Monday 24 June 2019 06:50 PM IST : By സ്വന്തം ലേഖകൻ

‘ചെമ്പരത്തി പഴയ ചെമ്പരത്തിയല്ല’! കിലോയ്ക്ക് 300 മുതൽ 1000 രൂപ വരെ: ഗുണങ്ങൾ അറിയാം

hibiscus-new

നാട്ടുമ്പുറങ്ങളിലൊക്കെ, വീട്ടു മുറ്റത്തു നിന്നു വേലിയിലേക്കു ചാഞ്ഞ് ഇടവഴികളിൽ ചിരിതൂകിയിരുന്ന, പൂത്തുലഞ്ഞ ചെമ്പരത്തി കാൽപനികതയുടെ സുന്ദര രൂപമായിരുന്നു. ചെവിയില്‍ ചെമ്പരത്തിപ്പൂ വച്ച, ഉൻമാദത്തിന്റെ ബിംബങ്ങളായ മനുഷ്യരെയും ഓർക്കാം. പക്ഷേ, സിനിമാ സ്റ്റൈലിൽ പറഞ്ഞാൽ ‘ചെമ്പരത്തി പഴയ ചെമ്പരത്തിയല്ല’.

കേരളത്തിൽ എവിടെയും എപ്പോഴും സുലഭമായി ലഭിച്ചിരുന്ന ചെമ്പരത്തി, തലമുടിയിൽ പുരട്ടാനുള്ള താളിക്കായി മാത്രമാണ് സാധാരണ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോള്‍ ചെമ്പരത്തിയുടെ വിപണിസാധ്യത ഞെട്ടിക്കുന്നതാണ്. ആഗോള മാർക്കറ്റിൽ ചെമ്പരത്തിപ്പൂവിന് കിലോ 350 രൂപയാണിപ്പോൾ. ചെമ്പരത്തിപ്പൂവിന്റെ ഔഷധ ഗുണങ്ങളറിഞ്ഞാൽ വീണ്ടും അമ്പരക്കും.

ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് 350 രൂപയും ഉണക്കിയ പൂവ് പൊടിച്ചെടുത്തതിന് 1000 രൂപയുമാണ് വില. ഇതിലെ ആന്തോസയാനിന്‍ എന്ന വര്‍ണകത്തിന്റെ സാന്നിധ്യമാണ് വിദേശവിപണിയിൽ ചെമ്പരത്തിപ്പൂവിനെ താരമാക്കുന്നത്. ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ കൂടുതല്‍.

ചെമ്പരത്തിപ്പൂവിന്റെ ഗുണങ്ങൾ –

1.ആയുർവേദ മരുന്നു നിർമാണത്തിനൊപ്പം ഷാംപൂ, സോപ്പ് എന്നിവയുടെ നിർമാണത്തിനും ചെമ്പരത്തി ഉപയോഗിക്കുന്നു.

2.പ്രമേഹം, ത്വക്കിലെ കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ ഘടകങ്ങള്‍ക്ക് കഴിയും.

3.ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, ഇരുമ്പ്, വൈറ്റമിന്‍- സി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.

4.ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലതായതിനാൽ ചെമ്പരത്തിപ്പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റുന്നതിനൊപ്പം കൊളസ്ട്രോളിനെയും കുറയ്ക്കും. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്.

5.വെളള ചെമ്പരത്തി കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കും.

6.ചെമ്പരത്തി പൂവ് ചര്‍മത്തില്‍ അരച്ചു തേക്കുന്നത് അകാല വാര്‍ദ്ധക്യത്തെ പരിഹരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് സഹായകരമാണ്. ചെമ്പരത്തിപ്പൂ മുഖത്തു തേച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയുന്നത് ചര്‍മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുന്നു. മുഖത്തെ കറുത്ത പാടുകൾ മാറാനും ചെമ്പരത്തി പൂവ് ഉപയോഗിക്കാം. ചര്‍മത്തിലെ ചുളിവുകള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും ചെമ്പരത്തി ഉപയോഗിക്കുന്നു.

7.ചെമ്പരത്തിയിലെ വിറ്റാമിന്‍ സി ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്നു.

8.ചെമ്പരത്തി പ്രകൃതിദത്ത ഷാമ്പൂ ആയി ഉപയോഗിക്കാവുന്നതാണ്. താരൻ അകറ്റാനും ചെമ്പരത്തി ഗുണം ചെയ്യും.

9.ചെമ്പരത്തി ചായ ഒരു ലോക പാനീയമാണ്. ഈ ചായയിൽ ജീവകം സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്ക രോഗമുള്ളവരിൽ മൂത്രോൽപാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്.

10.മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി ഹാവായ് ദ്വീപ് ഉൾപ്പെടെ പല രാജ്യങ്ങളിലും അതിഥികളെ സ്വീകരിക്കാനും മാലയുണ്ടാക്കാനും ഉപയോഗിക്കുന്നു