Wednesday 21 August 2019 12:06 PM IST : By സ്വന്തം ലേഖകൻ

തൈറോയ്ഡ്, പിസിഒഡി രോഗമുള്ളവർക്കും ഈസിയായി വണ്ണം കുറയ്ക്കാം; ഇതാ ഹെൽത്തി കീറ്റോ ഡയറ്റ്!

keto-diet788jnbfs

ആരെങ്കിലും പറയും, ‘ഈ ഡയറ്റ് പരീക്ഷിച്ചു നോക്കീല്ലേ? എന്തൊരു വ്യത്യാസമാണെന്നോ...’ പിറ്റേദിവസം മുതൽ അതുവരെ പിൻതുടരുന്ന ഡയറ്റ് ഉപേക്ഷിച്ച് പുതിയ അറിവിന്റെ പിന്നാലെ പായും. ഇങ്ങനെ ഡയറ്റിന് അഡിക്ടായാൽ എന്താണ് സംഭവിക്കുകയെന്നോ? ഒന്നുകിൽ വണ്ണം കൂടും, അല്ലെങ്കിൽ മെലിഞ്ഞ് അസുഖം ബാധിച്ചവരെപ്പോലെയാകും. വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഡയറ്റ്. സ്വന്തം ശരീരപ്രകൃതി, ജീവിതശൈലി, ആരോഗ്യം തുടങ്ങി  നമ്മുടെ ജോലിയും സാമ്പത്തികാവസ്ഥയും വരെ ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കൂ.

ഹെൽത്തി ഡയറ്റ് കീറ്റോ ഡയറ്റ്

സെലിബ്രിറ്റികളുടെ ഡയറ്റ് എന്നാണ് കീറ്റോ ഡയറ്റ് അറിയപ്പെടുന്നത്. ചെറിയ കാലയളവിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. ശരീരത്തിനു വേണ്ട ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജത്തിൽ (Carbohydrates) നിന്നാണ്. ചോറിലും ഗോതമ്പിലും മധുരപലഹാരങ്ങളിലും അന്നജം അടങ്ങിയിട്ടുണ്ട്. മറ്റൊരു ഊർജദായകമായ ഭക്ഷണം കൊഴുപ്പ് (Fat) ആണ്. 

കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി കുറച്ച് ഫാറ്റിന്റെ അളവ് കൂട്ടി മിതമായ അളവിലുള്ള പ്രോട്ടീനും ലഭിച്ചാൽ ശരീരം ഊർജം ഉൽപാദിപ്പിക്കുന്നത് ഈ കൊഴുപ്പിൽ നിന്നാകും. കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാക്കുന്നു. ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കും. തുടർന്ന് അവയെ കീറ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്കു മാറും. ഈ കീറ്റോണിനെ ഊർജമാക്കി മാറ്റി ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ ഭക്ഷണരീതിയിലൂടെ ശരീരഭാരം കുറയുന്നത്.

ആവശ്യത്തിലധികം കാർബോഹൈഡ്രേറ്റ്സ് കഴിക്കുമ്പോഴാണ് അത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നത്. ഇതു പിന്നീട് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം തുടങ്ങി പല രോഗങ്ങൾക്ക് കാരണമാകുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും സ്ത്രീകൾക്ക് പിസിഒഡിയും വരാം. കീറ്റോ ഡയറ്റ് എടുത്ത് ആദ്യ രണ്ട് ആഴ്ചകളിൽ തലവേദനയും ക്ഷീണവും ദാഹവും തലകറക്കവുമൊക്കെ അനുഭവപ്പെടാം. ചിലപ്പോൾ കൊളസ്ട്രോളിന്റെ അളവും ബ്ലഡ് ഷുഗറും കൂടും. ഡയറ്റ് നോക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ധാരാളം വെള്ളം കുടിക്കണമെന്നതാണ്. ശാരീരിക അസ്വസ്ഥതകൾ കൂടുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്.

