Wednesday 04 March 2020 04:12 PM IST

‘ശസ്ത്രക്രിയ കഴിഞ്ഞ് അവൾ ആദ്യം ചോദിച്ചത് ഓറഞ്ച് ജ്യൂസ്’; ഹൃദയങ്ങൾ ഇരിക്കുന്നിടം മാറിയാലും ഇഷ്ടങ്ങൾ എന്നും നിലനിൽക്കും!

Tency Jacob

Sub Editor

hearttt112q1

നന്ദി കൊണ്ട് ഹൃദയം നിറഞ്ഞാണ് ദിൽനാസും അമ്മയും ആ വീടിന്റെ പടി കയറിയത്. അപകടത്തിൽപെട്ട പന്ത്രണ്ടു വയസ്സുള്ള മകൻ ആദിത്തിന്റെ മസ്തിഷ്ക മരണം ഉറപ്പിച്ച നിമിഷത്തിൽ തന്നെ ‘അവനിൽ നിന്ന് എടുക്കാവുന്നതെല്ലാം എടുത്തോ’ എന്ന് പറയാൻ തയാറായ അച്ഛനും അമ്മയും പെങ്ങളും അമ്മാമയും താമസിക്കുന്ന വീടാണത്. ഇരിങ്ങാലക്കുട ചേലൂർ കല്ലൂക്കാരൻ പോൾസന്റെയും ഷിൻസിയുടെയും വീട്ടിലേക്ക് സെൻട്രൽ ഏഷ്യയിലെ കസഖിസ്ഥാനിലുള്ള കോക്‌ഷെടൗവിൽ നിന്ന് ദിൽനാസ് ഇസനോവ എന്ന പതിനഞ്ചുകാരി പെൺകുട്ടിയെത്തിയപ്പോൾ അത് ഹൃദയം തിളങ്ങുന്ന കാഴ്ചയായി.

ഒരേ ഹൃദയം, ഒരേ ഇഷ്ടങ്ങൾ

‘മോന് ഓറഞ്ച് ജ്യൂസ് ഇഷ്ടമായിരുന്നോ?’ ദിൽനാസിന്റെ അമ്മ അനാറ ആദിത്തിന്റെ അമ്മ ഷിൻസിയെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് അതായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഉണർവിലേക്കു വരുന്ന ദിൽനാസ് ആദ്യം ആവശ്യപ്പെട്ടത് ‘‘എനിക്കിത്തിരി ഓറഞ്ച് ജ്യൂസ് വേണം.’’ എന്നായിരുന്നു. ആരോഗ്യത്തിന് നല്ലതാണെന്നു പറഞ്ഞ് നിർബന്ധിച്ചാലും ഇഷ്ടമില്ലെന്നു പറഞ്ഞ് കുടിക്കാൻ തയാറാകാത്ത മകൾ ഒാറഞ്ച് ജ്യൂസ് ചോദിക്കുന്നതു കേട്ട് ആ അമ്മ അമ്പരന്നു. ജ്യൂസ് വാങ്ങി നൽകിയെങ്കിലും ആകാംക്ഷയുടെ ഒരു പൊട്ട് അന്നേ ഉള്ളിൽ കിടന്നിരുന്നു.

‘അവന് ഏറ്റവും ഇഷ്ടമുള്ള ജ്യൂസായിരുന്നു അത്. ഞാൻ തിരക്കിലെങ്ങാനുമാണെങ്കിൽ ഓറഞ്ച് പൊളിച്ച് തന്നെ പിഴിഞ്ഞു കുടിക്കുന്ന അത്ര ഇഷ്ടം.’ ഷിൻസി അതു പറഞ്ഞ നിമിഷം അനാറയുടെ ഉള്ളിൽ കടങ്കഥ പോലെ കിടന്നിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി. ഹൃദയങ്ങൾ ഇരിക്കുന്നിടം മാറിയാലും ഇഷ്ടങ്ങൾ എന്നും നിലനിൽക്കും.

0F6A2957-copy

ഹൃദയം തേടിയുള്ള യാത്രകൾ

ദിൽനാസിന് മൂന്നു വയസ്സുള്ളപ്പോഴാണ് ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. ഹൃദയഭിത്തികളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ക്രമേണ ഹൃദയം നിലച്ചു പോകുകയും ചെയ്യും.

