Monday 19 August 2019 12:41 PM IST : By സ്വന്തം ലേഖകൻ

അപ്രതീക്ഷിത നഷ്ടങ്ങളെ നേരിടാൻ വീടിനു നൽകാം ഇൻഷുറൻസ് പരിരക്ഷ! അറിയേണ്ടതെല്ലാം...

HomeInsurance_955_449

വീട് നിർമിക്കാൻ എത്ര പണം മുടക്കാനും നമുക്ക് മടിയില്ല. പക്ഷേ, വീടിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് നാം പ്രാധാന്യം നൽകാറേയില്ല. അടുത്തിടെ ഉണ്ടായ പ്രളയത്തിൽ കേരളത്തിലെ 1,74,500 വീടുകൾക്കു നാശനഷ്ടമുണ്ടായി. മൊത്തം നഷ്ടം കണക്കാക്കിയത് 5443 കോടി രൂപയാണ്. എന്നാൽ, വളരെ ചെറിയ ശതമാനം ആളുകൾക്കേ, നഷ്ടപരിഹാരത്തുക ലഭിച്ചുള്ളൂ. ഇൻഷുർ ചെയ്തവർ തന്നെ, ശരിയായ വിലയ്ക്ക് ഇൻഷുർ ചെയ്യാതെ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പാത്തുകയ്ക്ക് അനുസൃതമായി മാത്രം  ഇൻഷുർ ചെയ്തതു മൂലം ന ഷ്ടപരിഹാരത്തുക കൃത്യമായി ലഭിച്ചതുമില്ല. ഹോം ഇൻഷുറൻസിന്റെ പ്രസക്തി ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്. വീടിന് പരിരക്ഷ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

എന്താണ് ഹോം ഇൻഷുറൻസ്

വീട്, ചുറ്റുമതിൽ, ഗേറ്റ്, ട്രസ്സ് വർക്ക്, വീടിനകത്തെ സാധനസാമഗ്രികൾ എന്നിവയ്ക്കാണ് പ്രധാനമായും ഇൻഷുറൻസ് നൽകുന്നത്. വീട് ഒറ്റയ്ക്കായും സാധനസാമഗ്രികൾ വ്യക്തിഗത അപകട ഇൻഷുറൻസ്, പബ്ലിക് ലയബിലിറ്റി, വർക്ക്മെൻ കോംപൻസേഷൻ, ജ്വല്ലറി, ഇലക്ട്രിക്കൽ ബ്രേക്ക് ഡൗൺ തുടങ്ങി വിവിധ വിഭാഗങ്ങൾ തിരഞ്ഞെടുക്കാൻ ഹൗസ് ഹോൾഡേഴ്സ് ഇൻഷുറൻസിൽ അവസരമുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ വിവിധ പാക്കേജുകൾ തിരഞ്ഞെടുക്കാം.

കവർ ചെയ്യുന്ന റിസ്ക്സ്

ഫയർ പോളിസിയിൽ തീപിടിത്തം, ഗ്യാസ് സിലിണ്ടർ, മണ്ണെണ്ണ സ്റ്റൗ, ഇലക്ട്രിക് ഹീറ്റർ, െെവദ്യുതി ഷോർട്ട് സർക്യൂട്ട്, ഇടിമിന്നൽ, കാട്ടുതീ, തൊട്ടടുത്ത വീട്ടിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ പടർന്നേക്കാവുന്ന തീ എന്നിവയാണ് പ്രധാനമായി ഉള്ളത്. പ്രകൃതിക്ഷോഭങ്ങളിൽ ശക്തിയായ കാറ്റു വീശുമ്പോൾ തൊട്ടടുത്ത വൃക്ഷങ്ങൾ വീടിന്മേലോ, മതിലിന്മേലോ കടപുഴകി വീഴാം. കാറ്റിൽ ഒാട്, ഷീറ്റ് എന്നിവ പറന്നുപോകാം. ഇവയെല്ലാം നഷ്ടപരിഹാരത്തിന് പരിഗണിക്കും.

താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി വീടിനും സാധനസാമഗ്രികൾക്കും കേടു സംഭവിക്കാനും മതിലിടിയാനും സാധ്യതയുണ്ട്. സുനാമി പോലെയുള്ള സംഭവങ്ങൾ വിരളമാണെങ്കിലും തീരദേശത്തുള്ളവർക്ക് അതു ഭീഷണിതന്നെ. ഭൂമികുലുക്കം വന്നാൽ പിന്നെ എല്ലാവിധ കെട്ടിടങ്ങൾക്കും അപകടകരമാണ്.. ഉയരം കൂടിയ കെട്ടിടങ്ങൾ, റോഡിന് അഭിമുഖമായുള്ള വീട്, മതിൽ, ഗേറ്റ് എന്നിവയ്ക്കും വാഹനങ്ങൾ മുഖേന കേടുപാടുകൾ ഉണ്ടാവാം. ഇവയ്ക്കു പുറമെ കൂട്ടംകൂടി ആളുകൾ വന്നുള്ള ആക്രമണം, കേടുവരുത്തൽ, കലാപം എന്നീ റിസ്കുകളും ഫയർ പോളിസിയിൽ കവർ ചെയ്യും.