എങ്ങനെ കീറ്റോ ഡയറ്റ് ചെയ്യാം

പടിഞ്ഞാറൻ നാടുകളിൽ ഉരുത്തിരിഞ്ഞു വന്നതുകൊണ്ടുതന്നെ അവിടെ സുലഭമായി കിട്ടുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഈ ഡയറ്റിൽ കൂടുതലായി ഉപയോഗിക്കുന്നത്. കേരളത്തിലെത്തുമ്പോൾ ഈ ഡയറ്റ് മെനുവിലെ പലതും മാർക്കറ്റിൽ കിട്ടാത്തവയും ഉയർന്ന വില കൊടുത്തു വാങ്ങേണ്ടവയുമാണ്.

കാർബോഹൈഡ്രേറ്റ് ഏറ്റവും കുറഞ്ഞ പച്ചക്കറികളായ അസ്പരാഗസ്, ബ്രോക്ക്‌ലി, സുക്കിനി, അവക്കാഡോ, ലെറ്റ്യൂസ്, കോളിഫ്ലവർ, കാബേജ്, സ്പിനാച്ച്, ഫ്രഞ്ച് ബീൻസ് എന്നിവയാണ് കീറ്റോ ഡയറ്റിലുപയോഗിക്കുന്ന പച്ചക്കറികൾ. ഇവയ്ക്കു പകരമായി നമ്മുടെ വീട്ടുമുറ്റത്തു വളരുന്ന പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. പച്ചച്ചീരയും ചുവന്ന ചീരയും മുരിങ്ങയിലയും വഴുതനയും പടവലങ്ങയുമെല്ലാം കാർബോഹൈഡ്രേറ്റ് കുറഞ്ഞ പച്ചക്കറികളാണ്.

വെള്ളത്തിലിട്ടു പുഴുങ്ങിയോ, ആവിയില്‍ വേവിച്ചോ ഇവ ഉപയോഗിക്കാം. അധികം മസാല ചേർക്കാതെ പാകപ്പെടുത്തുകയുമാകാം. പച്ചക്കറികളും മറ്റും പാകം ചെയ്യുമ്പോൾ ഹെൽത്തി ഓയിലായ ഒലിവെണ്ണ തന്നെ ഉപയോഗിക്കണമെന്നില്ല. വെളിച്ചെണ്ണ തിരഞ്ഞെടുക്കാം. അധികം ചൂടാക്കി തിളപ്പിക്കുമ്പോഴാണ് വെളിച്ചെണ്ണയും വെണ്ണയും നെയ്യും അപകടകാരികളാക്കുന്നത്. പാകം ചെയ്തു കഴിയുമ്പോൾ ഫ്ലേവറിനു വേണ്ടി ചെറിയ അളവിൽ ഇവ ചേർക്കുന്നതുകൊണ്ട് ദോഷമില്ല.

ചോളം, ബേക്ക്ഡ് ബീൻസ്, ലെന്റിൽസ്, പീസ്, ക്വിനോവ തുടങ്ങിയവയെല്ലാം കാർബോഹൈഡ്രേറ്റ്സ് അധികമുള്ള ഭക്ഷണ സാധനങ്ങളാണ്. അന്നജം കുറഞ്ഞ ധാന്യമായതുകൊണ്ട് റാഗിപ്പൊടി ഉപയോഗിച്ച് പലഹാരങ്ങളുണ്ടാക്കി കഴിക്കാം. 

ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങു വർഗങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, ചേന, മുള്ളങ്കി എന്നിവ അത്ര അപകടകാരികളല്ല. മധുരക്കിഴങ്ങിലും ഉരുളക്കിഴങ്ങിലും അന്നജത്തിന്റെ അളവ് കൂടുതലാണെങ്കിലും ചോറിലുള്ളത്ര ഇവയിലില്ലാത്തതുകൊണ്ട് മറ്റു ഡയറ്റുകൾ പാലിക്കുന്നവർക്ക് ചോറിനു പകരമായി ഇവ ഉപയോഗിക്കാം. ഭക്ഷണത്തിൽ ചോറ് നിർബന്ധമായി ഉൾപ്പെടുത്തേണ്ടവർക്ക് കീറ്റോ ഡയറ്റ് ബുദ്ധിമുട്ടാകും. അവർക്ക് ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് ചെയ്യാം.

