Saturday 10 November 2018 04:00 PM IST : By സ്വന്തം ലേഖകൻ

‘സ്ത്രീകൾ ജാഗ്രതൈ’; ഫൈബർ കർട്ടനുമായി ആരെങ്കിലും വീട്ടിലെത്തുന്നുണ്ടോ?, എങ്കിൽ സൂക്ഷിക്കണം

home-robbery പ്രതീകാത്മക ചിത്രം

തിരുവല്ല ∙ ഫൈബർ കർട്ടൻ ഫിറ്റിങ്ങിന്റെ പേരിൽ തട്ടിപ്പു സംഘം വിലസുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലാണു വാഹനങ്ങളിൽ എത്തുന്ന സംഘം അമിത തുകയുമായി കടന്നുകളയുന്നത് നാലും അഞ്ചും പേരുള്ള സംഘമായി വാഹനങ്ങളിലെത്തി സ്ത്രീകളും പ്രായമായവരും മാത്രമുള്ള വീടുകൾ തിരഞ്ഞുപിടിച്ചാണു തട്ടിപ്പു നടത്തുന്നത്. എസ്‍സിഎസ് ജംക്‌ഷന് സമീപമുള്ള വീട്ടിലെത്തിയ സംഘം 500 രൂപയ്ക്കു വീട്ടുകാരെ സമ്മതിപ്പിച്ചു മൂന്ന് കർട്ടനുകൾ ഘടിപ്പിക്കുകയും ഒടുവിൽ 42,050 രൂപയുടെ ബില്ല് നൽകി ഭീഷണിപ്പെടുത്തി തുക വാങ്ങി കടന്നു കളയുകയും ചെയ്തു.

നാണക്കേട് കാരണം വീട്ടുകാർ പുറത്തുപറഞ്ഞില്ല. വിദ്യാസമ്പന്നരുൾപ്പെടുയുള്ളവർക്ക് ഇത്തരത്തിൽ അബദ്ധം പറ്റി പണം നഷ്ടമായി. ചിലർ പെ‍ാലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കു കർട്ടൻ നൽകാമെന്നു വീട്ടുകാരെ പ്രലോഭിപ്പിച്ചശേഷം പിന്നീട് വ്യാജ ബില്ല് നൽകി കടന്നുകളയുകയാണ് ഇവരുടെ പതിവ്. പല വീടുകളിലും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ചെക്കുമായി കടന്നുകളഞ്ഞതായും പരാതിയുണ്ട്. വീട്ടുകാരിൽ നിന്നു ലഭിക്കുന്ന ചെക്കുകൾ നിശ്ചിത സമയത്തുതന്നെ ബാങ്കിൽ നിന്നും മാറി സംഘം രക്ഷപ്പെടുകയാണ്.

വിനീതമായി സംസാരിച്ചു തുടങ്ങുന്ന സംഘം വീട്ടിൽ നിന്നു ഒരുനടയ്ക്ക് ഇറങ്ങാറുമില്ല. വീട്ടുകാർ പൊലീസിൽ പറയുമെന്നു പറഞ്ഞാൽ ഭീഷണിയുടെ സ്വരം ഉയർത്തി സംഘം രക്ഷപ്പെടും. റോയൽ ഏജൻസീസ് കെ‍ാച്ചിയുടെ പേരിലുള്ള ബില്ലാണ് നൽകുന്നത്. അന്വേഷണത്തിൽ ഇങ്ങനെയൊരു സ്ഥാപനം കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടുകാർ ഫോൺ നമ്പർ ചോദിച്ചാൽ തരില്ല. വിലാസവും പറയില്ല. ചിലയിടത്ത് ചാരുമൂടെന്നും, മറ്റിടങ്ങളിൽ കെ‍ാല്ലമെന്നുമെ‍ാക്കെ പറയാറുണ്ട്. വാനിലാണു സംഘം എത്തുക.

More