Wednesday 05 August 2020 11:00 AM IST : By സ്വന്തം ലേഖകൻ

ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 60 കിമീ വേഗതയുള്ള കാറ്റും! കോവിഡ് കാലമാണ്, ജാഗ്രത പാലിക്കാൻ നിർദേശം

rain667668ugubjb

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ശനിയാഴ്ച തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും നിലവിലുണ്ട്.  കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.  

മെറ്റ്ബീറ്റ്‌ വെതർ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

കേരളത്തിലെ പുഴയോരം, മലയോരം എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കുക. വെള്ളം പൊങ്ങുന്നത് കാണാൻ പോവുക, വാഹനങ്ങൾ ശക്തമായ ഒഴുക്ക് വെള്ളത്തിലൂടെ ഓടിക്കുക, മീൻ പിടുത്തം, അരുവികളിലും തോട്ടിലും വെള്ളക്കെട്ടിലുമുള്ള മുങ്ങിക്കുളി, തുടങ്ങിയ വിനോദങ്ങൾ ഒഴിവാക്കുക. 

അനാവശ്യ സഞ്ചാരങ്ങൾ പൂർണമായി ഒഴിവാക്കുക, രാത്രികാലത്ത് മലയോരത്ത് യാത്ര ഒഴിവാക്കുക. പൊട്ടിവീഴുന്ന ഇലക്ട്രിക് കമ്പികൾ, മരങ്ങൾ, ബോർഡുകൾ സൂക്ഷിക്കുക. ശക്തമായ കാറ്റിനും മഴക്കും സാധ്യത തുടരുന്നു. മരങ്ങൾ കടപുഴകാം. കോവിഡ് കാലത്ത് അപകടം, രക്ഷാപ്രവർത്തനം, ചികിത്സ എന്നിവ ബുദ്ധിമുട്ട് ഏറിയതാണ്.

. സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുക. 

. മാറി താമസിക്കാൻ നിർദ്ദേശം ലഭിച്ചാൽ ഒട്ടും അമാന്തിക്കരുത്

. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുത്. 

. നാടിന്റെയും നിങ്ങളുടെയും സുരക്ഷക്കായി സഹകരിക്കുക, സുരക്ഷിതരായിരിക്കുക.

Tags:
  • Spotlight