Friday 15 March 2019 11:13 AM IST : By സ്വന്തം ലേഖകൻ

ചൂടുകാലമാണ്, മഞ്ഞപ്പിത്തത്തിനെ കരുതിയിരിക്കുക; ശ്രദ്ധിക്കണം ശരീരത്തിലെ ഈ മാറ്റങ്ങൾ; കുറിപ്പ്

jaundice

ചൂടുകാലമായതോടെ മഞ്ഞപ്പിത്തം പടർന്നു പിടിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. ആശുപത്രികളിൽ മഞ്ഞപ്പിത്തം ബാധിച്ചെത്തിയ നൂറുകണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുൻകരുതലുകളും രോഗസാധ്യതകളും വിശദമാക്കി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് ഡോ. ഷിനു ശ്യാമളൻ. വൃത്തിഹീനമായ സാഹചര്യങ്ങളും മാലിന്യം ഒളിഞ്ഞു കിടക്കുന്ന വെള്ളവും മഞ്ഞപ്പിത്തത്തിലേക്ക് അതിവേഗം നയിക്കുമെന്ന് ഡോക്ടർ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അങ്ങിങ്ങായി മഞ്ഞപ്പിത്തം ഉള്ളതായി കേൾക്കുന്നുണ്ട്. ഇവയിൽ ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം ചിലയിടങ്ങളിൽ കണ്ടുവരുന്നു.

വേനൽക്കാലമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഹോട്ടലുകളിലും മറ്റും കിട്ടുന്ന തിളപ്പിച്ച വെള്ളം കുടിക്കരുത്( അവർ അതിൽ തിളപ്പിക്കാത്ത വെള്ളം ചേർക്കാറുണ്ട്). ബോട്ടിലിലെ വെള്ളം മാത്രം കുടികുക.

ദാഹം മാറാൻ നാരങ്ങാ വെള്ളവും ജ്യുസും കുടിക്കുമ്പോൾ അതിലെ വെള്ളവും കടകളിൽ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഉറപ്പ് വരുത്തണം.

തിളപ്പിച്ച വെള്ളവും നല്ലതുപോലെ വേവിച്ച ഭക്ഷണവും മാത്രം കഴിക്കുക.

ഹെപ്പറ്റൈറ്റിസ് എ, ഈ എന്നിവ ഈ രോഗമുള്ള രോഗിയുടെ മലമൂത്രവിസർജ്ജം മൂലം മലിനമായ ഭക്ഷണമോ, വെള്ളമോ ഉപയോഗിക്കുന്നത് മൂലം പകരാം. വെള്ളത്തിലോ ഭക്ഷണത്തിലോ ചെറിയ തോതിൽ അണുക്കളുണ്ടായൽ മതി. നന്നായി വേവിച്ചതോ, തിളപ്പിച്ചതോ ആയോ ഭക്ഷണ പാനീയങ്ങളിൽ നിന്ന് പകരില്ല.

പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക.കൈകൾ സോപ്പ് ഉപയോഗിച്ചു 10-20 സെക്കന്റ് വരെയെങ്കിലും കഴുകുക.

കുത്തിവെപ്പ് ലഭ്യമാണ്. ഒരു തവണ രോഗം വന്നാൽ ഈ രോഗത്തിന് എതിരെ ആജീവനാന്ത പ്രതിരോധശേഷി ലഭിക്കാറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി പോലെ അത്ര അപകടകാരിയല്ലെങ്കിലും ഹെപ്പറ്റൈറ്റിസ് എ ചിലരിൽ ഫൽമിനന്റ് ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കി രോഗിയുടെ ലിവർ തകരാറിലാകാം.

പനിയുടെ ലക്ഷണങ്ങളും മഞ്ഞപ്പിത്തവും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. പനി, മൂത്രത്തിന് മഞ്ഞ നിറം,തൊലിയിലോ കണ്ണുകളിലോ മഞ്ഞനിറം, വയറു വേദന , വയറിളക്കം, വിശപ്പില്ലായ്മ, തുടങ്ങിവയുണ്ടെങ്കിൽ ശ്രദ്ധിക്കുക.പുറമെ നിന്ന് ഭക്ഷണമോ വെള്ളമോ കഴിക്കുന്നവരാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക. ഹെപ്പറ്റൈറ്റിസ് എ ആകാം.ഉടനെ തന്നെ ആശുപത്രിയിൽ പോകുക.

14-28 ദിവസം വരെയാണ് ഹെപ്പറ്റൈറ്റിസ് എ യുടെ ഇൻക്യൂബഷൻ പീരിയഡ്. അതായത് രോഗാണുക്കൾ ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അത് 14-28 ദിവസത്തിനുളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

ഓർക്കുക. വീട്ടിൽ നിന്നും കഴിവതും ഭക്ഷണവും വെള്ളവും കുടിക്കുക. പുറമെ നിന്ന് കഴിച്ചാൽ തിളപ്പിച്ചത് മാത്രം ഉപയോഗിക്കുക.

ഡോ. ഷിനു ശ്യാമളൻ