ മൗനം ഇനി നമുക്ക് വേണ്ട. ഒറ്റകെട്ടായി നിന്ന് വേണം ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെടുത്താൻ. മാളിൽ വച്ച് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ച നടിയും ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ അശ്ലീല വാക്കുകൾ ലോകത്തോട് തുറന്നു പറഞ്ഞ യുവതിയും പുതിയ മാതൃകകളാണ്. തങ്ങൾ കടന്നുപോയ ചില സാഹചര്യങ്ങളെ കുറിച്ച് ധീരമായി തുറന്ന് പറയുന്ന കുറച്ചുപേരെക്കൂടി കേൾക്കുക. അപ്പോൾ ധൈര്യത്തോടെ സ്വന്തം അനുഭവങ്ങൾ #UHurtMyHeart എന്ന ഹാഷ്ടാഗ് നൽകി പങ്കുവയ്ക്കൂ... 

Women553dgvv
Tags:
  • Spotlight