Friday 18 May 2018 03:28 PM IST : By സ്വന്തം ലേഖകൻ

20 വര്‍ഷം കുടുംബം പോറ്റാൻ ഗള്‍ഫില്‍; രോഗബാധിതനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്ക് ’ശല്യം’; ഒടുവിൽ ഭർത്താവിനെ പെരുവഴിയിൽ ഉപേക്ഷിച്ചു

pravasi-pa

ഇരുപതു വർഷം കുടുംബത്തിനായി വിദേശത്ത് പണിയെടുത്തു. ഒടുവിൽ രോഗബാധിതനായപ്പോൾ നാട്ടിൽ തിരിച്ചെത്തി. എന്നാൽ നാട്ടിലെത്തിയ പ്രവാസിക്ക് കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണന. രോഗിയായ ഭർത്താവിനെ ഭാര്യ വീട്ടിൽ നിന്ന് പുറത്താക്കി. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്രനെയാണ്(55) ഭാര്യയും മക്കളും ചേർന്ന് പെരുവഴിയിൽ ഉപേക്ഷിച്ചത്.

ഇപ്പോൾ ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണ് സുധീന്ദ്രൻ. അഞ്ചല്‍ പൊലീസാണ് അനാഥനായ സുധീന്ദ്രനെ ഗാന്ധിഭവനില്‍ എത്തിച്ചത്. ഇരുപതു വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു സുധീന്ദ്രന്‍. ഇക്കാലയളവിൽ ലോണ്‍ എടുക്കാനാണെന്ന വ്യാജേന സുധീന്ദ്രനിൽ നിന്ന് ഭാര്യ വീടിന്റെയും സ്ഥലത്തിന്റെയും മുക്തിയാർ എഴുതി വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് സുധീന്ദ്രൻ അറിയാതെ ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു.

ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടതോടെയാണ് സുധീന്ദ്രൻ നാട്ടിലെത്തിയത്. രോഗിയായ സുധീന്ദ്രനെ ഭാര്യക്കും മക്കള്‍ക്കും വേണ്ടാതായി. അസുഖത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട ഇയാളെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവീടിനു സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് വിവരം അഞ്ചല്‍ പൊലീസില്‍ അറിയിച്ചു.

തുടർന്ന് എസ്ഐ പി.എസ്. രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിത കുമാരിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.  എന്നാൽ വീണ്ടും ഇവർ ഭർത്താവിനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചു. സംഭവത്തെ എതിർത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്നു സുധീന്ദ്രനെ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതോടെ പൊലീസ് സുധീന്ദ്രനെ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.