ബർഗ്ളറി പോളിസിയിൽ വീട്ടിലെ സാധനസാമഗ്രികൾ കളവുപോവുക, ചുവർ തുരക്കുക, പൂട്ട്/വാതിൽ പൊളിക്കുക, ജനൽക്കമ്പി വളയ്ക്കുക, അലമാരകൾക്കു കേടുവരുത്തുക, സാധനസാമഗ്രികൾ നശിപ്പിക്കുക എന്നീ റിസ്കുകൾ കവർ ചെയ്യുന്നു.

ലോൺ തുകയ്ക്കും ഉറപ്പാക്കാം ഇൻഷുറൻസ്

നിവാസ് യോജന ഇൻഷുറൻസ്

നാഷനൽ ഇൻഷുറൻസ് കമ്പനിയുടെ ഈ പോളിസിയിൽ േഹാം ലോൺ എടുത്ത ആളിന് അപകടമരണം, അംഗവൈകല്യം ഇവ സംഭവിച്ചാൽ ലോൺ തുക തിരിച്ചടയ്ക്കേണ്ടതില്ല. വീടിന് ഒരു ഡസനോളം റിസ്ക്ക് കവർ ചെയ്യുന്ന ഫയർ ഇൻഷുറൻസ് പോളിസിയും ഇതോടൊപ്പം ലഭിക്കും.

ലോൺ ഇൻഷുറൻസ് പോളിസി

എസ്ബിെഎ ജനറൽ‍ ഇൻഷുറൻസിന്റെ ഈ പോളിസിയിൽ ലോൺ എടുത്ത ആളിന് 13 മാരകരോഗങ്ങൾ ബാധിക്കുകയോ അപകടമരണം, പൂർണമായ വൈകല്യം  ഇവ സംഭവിക്കുകയോ ചെയ്താൽ ലോൺ തുക തിരിച്ചടക്കേണ്ടതില്ല. മാത്രമല്ല ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസത്തെ ഇംഎംെഎ കമ്പനി നൽകും.

ടേം കവർ ഇൻഷുറൻസ് പോളിസി

വിവിധ ലൈഫ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോ ളിസിയാണിത്. ലോൺ എടുത്ത വ്യക്തിക്ക്  അപകടമരണം, സ്വാഭാവികമരണം  ഇവ സംഭവിച്ചാൽ  ലോൺ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഇത് ദീർഘകാല പോളിസിയായി എടുക്കാനാകും. ലോൺ തുക കുറയുന്നതിന് അനുസരിച്ച് ഇൻഷുറൻസ് തുക കുറയുന്ന പോളിസിയും വിപണിയിലുണ്ട്. വിവിധ കമ്പനികളുടെ പ്രീമിയം താരതമ്യം ചെയ്ത് എടുക്കുന്നതാണ് ഉചിതം.

തിരഞ്ഞെടുക്കാം യോജിച്ച ഇൻഷുറൻസ് പോളിസി

വീടിനു മാത്രമായുള്ള ഫയർ ഇൻഷുറൻസ് പോളിസി, വീടിനു മാത്രമായുള്ള ലോങ്ങ് ടേം ഫയർ പോളിസി, പൊതുമേഖലാ കമ്പനികൾ നൽകുന്ന ഹൗസ് ഹോൾഡേഴ്സ് പാേക്കജ് പോളിസി, സ്വകാര്യ മേഖലാ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിവിധതരം പാേക്കജ് പോളിസികൾ എന്നിങ്ങനെ പല തരം ഹോം ഇൻഷുറൻസ് പോളിസികളുണ്ട്.

വീട് ഇൻഷുർ ചെയ്യുമ്പോൾ റീ ഇൻസ്റ്റേറ്റ്മെന്റ് വാല്യുവിനാണ് ഇൻഷുർ ചെയ്യേണ്ടത്. അതായത് നഷ്ടം സംഭവിച്ചാൽ പുതുതായി ഒരു വീട് ഉണ്ടാക്കാനുള്ള ചെലവ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഭവനവായ്പ എടുക്കുന്നവർ ഒരു കാര്യം പ്രത്യേകം ഒാർക്കേണ്ടതുണ്ട്. ഇൻഷുർ ചെയ്യുമ്പോൾ ലോൺ തുകയ്ക്ക് പകരം വീടിന്റെ എസ്റ്റിമേറ്റ് തുകയ്ക്ക് ഇൻഷുർ ചെയ്താൽ മാത്രമേ ഒരു ക്ലെയിം ഉണ്ടായാൽ അതു കൃത്യമായി ലഭ്യമാവുകയുള്ളൂ. അതല്ലെങ്കിൽ ‘അണ്ടർ ഇൻഷുറൻസ്’ എന്ന പേരിൽ നിങ്ങൾക്കു കിട്ടേണ്ട നഷ്ടപരിഹാരത്തിന്റെ തുക കുറയാനിടയുണ്ട്.

