Friday 27 July 2018 05:28 PM IST

ഹനാനെ അധിക്ഷേപിച്ചവർക്കും അശ്ലീലം പറഞ്ഞവർക്കുമെതിരെ നിയമപ്പൂട്ട്! ഹൈടെക് സെൽ അന്വേഷണം തുടങ്ങി

Priyadharsini Priya

Senior Content Editor, Vanitha Online

hanan-cyber

മത്സ്യ കച്ചവടത്തിന്റെ പേരിൽ കോളജ് വിദ്യാർത്ഥിനി ഹനാനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ആദർശ് എന്ന യുവാവിന്റെ പരാതിയിലാണ് സൈബർ സെൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പ്രൊഫൈലിൽ ചിത്രങ്ങൾക്ക് താഴെയായി അശ്ലീലം എഴുതിപ്പിടിപ്പിച്ച എല്ലാവർക്കുമെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെയാണ് ഈ വിഷയത്തിൽ ശക്തമായ നിയമനടപടിക്ക് തീരുമാനമായത്. ഹൈടെക് സെൽ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റാർമോൻ ആർ പിള്ളയാണ് ഇക്കാര്യം വനിതാ ഓൺലൈനോട് വെളിപ്പെടുത്തിയത്.

സൈബർ അതിക്രമങ്ങളിൽ സ്വമേധയാ കേസെടുക്കുന്നത് പരിശോധിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ചുമതല ഹൈടെക് സെല്ലിനും സൈബര്‍ ഡോമിനുമാണ് നല്‍കിയിരിക്കുന്നത്. പെൺകുട്ടിയ്‌ക്കെതിരെ ആദ്യമായി തെറ്റായ വിഡിയോ പ്രചരിപ്പിച്ച വയനാട് സ്വദേശി നൂർദീൻ ഷെയ്ഖിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് വിഭാഗം അറിയിച്ചു. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി ഹൈടെക് സെൽ വിഭാഗം അറിയിച്ചു.