Thursday 09 July 2020 04:17 PM IST : By സ്വന്തം ലേഖകൻ

കോവിഡ് സുഖപ്പെടുത്താൻ ‘ഹെർബൽ മൈസൂർ പാക്ക്’; പരസ്യം നൽകിയ പലഹാരക്കട പൂട്ടിച്ച് അധികൃതർ

herbalmysorepak

കോവിഡ് സുഖപ്പെടുത്തുമെന്നു പരസ്യപ്പെടുത്തി ‘ഹെർബൽ മൈസൂർ പാക്ക്’ വിറ്റ പലഹാര കട അധികൃതർ പൂട്ടിച്ചു. കോയമ്പത്തൂർ തൊട്ടിപ്പാളയത്തെ ശ്രീറാമിന്റെ കടയാണ് തെറ്റായ പരസ്യം നൽകിയതിനെ തുടർന്ന് സീൽ ചെയ്തത്. ഔഷധ ഗുണമുള്ള മൈസൂർപാക്ക് മൂന്നു ദിവസം കഴിച്ചാൽ കോവിഡ് ഭേദമാകുമെന്ന വ്യാജ സന്ദേശം നോട്ടീസിലൂടെ കടയുടമ പരസ്യപ്പെടുത്തിയിരുന്നു.

വിഷയം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, സിദ്ധ മെഡിസിൻ വകുപ്പ് അധികൃതർ ചേർന്ന് ഇന്നലെ കടയിൽ പരിശോധന നടത്തി. അംഗീകാരമില്ലാതെ ചില ഔഷധ ചേരുവകൾ മൈസൂർ പാക്കിൽ ചേർത്തിരിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുത്ത അധികൃതർ കടയുടെ ലൈസൻസ് റദ്ദാക്കി. ശ്രീറാമിനെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസർ തമിഴ് ശെൽവൻ അറിയിച്ചു.

Tags:
  • Spotlight