അമ്മ അനാറയും അച്ഛൻ തുലെജൻ ഇസനോവും തളർന്നു പോകുകയല്ല, പൊരുതാനാണ് തീരുമാനിച്ചത്. വിദഗ്ധരായ കാർഡിയോളജിസ്റ്റുകളുടെ സഹായം തേടി അവർ ആദ്യം മോസ്കോയിലേക്കു പോയി. അവിടത്തെ ഡോക്ടർമാരാണ് ഹൃദയം മാറ്റി വയ്ക്കുക മാത്രമാണ് പ്രതിവിധി എന്നു പറഞ്ഞത്. അതിനു വേണ്ടി സ്വന്തം രാജ്യത്തു തന്നെ റജിസ്റ്റർ ചെയ്തെങ്കിലും അവയവദാനത്തെക്കുറിച്ചുള്ള അജ്ഞത മൂലം ഹൃദയം കിട്ടാൻ സാധ്യത കുറവായിരുന്നു. അവിടത്തെ ഹെൽത്ത് മിനിസ്റ്റട്രിയാണ് ഇന്ത്യയിൽ അവയവദാനം കൂടുതൽ നടക്കുന്നുണ്ടെന്നു പറയുന്നത്.

‘‘ദിൽനാസിന്റെ ആരോഗ്യസ്ഥിതി നീണ്ട യാത്രയ്ക്ക് തയാറായപ്പോഴേക്കും അവൾക്കു പത്തു വയസ്സായി. ഒരു ഡോക്ടറുടെയൊപ്പം യാത്രയിലുടനീളം ഡ്രിപ്പും മരുന്നുകളുമായാണ് ഞങ്ങൾ ഇന്ത്യയിലേക്കെത്തുന്നത്.’’ ദിൽനാസിന്റെ അമ്മ അ നാറ മകൾക്ക് ഹൃദയം തേടിയുള്ള യാത്രയെക്കുറിച്ചു പറഞ്ഞു തുടങ്ങി.  

‘‘കേരള ഗവൺമെന്റിന്റെ മൃതസഞ്ജീവനി എന്ന പ്രൊജക്ടിലൂടെയാണ് ദിൽനാസിന് കേരളത്തിലുള്ള ആദിത്തിന്റെ ഹൃദയം കിട്ടുന്നത്. ചെന്നൈലുള്ള ഒരു ഹോസ്പിറ്റലിലായിരുന്നു മകളെ അഡ്മിറ്റ് ചെയ്തിരുന്നത്. ആറുമാസത്തോളം യോജിക്കുന്ന ഹൃദയത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

2015 ഓഗസ്റ്റ് പതിനെട്ട്. ‘മകൾക്ക് യോജിച്ച ഹൃദയം കിട്ടിയിട്ടുണ്ട്, ശസ്ത്രക്രിയ പെട്ടെന്നു ചെയ്യണം’ എന്നു ഡോക്ടർമാർ പറഞ്ഞു. ആരുടെ ഹൃദയമാണെന്നൊന്നും അന്നു അറിയില്ലായിരുന്നു.  മകളെ ഓപ്പറേഷനു കയറ്റുമ്പോൾ ആരും കൂടെയില്ല. മകളുടെ ചികിത്സയ്ക്കു വേണ്ടി ഞാൻ ജോലി ഉപേക്ഷിച്ചിരുന്നു. ഭർത്താവ് തുലജെൻ ബിൽഡറാണ്. അദ്ദേഹത്തിന് എന്റെ കൂടെ വരാൻ കഴിഞ്ഞിരുന്നില്ല.

0F6A3230-copy

ഒറ്റപ്പെട്ടിരിക്കുന്ന ആ സമയത്താണ് മകളുടെ ഓപ്പറേഷൻ നടത്തുന്ന സംഘത്തിലെ പ്രധാന ഡോക്ടറുടെ ഭാര്യ എന്നെ തിരഞ്ഞു വരുന്നത്. അവർ എന്റെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു:‘‘ധൈര്യമായിരിക്കൂ. നല്ലതു മാത്രമേ സംഭവിക്കൂ.’’ ആ വാക്കുകളാണ് എന്നെ ശാന്തയാക്കിയത്.

