Friday 25 September 2020 02:29 PM IST : By സ്വന്തം ലേഖകൻ

വീട്ടിലിരുന്ന് കോവിഡിനെ തോൽപിച്ചവർ 100 പേർ; വീട്ടു ചികിത്സ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...

ffssdcgvf5566

കോവിഡ് പോസിറ്റീവായിട്ടും രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവർക്കു വീടുകളിൽത്തന്നെ ചികിത്സ ഒരുക്കുകയാണ് ആരോഗ്യവകുപ്പ്. ഓഗസ്റ്റ് ഏഴിനാണ് ഇതുസംബന്ധിച്ച സർക്കാർ നിർദേശം വന്നത്. തുടർന്നു ആലപ്പുഴ ജില്ലാ കലക്ടറും മെഡിക്കൽ ഓഫിസറും ചേർന്നാണ് ജില്ലയിലും ഈ രീതി പിന്തുടരാൻ നിർദേശം നൽകുന്നത്. ജില്ലയിൽ വീട്ടിൽ കഴിഞ്ഞ 100 പേർ ഇതിനകം കോവിഡ് നെഗറ്റീവായി.

ഹോം ഐസലേഷനുള്ള മാനദണ്ഡങ്ങൾ തന്നെയാണ് വീട്ടുചികിത്സയ്ക്കും നിർദേശിക്കുന്നത്. പ്രത്യേക ശുചിമുറി സൗകര്യത്തോടുകൂടിയ, വായുസ‍ഞ്ചാരമുള്ള മുറിയും റോഡ് സൗകര്യവും ഉള്ള വീടുകളാണെങ്കിൽ വീട്ടു ചികിത്സ പരിഗണിക്കും. വീട്ടിലുള്ള വയോധികരെയും 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും മറ്റിടങ്ങളിലേക്കു മാറ്റുകയോ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ സമ്പർക്കത്തിൽനിന്നു പൂർണമായി വിലക്കുകയോ ചെയ്യണം. അതതു പിഎച്ച്സികളിലെ മെഡിക്കൽ ഓഫിസർമാരുടെയും തദ്ദേശ ജാഗ്രതാ സമിതികളുടെയും മേൽനോട്ടത്തിലായിരിക്കും വീട്ടു ചികിത്സ. മെഡിക്കൽ ഓഫിസർമാരുമായി കൃത്യമായി വിവരങ്ങൾ കൈമാറണം. 

പൾസ് ഓക്സി മീറ്റർ നിർബന്ധം

∙ ഓക്സിജൻ സാച്ചുറേഷൻ നില അളക്കുന്നതിനുള്ള പൾസ് ഓക്സി മീറ്റർ നിർബന്ധമായും കരുതണം. സാമ്പത്തികമായി പിന്നാക്കമുള്ളവർക്കു തദ്ദേശസ്ഥാപനങ്ങൾ വഴി ഇവ നൽകാൻ ശ്രമം നടത്തുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

∙ ദിവസവും ഓക്സിജൻ സാച്ചുറേഷൻ നില പരിശോധിക്കണം. ഇത് 94% അല്ലെങ്കിൽ മിനിറ്റിൽ 90 ബീറ്റ് എന്ന നിലയിൽ നിന്നു കുറഞ്ഞാൽ ഡോക്ടറെ വിവരമറിയിക്കണം.

∙ ശരീരതാപനില കൂടുകയോ ചുമ, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെങ്കിലും അനുഭവപ്പെടുകയോ ചെയ്താലും ഡോക്ടറെ അറിയിക്കണം. അതത് ആശ വർക്കർമാരും തദ്ദേശ പ്രതിനിധികളും വീട്ടുചികിത്സയിലുള്ള വ്യക്തിയുമായി കൃത്യമായി ആശയവിനിമയം ഉറപ്പാക്കണം. വീട്ടിൽ സന്ദർശകരെ അനുവദിക്കില്ല.

∙ ഉപയോഗിക്കുന്ന വസ്തുക്കളും വസ്ത്രങ്ങളും പാത്രവും ചികിത്സയിലുള്ള വ്യക്തി കഴുകി അണുവിമുക്തമാക്കിയേ കൈമാറാവൂ. പെരുമാറുന്ന പ്രതലങ്ങളും വാതിൽപ്പിടി പോലുള്ള സ്ഥലങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കണം.

കുട്ടികളെങ്കിൽ കൂടെ കെയർടേക്കർ ആകാം

12 വയസ്സോ അതിൽ കുറവോ ഉള്ള കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾക്കോ, ഇവർ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ കെയർടേക്കർ എന്ന നിലയിൽ താമസിക്കാം. ഇവരും വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുടുംബാംഗത്തിന് ഇവർക്കു ഭക്ഷണമെത്തിക്കാം. ഇവർ ത്രീ ലെയർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

മാലിന്യം സംസ്കരിക്കേണ്ട വിധം

∙മാസ്ക്കുകൾ, ഗ്ലൗസുകൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ അണുവിമുക്തമാക്കി വായുകടക്കാത്ത വിധം കവറുകളിൽ നിക്ഷേപിച്ച് അടച്ചുവയ്ക്കുക. ചികിത്സാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവ കത്തിച്ചു കളയുകയോ ആഴത്തിൽ കുഴി എടുത്ത് മൂടുകയോ ചെയ്യുക.

∙ ആഹാര അവശിഷ്ടങ്ങൾ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയിൽ ഇട്ടുവയ്ക്കണം. വീട്ടുകാർ ഇവ ആഴത്തിൽ കുഴി എടുത്ത് മൂടണം. കഴിവതും ആഹാര അവശിഷ്ടങ്ങൾ ഉണ്ടാകാതെ നോക്കണം.

∙ധരിക്കുന്ന വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും കൃത്യമായി അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

Tags:
  • Spotlight