കലൂർ സ്റ്റേഡിയത്തിൽ ഞായറാറ്ച നടന്ന പരിപാടിക്കിടെ ഉയരമുള്ള വേദിയിൽ നിന്നു വീണു ഗുരുതര പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രാവിലെ ആറേമുക്കാലിനു രണ്ടു മക്കളും ഉമ തോമസിനെ കണ്ടിരുന്നു. തുടർന്ന് മക്കള്‍ ‘അമ്മേ’ എന്നു വിളിച്ചപ്പോൾ കണ്ണ് അനക്കി ഉമ തോമസ് പ്രതികരിച്ചു. കൈകളും കാലുകളും അനക്കാൻ പറഞ്ഞപ്പോൾ അനക്കിയെന്നും കൈയിൽ മുറുക്കെ പിടിക്കാൻ പറഞ്ഞപ്പോൾ അതിനു ശ്രമിച്ചെന്നും മൂത്ത മകൻ വിഷ്ണു പറഞ്ഞു.
തലച്ചോറിന്റെ പ്രവർത്തനത്തിൽ ആശാവഹമായ പുരോഗതിയാണ് ഇതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ വിളികളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തമായ രീതിയിൽ പ്രതികരിക്കുന്ന വിധത്തിലേക്ക് മാറേണ്ടതുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനത്തിൽ മെച്ചപ്പെട്ട പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്.
ഡിസംബർ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 11,600 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് അപകടം. ഉമ തോമസ് എംഎൽഎ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാൽ കൂടുതൽ ദിവസം വെന്റിലേറ്റർ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
മസ്തിഷ്കത്തിലെ പരുക്കുകൾ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.