ദീർഘകാല ഹോം ഇൻഷുറൻസ് പാക്കേജ്

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഭൂരിഭാഗം കമ്പനികളും നൽകുന്ന പോളിസിയാണ് ദീർഘകാല ഹോം ഇൻഷുറൻസ്. ഒരു ലക്ഷം രൂപയ്ക്ക് വർഷം 30 രൂപ പ്രീമിയം അടച്ചാൽ മതി. പത്ത് ലക്ഷം രൂപ വിലയുള്ള വീട് ഇൻഷുർ ചെയ്യാൻ വർഷം 300 രൂപയാണ് പ്രീമിയം. ഇതേ വീടിനു 10 വർഷത്തെ പരിരക്ഷ ലഭിക്കാൻ അടക്കേണ്ട പ്രീമിയം  3000 രൂപ. ദീർഘകാലത്തേക്ക് എടുക്കുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ട് (50%) കണക്കാക്കുമ്പോൾ  പത്തു വർഷത്തേക്ക് പത്തു ലക്ഷം രൂപ വരെയുള്ള ബിൽഡിങ്ങിനു വെറും 1500 രൂപ അടച്ചാൽ മതി. ഫ്ലാറ്റുകൾ, വീടുകൾ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യവും ലാഭകരവുമായ പോളിസിയാണിത്.

ദീർഘകാല ഹോം ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ 

home6678899nn

മുകളിലെ പട്ടികയിലുള്ള തുകയ്ക്ക് ജി.എസ്.ടി. ബാധകമായിരിക്കും.

ഇവ കൂടാതെ വീട്, വീട്ടുപകരണങ്ങൾ, സാധനസാമഗ്രിക ൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ സംരക്ഷണത്തിനു പുറമെ കുടുംബാംഗങ്ങളുടെ വ്യക്തിഗത ഇൻഷുറൻസ്  കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസികളും വിപണിയിൽ ലഭ്യമാണ്.

വേണം മുൻകരുതൽ

േകരളത്തിന്റെ ചരിത്രം നോക്കിയാൽ, ഇവിടെ പ്രളയവും സുനാമിയും കൊടുങ്കാറ്റും ഭൂമികുലുക്കവും ഉരുൾപൊട്ടലും നാശനഷ്ടങ്ങൾക്കു കാരണമായിട്ടുണ്ട്. 120 വർഷം മുൻപു പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി കേന്ദ്രമായി ഉണ്ടായ ഒരു ഭൂമികുലുക്കത്തിൽ കൊങ്കൺ മുതൽ പാറശ്ശാല വരെ ഇതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ട്. കെട്ടിട സമുച്ചയങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്തു നൂറു കണക്കിന് ആളുകൾക്കാണു ജീവഹാനി സംഭവിച്ചത്. അത് ഇന്നാണ് സംഭവിക്കുന്നതെങ്കിലോ?

ഭൂമികുലുക്കത്തിന്റെ തീവ്രത അനുസരിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങളെ 2, 3, 4, 5  എന്നിങ്ങനെ നാല് സീസ്മിക് സോ ണായി തിരിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ സോൺ അഞ്ചിലും ഏറ്റവും കുറവ് സോൺ രണ്ടിലുമാണ്. കേരളം സോൺ മൂന്നിലാണുള്ളത്. ഇവിടെ ഭൂമികുലുക്കം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രളയത്തിനു മുൻപ് വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നത് നാം വിശ്വസിച്ചിരുന്നില്ലല്ലോ. അത്യാഹിതങ്ങൾ സംഭവിച്ചു കഷ്ടനഷ്ടങ്ങൾ ഉണ്ടാവുന്നതിനു മുൻപേ ഇൻഷുർ ചെയ്തു സംരക്ഷിക്കുന്നതല്ലേ ഉചിതം.

വിവരങ്ങൾക്കു കടപ്പാട്: വിശ്വനാഥൻ ഒടാട്ട്, മാനേജിങ് ഡയറക്ടർ, എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനി, തൃശൂർ

Tags:
  • Spotlight
  • Vanitha Exclusive