Monday 12 August 2019 10:44 AM IST : By സ്വന്തം ലേഖകൻ

പ്രളയകാലത്ത് പ്രതാപിയായി പരീക്ഷണ വീട്! നാലടിയോളം ഉയരത്തിൽ 36 കോൺക്രീറ്റ് റിങ്ങുകൾക്കു മുകളില്‍ 3 മുറികളും ഹാളും അടുക്കളയും

house-new

പ്രളയകാലത്ത് പ്രതാപിയായി പരീക്ഷണ വീട്. ഹരിപ്പാട്, ചെറുതന പാണ്ടി ചെറുവള്ളിൽ തറയിൽ ഗോപാലകൃഷ്ണനും കുടുംബവും അതുകൊണ്ടു തന്നെ ദുരിതപ്പെയ്ത്തിനെയും വെള്ളപ്പൊക്കത്തെയും പേടിച്ചില്ല. ഉയർന്നു വന്ന വെള്ളത്തെ ഭയക്കാതെ, അവർ സമാധാനത്തോടെ ഉറങ്ങി.

കഴിഞ്ഞ പ്രളയകാലത്ത് ഗോപാലകൃഷ്ണന്റെ വീട് പൂർണമായും നശിച്ചതോടെയാണ്, കെയർഹോം പദ്ധതി പ്രകാരം ചിങ്ങോലി സർവീസ് സഹകരണ ബാങ്ക് ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന വീട് നിർമിച്ചു നൽകിയത്.

ഇപ്പോൾ വീടിനു പരിസരത്ത് 2 അടിയോളം വെള്ളമുണ്ടെങ്കിലും അതു സ്വൈര്യ ജീവിതത്തെ ബാധിക്കുന്നില്ല.

വെള്ളത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തിൽ 36 കോൺക്രീറ്റ് റിങ്ങുകൾക്കു മുകളിലാണു വീടിരിക്കുന്നത്. ഭാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചാണ് നിർമാണം. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷീറ്റുകൾ കൊണ്ടാണ് മേൽക്കൂര.

550 ചതുരശ്ര അടിയിൽ 3 മുറികളും ഹാളും അടുക്കളയുമുള്ള വീട് 11 ലക്ഷത്തോളം രൂപ മുടക്കിയാണ് നിർമിച്ചത്.വീടിന്റെ ഒരു വശത്തു ലീഡിങ് ചാനലും മറുവശത്തു പമ്പാ നദിയുമാണ്. എന്നാൽ ഇൗ വീടിനുള്ളിൽ തങ്ങൾ സുരക്ഷിതരാണെന്നു ഗോപാലകൃഷ്ണൻ പറയുന്നു.