Thursday 11 October 2018 03:32 PM IST : By സ്വന്തം ലേഖകൻ

‘തലയോട്ടി പൊട്ടിപ്പൊളിഞ്ഞവർ, താടിയെല്ല് തകർന്നവർ; മോർച്ചറി ജീവിതത്തിൽ കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ച; കുറിപ്പ്

helmet-danger

നിരത്തുകളിൽ നമ്മുടെ സുരക്ഷാകവചമാണ് ഹെൽമെറ്റും സീറ്റ്ബെൽറ്റുമൊക്കെ. പക്ഷേ പലർക്കും ഇത്തരം സംഗതികൾ പൊലീസിന്റേയും വെഹിക്കിൾ ഉദ്യോഗസ്ഥരുടേയുമൊക്കെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനുള്ള ഉപായങ്ങളാണ്. ‘പൊലീസിന്റെ നൂറു രൂപാ പെറ്റിയിൽ നിന്നും രക്ഷപ്പെടാൻ ഹെൽമറ്റ് നിർബന്ധാ...’ അതാണ് ലൈൻ.

തൊട്ടടുത്ത ജംഗ്ഷൻ വരെ, അതുമല്ലെങ്കിൽ അടുത്ത ഗേറ്റ് വരെയെന്നൊക്കെ പറഞ്ഞ് ബൈക്കുമെടുത്ത് ചീറിപ്പാഞ്ഞ് പോകുമ്പോൾ പലരും മനസിലാക്കുന്നില്ല പതിയിരിക്കുന്ന വലിയ അപകടം. ഹെൽമെറ്റ് വയ്ക്കാൻ തന്നെ മടിയാണ് ഇനി അഥവാ ഉപയോഗിച്ചാൽ തന്നെ ചിൻസ്ട്രാപ്പ് ഇടാതെയോ ഒക്കെയാകും സവാരി. മറ്റു ചിലരുെട കാര്യവും ബഹുകേമമാണ്. കംപ്ലീറ്റ് ഫെയ്സ് പ്രൊട്ടക്റ്റീവ് അല്ലാത്ത ഹെൽമറ്റ് ധരിച്ചാകും യാത്ര.

സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ നമ്മൾ വച്ചു പുലർത്തുന്ന ഇത്തരം വീഴ്ചകൾ അകാലമരണത്തിലേക്കോ അതുമല്ലെങ്കിൽ ആയുഷ്ക്കാല വേദനകളിലേക്കോ നമ്മെ നയിക്കുമെന്ന് പറയുകയാണ് ഡോക്ടർ വീണാ വീണ ജെ എസ്. ഹെൽമെറ്റ് ഉപയോഗിക്കാത്തതിന്റെ പേരിൽ തലയോട്ടി പൊട്ടിപ്പൊളിഞ്ഞതും, താടിയെല്ല് തകർന്നതുമായ ഒരു പിടിസംഭവങ്ങളുടെ നേർസാക്ഷ്യത്തില്‍ നിന്നുമാണ് ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

helmet-4

കുറിപ്പ് വായിക്കാം;

മോർച്ചറി ജീവിതത്തിനിടയിൽ കണ്ട മറ്റൊരു കാര്യവും കൂടെ.  

ദേ ഇത്രയേ ഉള്ളൂ എന്നും പറഞ്ഞ് തൊട്ടടുത്ത കടയിലേക്കോ മറ്റാവശ്യങ്ങൾക്കോ ഹെൽമെറ്റ്‌ വെക്കാതെ ബൈക്കോടിച്ചുപോയ എത്രയോ പേരെയാണ് തലയോട്ടി പൊട്ടിപ്പൊളിഞ്ഞും മസ്തിഷ്കരക്തസ്രാവം വന്നും കൊല്ലപ്പെട്ടപ്പോൾ പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി മോർച്ചറിയിലേക്ക് കൊണ്ട് വന്നിട്ടുള്ളത്. പലരും ഇരുപത് വയസ്സുകളിൽ ഉള്ളവർ. ഹോസ്റ്റൽ കോളേജിന്റെ അടുത്തായതുകൊണ്ട് സ്റ്റുഡന്റസ് പലപ്പോഴും ഹെൽമെറ്റ്‌ ധരിക്കാതെയാണ് ബൈക്കിൽ യാത്ര ചെയ്യാറ്. "ദേ ഗേറ്റ് വരേയുള്ളൂ" എന്നാണ് പലപ്പോഴും കേട്ടിട്ടുള്ളത്. കേൾക്കുമ്പോൾ ശെരിക്കും പേടിപ്പിക്കുന്ന ഒന്നാണിത് :(

അതിവേഗതയിൽ വാഹനങ്ങൾ ഓടിച്ചുപോയി കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ കാണുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എത്ര വേദന സഹിച്ചാണ് അവർ മരിച്ചതെന്നോർത്തു കരഞ്ഞു പോയിട്ടുണ്ട്. അതിവേഗത കൊണ്ടും മറ്റും പരിക്ക് പറ്റി ആജീവനാന്തം അതിന്റെ ഭാരം പേറി ജീവിക്കുന്നവരുടെ അനുഭവങ്ങൾ അവരുടെ സമ്മതത്തോടെ വീഡിയോ ആക്കി മോട്ടോർ വാഹനവകുപ്പിന് പൊതുജനതാല്പര്യാർത്ഥം പ്രസിദ്ധീകരിച്ചുകൂടെ?? ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗ്നു മുന്നേ MVD ലേണേഴ്‌സിനു നടത്തുന്ന ക്ലാസ്സുകളിൽ ഇത് കാണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യാവുന്നതാണ്.