പിന്നീട് വാർത്തകളിലൂടെയാണ് എന്റെ മകളുടെ ഹൃദയത്തിന്റെ യാഥാർഥ ഉടമ കേരളത്തിലെ ഒരു ആൺകുട്ടിയാണെന്ന് അറിയുന്നത്. അന്നു മുതൽ അവന്റെ മാതാപിതാക്കളെ കാണണമെന്നും അവരോട് നന്ദി പറയണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ‘നിനക്ക് രണ്ട് അമ്മമാരുണ്ട്’ എന്നാണ് ഞാൻ മകളോട് പറഞ്ഞു കൊടുത്തിരിക്കുന്നത്.   

നഷ്ടപ്പെട്ടുവെന്ന് കരുതിയ മകളെ തിരിച്ചു കിട്ടിയ ഞങ്ങൾക്ക് ദൈവത്തോട്, ആ കുടുംബത്തോട് എന്തു പറയണമെന്നറിയില്ല. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം. ശസ്ത്രക്രിയ കഴിയുന്നതു വരെ അധികം വളർച്ചയില്ലാത്ത ചെറിയ കുട്ടിയായിരുന്നു അവൾ. ഓടിച്ചാടി കളിക്കാനൊന്നും കഴിഞ്ഞിരുന്നില്ല. സ്കൂളിൽ പോകണമെന്നും പഠിക്കണമെന്നും വല്ലാതെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള ആരോഗ്യമുണ്ടായിരുന്നില്ല.

പത്തു വയസ്സിലാണ് ഹൃദയം മാറ്റി വയ്ക്കുന്നത്. ഇപ്പോൾ അഞ്ചു വർഷമായി. നല്ല മാറ്റമുണ്ട് ദിൽനാസിന്. പെട്ടെന്നു വലിയ കുട്ടിയായതു പോലെ. സ്കൂളിൽ പോയി തുടങ്ങി. നന്നായി പഠിക്കുന്നുണ്ട്. ബാഡ്മിന്റൺ കളിക്കാൻ നല്ല ഇഷ്ടമാണ്. ഇപ്പോഴും ധാരാളം മരുന്നുകൾ ഉണ്ട്. വർഷത്തിൽ രണ്ടു തവണ ചെക്കപ്പിനായി ചെന്നൈലേക്കു വരണം.

0F6A3054

 ദിൽനാസിനെ കാണുമ്പോഴെല്ലാം ഡോക്ടർമാർ അമ്പരക്കും. ‘ഹൃദയം മാറ്റി വയ്ക്കുന്നതിനു മുൻപു വരെ എപ്പോഴും സങ്കടവും കരച്ചിലുമായിരുന്നു. എന്നാൽ ഇപ്പോൾ ഏതു സമയവും ചിരിയാണ് മുഖത്ത്.’ എന്റെ മകളുടെ മുഖത്ത് ചിരി വിരിയിച്ചത് ഇവരുടെ നന്മയല്ലേ.’’ ദിൽനാസിന്റെ അമ്മ അനാറ ആദിത്തിന്റെ അമ്മ ഷിൻസിയെ ചേർത്തു പിടിച്ചു.

ഹൃദയമിടിപ്പു കേട്ട നിമിഷം

‘‘ എന്റെ മകൻ ജീവിച്ചിരിപ്പുണ്ട്. ഞാൻ കേട്ടതല്ലേ ആ ഹൃദയമിടിപ്പ്’ മകന്റെ മരണം മായിച്ചു കളഞ്ഞ ഷിൻസിയുടെ മുഖത്തെ ചിരി വീണ്ടും വിരിഞ്ഞത് ദിൽനാസിനെ കണ്ടപ്പോഴാണ്. അവളെ ചേർത്തു പിടിച്ച് ആ ഹൃദയതാളം സ്െറ്റതസ്കോപ്പ് വച്ചു കേട്ടപ്പോഴാണ്.

2015 ഓഗസ്റ്റ് പതിനഞ്ചിന് ആദിത്തും അച്ഛൻ പോൾസനും കൂടി കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.ബന്ധുവിന്റെ കല്യാണത്തിനു പോയ അമ്മയേയും ചേച്ചിയേയും കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു.‘ഞാൻ ഉറങ്ങാൻ പോവാണ് അപ്പച്ചാ’ എന്നും പറഞ്ഞ് അവൻ സീറ്റിൽ ചുരുണ്ടു കിടന്നുറങ്ങി. ഉറക്കത്തിലായിരുന്നതു കൊണ്ട് അപകടം അവൻ അറിഞ്ഞിട്ടുണ്ടാവില്ല എന്നതു മാത്രമാണ് ആശ്വാസം. സന്തോഷം പെയ്യുന്നതിനിടയിലും ഷിൻസിയുടെ മുഖത്ത് കണ്ണീർത്തിളക്കം നിറഞ്ഞു.

