Monday 16 September 2019 01:21 PM IST : By സ്വന്തം ലേഖകൻ

വീടിനു പകരം കല്ലും മണ്ണും; കാഴ്ചയില്ലാത്ത വൃദ്ധ ദമ്പതികളെ പറ്റിച്ച് കരാറുകാരന്റെ ‘കണ്ണില്ലാത്ത ക്രൂരത!’

Vijayan-blind-03

നിർധനരായ വൃദ്ധദമ്പതികൾ  നേരിട്ടത് ‘കണ്ണില്ലാത്ത ക്രൂരത’. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടാണ് കാഴ്ചശക്തിയില്ലാത്ത വിജയനും ഭാര്യ ശശികലയും സ്വപ്നം കണ്ടത്. അതിനു സർക്കാരിൽ നിന്ന് അവർക്ക് മൂന്ന് സെന്റ് സ്ഥലവും നാല് ലക്ഷം രൂപയും ധനസഹായമായി ലഭിച്ചു. എന്നാൽ വീട് നിർമാണത്തിൽ, വിശ്വസിച്ചേൽപ്പിച്ച കരാറുകാരൻ പറ്റിച്ചതോടെ വീട് പണി പൂർത്തിയായിട്ടും താമസിക്കാനാകാതെ വിഷമിക്കുകയാണ് പയ്യന്നൂർ കിണറു മുക്കിലെ ഈ വൃദ്ധദമ്പതികൾ. 

ലൈഫ് മിഷൻ പാർപ്പിട പദ്ധതി പ്രകാരമാണ് വീട് നിർമാണം. നിർമാണത്തിലെ അപാകത കാരണം ഇപ്പോൾ വീട് പൊളിക്കേണ്ട അവസ്ഥയാണ്. വയറിങ്ങും തേപ്പും നിലത്തിന്റെ പണിയും ബാക്കി നിൽക്കെ വീടിന്റെ മുഴുവൻ പണിയും പൂർത്തിയായെന്ന് കാണിച്ച് കരാറുകാരൻ എഴുതി വാങ്ങിക്കുകയും ചെയ്തു. കല്ലിലും സിമന്റിലുമടക്കം തട്ടിപ്പ് നടത്തുകയായിരുന്നു ഇയാൾ. മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. 

ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ വിജനമായ സ്ഥലത്താണ് ദമ്പതികൾക്ക് വീടിനുള്ള സ്ഥലം അനുവദിച്ചത്. വരുമാനത്തിന് ആകെയുണ്ടായിരുന്നത്‌ ഒരു പെട്ടിക്കടയാണ്. സഹായത്തിന് നിർത്തിയിരുന്നയാൾ ചതിച്ചതോടെ അതും പൂട്ടി. ഇതോടെ ലോട്ടറി ടിക്കറ്റ് വില്പനയ്ക്കിറങ്ങി. മരുന്നിന് തന്നെ മാസം നല്ലൊരു തുക വേണം. സുമനസുകളുടെ സഹായത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ നിസഹായർ.