Monday 27 January 2020 12:41 PM IST : By സ്വന്തം ലേഖകൻ

ഹെയ്ദിയെ സുന്ദരിപ്പെണ്ണാക്കിയത് രഞ്ജു രഞ്ജിമാർ; ഹൃദയം തൊട്ടനുഗ്രഹിച്ച് ശീതൾ ശ്യാം; ആഘോഷനിറവിൽ കല്യാണം

heidi-wedding

കേരളക്കരയൊന്നാകെ ഹൃദയം തൊട്ടനുഗ്രഹിച്ചു. കതിർമണ്ഡപത്തിൽ അഥർവിന്റെ കൈപിടിച്ച് ഹെയ്ദി സാദിയ. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ മാധ്യമ പ്രവർത്തക എന്ന ഖ്യാതിയുള്ള ഹെയ്ദിയും ട്രാൻസ്മാനായ അഥർവിന്റേയും വിവാഹം കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ചാണ് നടന്നത്. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു വിവാഹം. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് വിവാഹം നടത്തിയത്. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് വിവാഹം നടന്നത്.

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്ദി തിരുവനന്തപുരത്ത് സ്വകാര്യ വാർത്താ ചാനലിൽ അവതാരകയാണ്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആണ് അഥർവ്.

രഞ്ജു രഞ്ജിമാർ തന്നെയാണ് ഹെയ്ദിയെ സുന്ദരിയാക്കി വിവാഹ പന്തലിൽ എത്തിച്ചതും. രഞ്ജുവിന്റെ മേക്കപ്പിനൊപ്പം അനുയോജ്യമായ ആഭരണങ്ങളും കൂടി ചേർന്നതോടെ അതിസുന്ദരിയായ നവവധുവായി ഹെയ്ദി സാദിയ മാറി. വിവാഹത്തിനൊരുങ്ങി നിൽക്കുന്ന ഹെയ്ദി സാദിയയുടെ ചിത്രങ്ങൾ രഞ്ജു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഗോൾഡൻ കുർത്തയും കസവു മുണ്ടും ധരിച്ചാണ് അഥർവ് വിവാഹത്തിനെത്തിയത്.

സാദിയയേയും അഥർവിനേയും അനുഗ്രഹിക്കുന്ന ചിത്രവും രഞ്ജു പങ്കുവച്ചിട്ടുണ്ട്. ‘‘ആശംസകളേക്കാൾ നന്മകൾ ഉണ്ടാകട്ടെ, വ്യക്തി ബന്ധങ്ങൾക്ക് മൂല്യം നൽകി ജീവിക്കാൻ കഴിയട്ടെ, ദീർഘ സുമംഗലീ ഭവ:’’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് ട്രാൻസ് ദമ്പതിമാരായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ്.