0F6A2894

‘പോൾസൺ ചേട്ടനും നല്ല പരുക്കേറ്റിരുന്നു. മോനെ വിദഗ്ദചികിത്സക്കായി കൊച്ചിയിലെ ആശപത്രിയിലേക്കു മാറ്റിയിരുന്നു. പിറ്റേ ദിവസം ആദിത്തിന് മസ്തിഷ്ക മരണം സംഭവിച്ചു. എന്റെ ചേട്ടന്റെ മകൻ എബിനാണ് അവയവങ്ങൾ ദാനം ചെയ്തു കൂടെ എന്ന് ആദ്യം ചിന്തിക്കുന്നത്.  ഞങ്ങളുടെ പള്ളിയിലെ വികാരിയായിരുന്ന ഡേവിസ് ചെങ്ങിനിയാടച്ചനാണ് എന്നോട് ഇതു വന്നു ചോദിക്കുന്നത്.

‘പോൾസൺ ചേട്ടനോടു ചോദിച്ചോ’എന്നു മാത്രമേ ഞാൻ ചോദിച്ചുള്ളൂ ‘ആള് സമ്മതിച്ചു’ എന്നു പറഞ്ഞപ്പോൾ ‘എങ്കിൽ എനിക്കും സമ്മതം’ എന്നു പറഞ്ഞു.’ ആദിത്ത് മരിക്കുന്നതിന് ആറുമാസം മുൻപ് ഡേവിസ് ചിറമ്മലച്ചന്റെ നേതൃത്വത്തിൽ അവയവദാനത്തിനെ കുറിച്ചുള്ള ഒരു പരിപാടി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ നടന്നു. ഞങ്ങളെല്ലാവരും അന്ന് അവയവദാന സമ്മതപത്രം ഒപ്പിട്ടു കൊടുത്തിരുന്നു.

അതുപോലെ ആദിത്ത് മരിക്കുന്നതിന്റെ തലേദിവസം ഞങ്ങൾ കണ്ടൊരു സിനിമയും ഹൃദയം മാറ്റി വക്കുന്നതുമായി ബന്ധപ്പെട്ടതാണ്. സയാമീസ് ഇരട്ടകൾക്ക് ഒറ്റ ഹൃദയമുള്ളതും അതിലൊരാൾ ഒരു അപകടത്തിൽ മരിക്കുന്നതും ആ ഹൃദയം മറ്റേ ആൾക്ക് മാറ്റി വയ്ക്കുന്നതും. രണ്ടു ദിവസങ്ങൾക്കുള്ളിൽ അതുപോലൊന്നു ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചു. കളികളിൽ നല്ല താൽപര്യമുള്ള കുട്ടിയായിരുന്നു ആദിത്ത്. എല്ലാവർക്കും ഇഷ്ടമാണ് അവനെ. സ്കൂളിൽ ചെല്ലുമ്പോഴറിയാം അത്. ഒരു പരാതി ആർക്കുമുണ്ടായിരുന്നില്ല.

0F6A2869-copy
ആദിത്തിന്റെ അപ്പച്ചൻ പോൾസൺ, അമ്മ ഷിൻസി എന്നിവരോടൊപ്പം ദിൽനാസ്

ഹൃദയം നിറഞ്ഞ നന്ദി

2019 ഓഗസ്റ്റിൽ ദിൽനാസും അമ്മയും കൂടി വന്നിട്ടുണ്ടായിരുന്നു. മൃതസഞ്ജീവനിയിലെ ആളുകൾ വഴി ബന്ധപ്പെട്ടാണ്  അവർ ഇവിടെയെത്തുന്നത്. പിന്നീട് ഞങ്ങളുടെ ക്ഷണപ്രകാരം  ഈ ജനുവരിയിൽ പത്തു ദിവസം ഞങ്ങൾക്കൊപ്പം താമസിക്കാനായി എത്തി. ഇത്തവണ ദിൽനാസിന്റെയൊപ്പം അനിയത്തി തുമരീസുമുണ്ടായിരുന്നു.

