Tuesday 19 March 2019 12:10 PM IST : By സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്ക്; വില 8 കോടി 50 ലക്ഷം രൂപ!

sumukh12

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്ക് വച്ചു. എട്ടുകോടി അൻപതു ലക്ഷത്തോളം രൂപയാണ് ഷുമുഖ് എന്ന പെർഫ്യൂമിന്റെ വില. മൂന്നു വർഷത്തെ പ്രയത്നത്തിനൊടുവിലാണ് പെർഫ്യൂം മാർക്കറ്റിൽ എത്തിച്ചത്. 494 പരീക്ഷണങ്ങളാണ് ഈ അമൂല്യ സുഗന്ധക്കൂട്ട് തയാറാക്കാനായി നടത്തിയത്. യുഎഇയിലെ പ്രശസ്ത പെർഫ്യൂം ബ്രാൻഡായ നബീലാണ് ഷുമുഖ് ഇറക്കിയിരിക്കുന്നത്. 

ഒരു മീറ്റർ 97 സെന്റിമീറ്റർ നീളമുള്ള പെർഫ്യൂം ബോട്ടിൽ അലങ്കരിച്ചിരിക്കുന്നത്  3571 രത്നങ്ങൾ, 2,479 ഗ്രം 18 കാരറ്റ് സ്വർണം, അഞ്ചു കിലോ വെള്ളി എന്നിവ കൊണ്ടാണ്. പന്ത്രണ്ടു മണിക്കൂർ ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനിൽക്കുമെന്ന് നബീൽ പെർഫ്യൂംസ് ചെയർമാൻ അഷ്ഗർ ആദം അലി പറയുന്നു.

ദുബായ് മോളിലെ പാർക്ക് അവന്യൂവിൽ ഈ മാസം മുപ്പതുവരെ ഷുമുഖ് പ്രദർശനത്തിനുണ്ടാകും. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് വിവിധ ഡിസൈനുകളിൽ പെർഫ്യൂം നിർമിച്ചുനൽകും. ഒരു ഇന്ത്യൻ വ്യവസായിയാണ് പെർഫ്യൂമിന് ആദ്യ ഓർഡർ നൽകിയതെന്നാണ് രസകരമായ മറ്റൊരു വിവരം.