Tuesday 12 October 2021 02:43 PM IST : By സ്വന്തം ലേഖകൻ

കനത്ത മഴ തുടരുന്നു; രണ്ടു കുട്ടികളടക്കം മൂന്നുപേർ മരിച്ചു, പുഴകളില്‍ ജലനിരപ്പുയര്‍ന്നു! ജാഗ്രത പാലിക്കാൻ നിർദേശം

kerala-rain-2

സംസ്ഥാനത്ത് കനത്ത മഴയിൽ മൂന്നു പേർ മരിച്ചു. മലപ്പുറം ജില്ലയിൽ രണ്ടു കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്നാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.

പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടിയിലെ റെയില്‍വെ അടിപ്പാത വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്.

ജില്ലാ കലക്ടർ ഹരിത വി.കുമാർ, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ ഐ.ജെ.മധുസൂദനൻ, തഹസിൽദാർ ഇ.എൻ.രാജു എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തി. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫിസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ആലുവ പുഴയിൽ ജലനിരപ്പുയർന്നു

ആലുവാ പുഴയിൽ കിഴക്കുനിന്നുള്ള ഒഴുക്കു ശക്തമായതോടെ ജലനിരപ്പുയർന്നു. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഇതിനകം വെള്ളത്തിനടിയിലായി. ഇതേത്തുടർന്നു പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി. ഈ വർഷം പലതവണ ജലനിരപ്പുയർന്നുവെങ്കിലും ശിവക്ഷേത്രത്തിൽ ആറാട്ടായില്ല. ആലുവാ പുഴയിൽ ശിവക്ഷേത്രം പൂർണമായും മുങ്ങുന്നത് ശിവഭഗവാന്റെ ആറാട്ടായാണ് കണക്കാക്കുന്നത്. ജലനിരപ്പുയർന്നാലും ഇവിടെ പൂജാദി കർമ്മങ്ങൾ മുടങ്ങില്ല. ശിവക്ഷേത്രത്തിലേക്കു വെള്ളം കയറിയെങ്കിലും പെരിയാറിന്റെ മറ്റ് പ്രദേശങ്ങളിൽ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല. ഒഴുക്ക് ശക്തമായതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അച്ചൻകോവിൽ ആറ് കര കവിഞ്ഞു

പത്തനംതിട്ടയിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ അച്ചൻകോവിൽ ആറ് കരകവിഞ്ഞു. പത്തനംതിട്ട നഗരത്തിനു സമീപ പ്രദേശങ്ങളായ താഴൂർക്കടവ്, വെട്ടൂർ, കുമ്പഴ, ഓമല്ലൂർ റോഡുകളിൽ വെള്ളം കയറി. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല. ലോറിയും ബസും ഒഴികെയുള്ള വാഹനങ്ങൾ ഓട്ടം നിർത്തി. ഇവിടെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.

കോഴിക്കോട് മണ്ണിടിച്ചിൽ

കോഴിക്കോട് കനത്ത മഴയെ തുടർന്ന് മാവൂർ - ചാത്തമംഗലം പെരുവയൽ ഗ്രാമ പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ. ഹെക്ടർ കണക്കിന് കൃഷി വെള്ളത്തിനടിയിലായി. വാഴ, നെല്ല് കൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയങ്കോട് ചിറ്റാരിപ്പിലാക്കൽ റോഡിൽ അടിപറമ്പ റോഡിന്റെ ഇരുവശവും ഇടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്. സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകർന്നു.

മാവൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. മാവൂർ മേച്ചേരി കുന്നിൽ വീടിന് സമീപത്തേക്ക് 20 മീറ്റർ വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. മാവൂർ - കോഴിക്കോട് പ്രധാന റോഡിൽ ഗതാഗതക്കുരുക്കുണ്ട്. പ്രധാന റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്

അട്ടപ്പാടി ചുരം റോഡിൽ മരം വീണു

കനത്ത മഴയിൽ പാലക്കാട് അട്ടപ്പാടി ചുരം റോഡിൽ മൂന്നിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തിയത് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. മണ്ണാർക്കാട്, അഗളി മേഖലയിൽ കഴിഞ്ഞ രാത്രിക്ക് സമാനമായി കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയിൽ പത്തിലധികം വീടുകളിൽ വെള്ളം കയറി.

കഞ്ചിക്കോട്, നെന്മാറ മേഖലയിൽ ഏക്കർക്കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളംകയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലത്ത് ഒരു വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു. കൊല്ലം തെന്‍മല നാഗമലയില്‍ തോട്ടില്‍ വീണ് നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാന്‍ കഴിയാതായതാണ് അപകടത്തിന് കാരണമായത്.

അടൂരില്‍ ഇന്നലെ രാത്രി ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി.ടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.

for latest updates...

Tags:
  • Spotlight