‘ആദിത്ത് മരിച്ച ദിവസം ദിൽനാസിന്റെ വീട്ടുകാർ  അവളുടെ രണ്ടാം ജന്മദിനമായിട്ടാണ് ആഘോഷിക്കുന്നത്. എന്നോട് അവർ പറയും‘ നിങ്ങൾ മോൾക്ക് ഇഷ്ടമുള്ള പേരിടണം.’

ആദിത്തിന്റെ സഹോദരി ആര്യ മുംബൈയിൽ എംഎ ഇംഗ്ലിഷ് ലിറ്ററേച്ചറിനു പഠിക്കുകയാണ്. അവൾ വിളിക്കുന്ന കേട്ട് പോൾസൺ ചേട്ടനെ ‘അപ്പച്ചാ’ എന്നു തന്നെയാണ് ദിൽനാസും വിളിക്കുന്നത്. വൈകുന്നേരം ഞങ്ങളെല്ലാവരും പൊരിഞ്ഞ ബാഡ്മിന്റൺ കളിയാണ്. എല്ലാവരും ക്ഷീണിച്ചാലും ദിൽനാസ് ഫുൾ എനർജിയിലായിരിക്കും. ആദിത്തിനും ഭയങ്കര ഇഷ്ടമായിരുന്നു ബാഡ്മിന്റൺ. സ്കൂളിലൊക്കെ അതിന് മുൻപന്തിയിലുണ്ടായിരുന്നു.

മരിക്കുന്നതിന്റെ തലേദിവസം അവനെന്നോട് ഉഴുന്നുവട ചോദിച്ചിരുന്നു. കുറച്ച് വണ്ണമുള്ള കാരണം തടി കൂടേണ്ടെന്നു വച്ച് ഞാൻ വാങ്ങിക്കൊടുത്തില്ല. അവൻ മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ അതായിരുന്നു സങ്കടം. ദിൽനാസിന്റെ അമ്മ എന്നോട് മോന്റെ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. അങ്ങനെയൊരു ദിവസം ഈ കഥ പറഞ്ഞപ്പോൾ അവർക്ക് ഉഴുന്നു വട കഴിക്കണമെന്നായി.

നമ്മളോട് എത്ര നന്ദി പറഞ്ഞിട്ടും അവർക്ക് തീരുന്നില്ല. ഒരു തരി പോലും വേദനിപ്പിക്കാതെയുള്ള പെരുമാറ്റം. ഫെബ്രുവരി പന്ത്രണ്ടിനാണ് അവളുടെ ജന്മദിനം. അന്ന് അവരുടെ നാട്ടിലേക്ക് ചെല്ലണമെന്നാണ് പറഞ്ഞിരിക്കുന്നത്. അവിടെയെന്തെങ്കിലും വിശേഷമുണ്ടായാൽ അപ്പോൾ വിഡിയോ കോൾ വിളിക്കും. ബന്ധുക്കളെയെല്ലാം കാണിച്ചു തരും. അവരെല്ലാം നമ്മളോട് സംസാരിക്കും. അവർക്കു പോലും എത്ര സ്നേഹമാണെന്നോ?.

ആദിത്തിന്റെ കരൾ ലഭിച്ചത് തൊടുപുഴയിലുള്ള തങ്കച്ചൻ എന്നൊരാൾക്കാണ്. അയാൾ എല്ലാ ഞായറാഴ്ചയും വിളിക്കും. പിന്നെയുള്ളവരെ കുറിച്ച് അറിയില്ല. എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്.

സ്െറ്റതസ്കോപ്പ് വച്ച്  ദിൽനാസിന്റെ ഹൃദയമിടിപ്പ് കേട്ട നിമിഷം അത് അവൻ തന്നെയാണെന്നു തോന്നി. നമ്മുടെ ഗർഭപാത്രത്തിൽ കിടന്നു വലുതായ ഒരു ഹൃദയം, അത് കുറച്ചു കാലം മകൻ കൊണ്ടുനടന്നു. പിന്നീടത് വേറൊരു രാജ്യത്ത് വേറെയൊരു പെൺകുട്ടിയുടെയുള്ളിൽ...

ഓരോന്നും നിമിത്തങ്ങളാണ്. എന്റെ മകന്റെ മരണം ഒരു പരിധി വരെ മറക്കാൻ പറ്റുന്നത് ഈ ആറു പേരുടെ ജീവിതത്തിന് അവൻ കാരണമായല്ലോ എന്നോർക്കുമ്പോഴാണ്.

Tags:
  • Spotlight
  • Inspirational Story