പലപ്പോഴും ഡയറ്റ് പ്ലാനിൽ കാണുന്ന ഒന്നാണ് ഒരു സെർവിങ്സ് രണ്ടു സെർവിങ്സ് എന്നെല്ലാം. ഒരു കപ്പ് ആണ് ഒരു സെർവിങ്സ്. പക്ഷേ, തുടക്കത്തിൽ തന്നെ ഇത്തരം അളവുകളിലേക്കു പോകണ്ട. വിശപ്പു മാറുന്നതു വരെ കഴിക്കുക. പിന്നീട് അളവ് കുറച്ചു കൊണ്ടുവരിക. പച്ചക്കറികൾ കൂടുതലായി കഴിക്കാം. ഇതിൽ കാലറിയും കാർബോഹൈഡ്രേറ്റ്സും കുറവാണ്. പ്രോട്ടീൻ ഉള്ളതിനാൽ വയറു നിറയും, തടി കൂടുകയുമില്ല.

പഴങ്ങൾ എല്ലാം നല്ലതല്ല, പാനീയങ്ങളും

മധുരം കുറഞ്ഞ പഴങ്ങളാണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. വീട്ടുമുറ്റത്ത് ഉണ്ടാകുന്നതാണെങ്കിലും മാമ്പഴം, ചക്ക, പപ്പായ തുടങ്ങിയവയൊന്നും ഡയറ്റിന് അനുയോജ്യമല്ല. പകരം മധുരം കുറഞ്ഞ പേരയ്ക്ക, നെല്ലിക്ക എന്നിവയൊക്കെ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താം.

വാഴപ്പഴം, ഉരുളക്കിഴങ്ങ്, വെളുത്ത അരിയുടെ ചോറ്, ബേക്കറി പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജ്യൂസ്, കാനിലുള്ള പാനീയങ്ങൾ, മദ്യം എന്നിവ തീർത്തും ഉപേക്ഷിക്കുക.

കട്ടൻ ചായ, ഗ്രീൻ ടീ, കട്ടൻകാപ്പി എന്നിവ അൽപം വെണ്ണയോ വെളിച്ചെണ്ണയോ ചേർത്തു കഴിക്കാം. അധികം മധുരമില്ലാത്ത കരിക്കിൻവെള്ളം കുടിക്കാം. ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം. പച്ചക്കറികള്‍ ജ്യൂസാക്കി കഴിക്കാം. ഡയറ്റ് കോക്ക്, പഴച്ചാറുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.

പാല്‍ ഉപയോഗിക്കുന്നതും നല്ലതല്ല. ഒരു ഗ്ലാസ് പശുവിൻ പാലിൽ 11 ഗ്രാം കാർബോഹൈഡ്രേറ്റ്സും സോയ മിൽക്കിൽ 12 ഗ്രാമുമുണ്ട്. മിൽക്ക് ഷേക്ക്, സ്മൂത്തീസ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ വേണ്ട.

മധുരം ഒഴിവാക്കാൻ പറ്റാത്തവർ, സ്ലീപ് അപ്നിയ ഉള്ളവർ, മൈഗ്രേൻ, ആർത്രൈറ്റിസ് പോലെ വേദനയുള്ള രോഗങ്ങൾ ഉള്ളവർ, നെഞ്ചെരിച്ചിൽ, അൾസർ എന്നീ പ്രശ്നങ്ങളുള്ളവർ, അൽസ്ഹൈമേഴ്സ്, വിഷാദരോഗം പോലെ മാനസിക പ്രശ്നങ്ങളുള്ളവർ, എഡിഎച്ച്ഡി, ഒസിഡി എന്നീ ഡിസോർഡറുള്ളവർ, ആസ്‍മയുള്ളർ... ഇവർ കീറ്റോ ഡയറ്റ് ചെയ്യാൻ പാടില്ല. കീറ്റോജനിക് ഡയറ്റ് ഒരു ആഹാര രീതിയാണ് ചികിത്സാരീതിയല്ല എന്നും ഓർക്കുക.

ആർക്കെല്ലാം നല്ലതാണ് കീറ്റോ ഡയറ്റ്

അമിതവണ്ണമുള്ളവർ, ടൈപ്പ് 1 ടൈപ്പ് 2 പ്രമേഹരോഗികൾ, ഹൈപ്പർ ടെൻഷൻ ഉള്ളവർ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉള്ളവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, എപ്പിലെപ്സി, ദഹനപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഉത്തമ ഡയറ്റാണിത്.

