Thursday 21 November 2019 09:51 AM IST : By സ്വന്തം ലേഖകൻ

ഹെൽമറ്റ് ഉപയോഗിക്കാത്തവരെ നേരിടേണ്ടത് കായികമായല്ല; ഓടിച്ചിട്ട് പിടികൂടരുത്! മുന്നറിയിപ്പുമായി ഹൈക്കോടതി

helmet-2

ഹെൽമറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈകാണിച്ച് നിർത്താതെ പോയ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ട സംഭവത്തിൽ മുഫ്‍ലിത്ത എന്ന പതിനെട്ടുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കോടതിയുടെ നിർദേശം. ഇദ്ദേഹത്തോട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 

ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണം. റോഡിന് മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി‌ പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹെൽമറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടത്. ട്രാഫിക് സിഗ്നലുകൾ കാലോചിതമായി പരിഷ്കരിക്കണം. ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് 2012ൽ ‍ഡിജിപി പുറത്തിറക്കിയ സർക്കുലർ പാലിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിയമലംഘനം തടയുമെന്നായിരുന്നു സര്‍ക്കുലര്‍.

ബൈക്കിൽ പിന്നിലിരുന്നു യാത്ര ചെയ്യുന്ന നാലു വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര സർക്കാർ നേരത്തെ തന്നെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനം ഇതു നടപ്പാക്കിയിരുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഉടൻ സർക്കുലർ ഇറക്കുമെന്നും ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 

ബോധവല്‍ക്കരണവുമായി ഗതാഗതവകുപ്പ്

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന്റ ഭാഗമായി ഗതാഗതവകുപ്പ് ബോധവല്‍ക്കരണം തുടങ്ങി. എന്നാല്‍ ഡിസംബര്‍ ആദ്യ വാരം മുതല്‍ പിഴയൊടുക്കിയാല്‍ മതിയെന്നാണു തീരുമാനം. നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള വി‍ജ്ഞാപനം ഉടനിറങ്ങും.

ഹൈക്കോടതി ഉത്തരവു വന്നതോടെ പൊലീസും മോട്ടോര്‍വാഹനവകുപ്പും ഹെല്‍മറ്റ് പരിശോധനയും കര്‍ശനമാക്കി. ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്കു തല്‍ക്കാലം താക്കീതു നല്‍കി വിട്ടയയ്ക്കുകയാണ്. നിയമം നടപ്പാക്കുന്നതിനോടു യാത്രക്കാര്‍ക്കും എതിര്‍പ്പില്ല. എങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികള്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് എളുപ്പമല്ലെന്നാണ് ഗതാഗതവകുപ്പിന്റേയും വിലയിരുത്തല്‍. എന്തായാലും ബോധവല്‍ക്കരണവും ഹെല്‍മറ്റ് വാങ്ങാന്‍ സമയവും അനുവദിച്ചശേഷം പിഴ ഈടാക്കിത്തുടങ്ങിയാല്‍ മതിയെന്നാണ് തീരുമാനം. അതുവരെ സമൂഹമാധ്യമങ്ങളിലടക്കം പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റ ആവശ്യകത പ്രചരിപ്പിക്കും.

more... 

Tags:
  • Spotlight