ചിലർ ദേ ഇത്രയേ ഉളളൂ എന്നും പറഞ്ഞ് chin സ്ട്രാപ്പ് ഇടാതെ പോകും. അത് കൂടുതൽ അപകടകരമാണ്. കാറ്റിൽ Chin സ്ട്രാപ്പിന്റെ അറ്റങ്ങൾ ശക്തിയോടെ കണ്ണിൽ വന്നു കൊള്ളാം. ചിലപ്പോൾ ഹെൽമെറ്റ്‌ താഴേക്കു വീഴാം. അത്തരത്തിൽ ഒരനുഭവം നേരിട്ട് കണ്ടിട്ടുണ്ട്. ഹെൽമെറ്റ്‌ താഴെ വീണുരുണ്ടുപോയി ഒരു സൈക്കിൾ യാത്രക്കാരനെ തട്ടി. അയാൾ താഴെ വീണു. പിന്നാലെ വന്ന KSRTC ബസ് sudden ബ്രേക്കിട്ട് നിർത്തേണ്ടി വന്നു. ഭാഗ്യത്തിന് "മാത്രം" ആളപായം ഉണ്ടായില്ല. ആ ഹെൽമെറ്റ്‌ തന്നെ വാരിയെടുത്തുകൊണ്ട് അയാൾ തലയിൽ വെച്ചോണ്ടുപോയി. ഒരു തവണ താഴെ വീണ ഹെൽമെറ്റ്‌ പിന്നീട് ഉപയോഗശൂന്യമാണ് പലപ്പോഴും. ഇത് മനസിലാക്കണം.

helmet-2

വാഹനാപകടങ്ങളിൽ പലതിലും മദ്യവും ഒരു വലിയ കാരണമായി വരുന്നു. മദ്യപിച്ച ശേഷം ഹെൽമെറ്റ് ബാറിൽ മറന്നു വെച്ച് ബൈക്ക് അതിവേഗതയിൽ ഓടിച്ചുപോയി "തലയുടെ ക്ഷതം കൊണ്ട് മാത്രം" കൊല്ലപ്പെട്ട ഒരു സുഹൃത്തിനെ ദേഷ്യത്തോടെയും വിഷമത്തോടെയും മാത്രമേ അവന്റെ വീട്ടുകാരും സുഹൃത്തുക്കളും ഇന്നും ഓർക്കുന്നുള്ളൂ :(
മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക. വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ അവകാശികൾക്ക്‌ മരണാനന്തരമായി ലഭിക്കുന്ന ആനുകൂല്യം പോലും മദ്യമാണ് കാരണമാണെങ്കിൽ ലഭിക്കില്ല.

Royal Enfield കമ്പനിയോട് പറയാൻ ഉള്ളത് complete face protective ഹെൽമെറ്റ്‌ മാത്രം കൊടുക്കുക എന്നതാണ്. complete face ആയാൽ ലുക്ക്‌ ഉണ്ടാവില്ല എന്നാണ് അതിനു വേണ്ടി ആവശ്യപ്പെട്ടപ്പോൾ concept bikes പറഞ്ഞത് !! ശക്തിയായി താടിയിടിച്ചു വീഴുന്ന ഒരുപാട് കേസുകളിൽ തലയോട്ടിയുടെ base പൊട്ടിപ്പൊളിഞ്ഞു കണ്ടിട്ടുണ്ട്.ഹെൽമെറ്റിട്ടിട്ടു വലിയ കാര്യമൊന്നും ഇല്ലാ എന്ന് പറയുന്നവർ മണ്ടന്മാരാണെന്നു അംഗീകരിക്കുക.

തലയ്ക്കു ഫിറ്റ്‌ ആവുന്ന രീതിയിൽ ഉള്ള ഹെൽമെറ്റ്‌ തന്നെ വെക്കുക . കമ്മൽ കുടുങ്ങി വേദനിക്കും എന്നൊക്കെ പറഞ്ഞ് ഒരു കാരണവശാലും ലൂസ് ആയ ഹെൽമെറ്റ്‌ വെക്കരുത്. ദയവുചെയ്ത് ബൈക്കിൽ ഒരു വശത്തേക്ക് കാലുകൾ വെച്ചിരിക്കരുത്.
കുട്ടികളെ കഴിവതും ഇരുചക്രവാഹനങ്ങളിൽ കയറ്റരുത്. (കൈക്കുഞ്ഞുങ്ങളെ പ്രത്യേകിച്ചും). മുതിർന്ന കുട്ടികൾക്ക് ഹെൽമെറ്റുകൾ ലഭ്യമാണ്.

ബൈക്കിന്റെ പുറകിൽ ഇരുന്നവർ ഹെൽമെറ്റ്‌ ധരിച്ചിരുന്നെങ്കിൽ കുട ഉപയോഗിച്ചപ്പോൾ ഉണ്ടായ മരണത്തിൽ നിന്നും കുറച്ചു പേരെങ്കിലും രക്ഷപ്പെട്ടേനെ എന്നത് സത്യമാണ്.

Dr.വീണ ജെ എസ്

helmet-3