തൈറോയ്ഡ് പ്രശ്നമുള്ളവർക്ക്

ഹൈപ്പോ തൈറോയ്ഡ് അല്ലെങ്കിൽ ഹെപ്പർ തൈറോയ്ഡ് പ്രശ്നമുള്ളവരുടെ പ്രധാന പ്രശ്നമാണ് തടി കൂടുന്നത്. ഹോർമോൺ പ്രശ്നമുള്ളതുകൊണ്ട് ഡയറ്റുകൾ ഇവർക്ക് വലിയ ഫലം നൽകാറില്ല. എങ്കിലും ഭക്ഷണത്തിലെ ചില നിയന്ത്രണങ്ങൾ മാറ്റം വരുത്തും.

സോയ ഉൽപന്നങ്ങൾ നല്ലതല്ല. കാബേജ്, ബ്രോക്ക്‌ലി, കോളിഫ്ലവർ, സ്പിനാച്ച് എന്നീ പച്ചക്കറികളും ഒഴിവാക്കണം. കപ്പയും മധുരക്കിഴങ്ങും പോലെ അന്നജം അധികമുള്ള കിഴങ്ങുവർഗങ്ങളും നന്നല്ല. പീച്ച്, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും ചെറു ധാന്യങ്ങളും പീനട്ടും ദോഷകരമാണ്.

മുട്ട കഴിക്കുന്നത് തൈറോയ്ഡ് രോഗമുള്ളവർക്ക് നല്ലതാണ്. മുട്ടയുടെ മഞ്ഞയിൽ ധാരാളമായുള്ള അയഡിനും സെലിനിയവും മുട്ടവെള്ളയിലുള്ള പ്രോട്ടീനും നല്ലതാണ്. എല്ലാത്തരം ഇറച്ചിയും കഴിക്കാം. സാൽമൺ, ട്യൂണ പോലുള്ള കടൽവിഭവങ്ങളും നല്ലതാണ്.

തൈറോയ്ഡിനുള്ള മരുന്ന് ആഹാരത്തിന് ഒരു മണിക്കൂർ മുൻപ് കഴിക്കണം. എങ്കിൽ മാത്രമേ ഗുണം കിട്ടുകയുള്ളൂ. ധാരാളം വെള്ളം കുടിക്കുകയും വേണം. ഇന്തുപ്പും കല്ലുപ്പും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം.

കഴിക്കാം ഇവ

മുട്ട, ചിക്കൻ, മട്ടൻ, ബീഫ്, മീൻ, ചെമ്മീൻ, കൊഞ്ച്, ലിവർ, തൈര്, ബട്ടർ, ചീസ്, ക്രീം, ബദാം, വോൾനട്ട്, നിലക്കടല, ഫ്ലാക്സ് സീഡ്, നിലക്കടല, ബദാം, കശുവണ്ടിപരിപ്പ് എന്നിവ കഴിക്കാം.

പച്ചക്കറികൾ  

പച്ചചീര, ചുവന്നചീര, മുരിങ്ങയില, ഉലുവച്ചീര, പാവയ്ക്ക, ചുരയ്ക്ക, വഴുതനങ്ങ, അമരപ്പയർ, വെള്ളരിക്ക, മുരിങ്ങയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, ഉള്ളിത്തണ്ട്, പച്ചപപ്പായ, വാഴക്കൂമ്പ്, മത്തങ്ങ, പച്ചമാങ്ങ, പടവലങ്ങ.

പഴങ്ങൾ

പേരയ്ക്ക, ഷമാം, ഓറഞ്ച്, അധികം മധുരമില്ലാത്ത തണ്ണിമത്തൻ, നെല്ലിക്ക, സ്ട്രോബെറി, ബട്ടർ ഫ്രൂട്ട്.

