Saturday 16 May 2020 04:54 PM IST

ആരോഗ്യ കേരളത്തിനായി ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മ ; പൊതുജന ബോധവത്കരണവുമായി ‘ചുക്കുകാപ്പി’

Tency Jacob

Sub Editor

tvvv

സംസ്ഥാനത്തെ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും വ്യത്യസ്തമായ കൂട്ടായ്മയാണ് ചുക്കുകാപ്പി എന്ന ഓൺലൈൻ പ്ലാറ്റ്ഫോം.കലയും സാഹിത്യവും ചിത്രങ്ങളും ആരോഗ്യവും കോർത്തിണക്കി ആകർഷകമായ രീതിയിൽ പൊതുജനങ്ങളെ ബോധവത്കരിക്കുവാനാണ് വ്യത്യസ്ത അഭിരുചികളുള്ള ആയുവേദ മെഡിക്കൽ വിദ്യാർഥികളെയും ഡോക്ടർമാരെയും കൂട്ടിയിണക്കി ടീം ചുക്കുകാപ്പി എന്ന ഓൺലൈൻ വേദി രൂപം കൊണ്ടത്.

എഴുത്തും, വരയും, പാട്ടും നൃത്തവുമൊക്കെ വഴങ്ങുന്ന ഒരു കൂട്ടം വിദ്യാർത്ഥികളും ഡോക്ടർമാരുമാണ് ഈ കൂട്ടായ്മയിൽ അംഗങ്ങളായുള്ളത്.ആരോഗ്യ വിവരങ്ങൾ, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ,സർക്കാരിന്റെ ആരോഗ്യ നിദേശങ്ങൾ എന്നിവ കലയുടെ മേമ്പൊടി ചേർത്ത് ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും അവതരിപ്പിക്കുകയാണ് കഴിഞ്ഞ ഒരു മാസ കാലമായി ടീം ചുക്കുകാപ്പി എന്ന പുതു സംരംഭം. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് കാരിക്കേച്ചർ ക്യാമ്പയിനും ഇവർ നടത്തുന്നുണ്ട്. അഞ്ഞൂറു രൂപയിൽ കുറയാത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന അടച്ചു റസീപ്റ്റ് നൽകിയാൽ നിങ്ങൾ നൽകുന്ന ചിത്രം കാരിക്കേച്ചറായും ഡിജിറ്റൽ പിക്ച്ചറായും ചുക്കുകാപ്പിയിലെ കലാകാരന്മാർ വരച്ചു നൽകും. ചലച്ചിത്ര താരം അഹാന കൃഷ്ണ അടക്കം നിരവധി പേർ ഇതിനോടകം തന്നെ ഈ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞു.

ആയുർവേദ രംഗത്തെ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദി കൂടിയാണ് ചുക്കുകാപ്പി. ലോക് ഡൗൺ കാലത്തെ മാനസിക പിരിമുറുക്കം ആകറ്റുവാൻ കലാ സന്ധ്യകൾ ചുക്കുകാപ്പിയുടെ ഫേസ്ബുക് പേജിൽ ഒരുക്കിയിരുന്നു. ഗായകനും സംഗീത സംവിധായകനുമായ ഡോ. അരുൺ ഗോപൻ, ദമ്പതി തയാമ്പകയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഡോ.നന്ദിനി വർമ്മ, എം.എസ്.സുബ്ബലക്ഷ്മി വോയിസ് ഓഫ് ദ ഇയർ ജേതാവ് ഡോ.കാർത്തിക് കൃഷ്ണൻ, കോമഡി ഉത്സവം ഫെയിം ഡോ. അഖില എന്നിവർ ഇതിനോടകം തന്നെ ചുക്കുകാപ്പിയുടെ ഫേസ് ബുക് ലൈവിലെത്തി കലാവിരുന്നൊരുക്കിയിരുന്നു. ആയുഷ് വകുപ്പിന്റെ തന്നെ ഔദ്യോഗിക വിവരങ്ങളും ,ആയുഷ് ആരോഗ്യ സംവിധാനങ്ങളും ടെലി മെഡിസിൻ വിവരങ്ങളും സാധാരണമനുഷ്യരിലേക്ക് എത്തിക്കുന്നതിനൊപ്പംആരോഗ്യ സ്ഥാപനങ്ങൾക്കും ഗ്രൂപ്പുകൾക്കുംവേണ്ടി കൺസപ്റ്റ് പിക്ച്ചറിങ്, പോസ്റ്റർ ഡിസൈനിങ്, കൺസപ്റ്റ് നറേഷൻ, വെബ് ഡിസൈനിങ്, കണ്ടന്റ് എഡിറ്റിങ് എന്നിവയ്ക്കുള്ള സാങ്കേതിക സഹായവും ചുക്കുകപ്പിയിലെ യുവ ഡോക്ടർമാർ ചെയ്തു നൽകുന്നുണ്ട്.

തിരുവനന്തപുരം, തൃപ്പൂണിത്തുറ , കണ്ണൂർ ഉൾപ്പടെ സംസ്ഥാനത്ത ഇരുപതോളം സർക്കാർ- സ്വകാര്യ ആയുർവേദ കോളേജുകളിൽ നിന്നായി അൻപതോളം മെഡിക്കൽ വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ നേരിട്ടു പ്രവർത്തിക്കുന്നത്. ചലച്ചിത്ര സാങ്കേതിക പ്രവർത്തകനും ആയുർവേദ ഡോക്ടറും കൂടിയായ ഡോ.നിസാർ മുഹമ്മദാ ണ് ഈ സംരംഭത്തിന്റെ അമരക്കാരൻ.ഡോ. ജാക്വിലിൻ ദിലീപ് , ഡോ.സിജിൻ സൂര്യ, ഡോ.ഷാൻ അബൂ ഹസൻ, ഡോ. സ്കന്ദേഷ്, ഡോ. ഡോണ ഡേവിസ് , ഡോ. ജിഷ്ണു.എസ് , ഡോ. ലിൻഡ ജോൺസ്, ഡോ. രഘു, ഡോ.നവ്യ ജോസഫ്, ഡോ.ഐശ്വര്യ തുടങ്ങി കേരളത്തിന് അകത്തും പുറത്തും ജോലി ചെയ്യുന്ന ഇരുപതോളം ഡോക്ടർമാരടങ്ങിയ അഡ്മിൻ ഗ്രൂപ്പാണ് ചുക്ക് കാപ്പിക്ക് നിലവിലുള്ളത്.