FOOD CHART

തിങ്കൾ

രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ/കട്ടൻ ചായ/കാപ്പി, രണ്ടു ബുൾസ് ഐ, കോളിഫ്ലവർ, സുക്കിനി, ബ്രോക്ക്‌ലി എന്നിവ പുഴുങ്ങി നെയ്യിൽ വരട്ടിയത്‍

ഉച്ചയ്ക്ക് : സംഭാരം, കാബേജ് തോരൻ, ഗ്രി ൽഡ് ചിക്കൻ

രാത്രി : ഗ്രീൻ ടീ / സ്ട്രോബെറി, ബദാം, മീൻ വറുത്തത്

ചൊവ്വ

രാവിലെ : ഗ്രീൻ ടീ, ഓംലെറ്റ്, വെണ്ടയ്ക്ക മെഴുക്കു വരട്ടി

ഉച്ചയ്ക്ക് : മീൻ വറുത്തത്, വെണ്ടയ്ക്ക മെഴുക്കുവരട്ടി

രാത്രി : വാഴക്കൂമ്പ് തോരൻ, ഷമാം/നെല്ലിക്ക, ഗ്രിൽ/ഫ്രൈഡ് ചിക്കൻ

ബുധൻ

രാവിലെ : ഗ്രീൻ ടീ, പനീർ മസാല, ഓംലെറ്റ്, കോവയ്ക്ക തോരൻ

ഉച്ചയ്ക്ക് : ഉപ്പിട്ട നാരങ്ങാവെള്ളം, പനീർ മസാല, ഫിഷ് ഫ്രൈ, വെണ്ടയ്ക്ക മെഴുക്കുവരട്ടി

രാത്രി: ഗ്രീൻ ടീ, ബീഫ് ഫ്രൈ, കോവയ്ക്കാ തോരൻ

വ്യാഴം

രാവിലെ : ഗ്രീൻ ടീ, മത്തന്‍ മുളകിട്ടത്, ചീര ചേർത്ത എഗ് സ്ക്രാമ്പിൾ

ഉച്ചയ്ക്ക് : സംഭാരം, ഫിഷ് ഫ്രൈ, കാബേജ് തോരൻ

രാത്രി: ഗ്രീൻ ടീ, ഷമാം/മധുരം കുറഞ്ഞ ഓറഞ്ച്, മത്തൻ മുളകിട്ടത്, ഗ്രിൽഡ് ഫിഷ്

വെള്ളി

രാവിലെ : വെണ്ണ ചേർത്ത കട്ടൻ കാപ്പി, വാഴക്കൂമ്പ് തോരൻ

ഉച്ചയ്ക്ക് : ഉപ്പിട്ട നാരങ്ങാവെള്ളം, ബീഫ് ഫ്രൈ, ചീര മെഴുക്കുവരട്ടി

രാത്രി : വാഴക്കൂമ്പ് തോരൻ, ബീഫ് ഫ്രൈ

ശനി

രാവിലെ : വെണ്ണ ചേർത്ത കട്ടൻ കാപ്പി, ചീര തോരൻ

ഉച്ചയ്ക്ക് : ഗ്രിൽഡ് ചിക്കൻ, കോളിഫ്ലവർ പുഴുങ്ങി വെണ്ണയിൽ വരട്ടിയത്

രാത്രി : ഗ്രീൻ ടീ, ചുവന്ന ചീര തോരൻ, ഓംലെറ്റ്, മധുരം കുറഞ്ഞ പേരയ്ക്ക  

ഞായർ

രാവിലെ : ഗ്രീൻ ടീ, കോവയ്ക്ക തോരൻ, ചിക്കൻ സ്റ്റൂ

ഉച്ചയ്ക്ക് : ചെമ്മീൻ ഫ്രൈ, ബീൻസ് മെഴുക്കുവരട്ടി, ഉപ്പി ട്ട നാരങ്ങാവെള്ളം.

രാത്രി : ഗ്രീൻ ടീ, മധുരം കുറഞ്ഞ പേരയ്ക്ക/ബട്ടർ ഫ്രൂട്ട്, ചെമ്മീൻ ഫ്രൈ

ഇടനേരങ്ങളിൽ സംഭാരം, ഉപ്പിട്ട നാരങ്ങാവെള്ളം, ബദാം/നിലക്കടല, നെല്ലിക്ക എന്നിവ കഴിക്കാം

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനൂപ്കുമാർ എ.എസ്,  ചീഫ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Spotlight
  • Diet Tips
  • Health Tips