Friday 16 April 2021 02:31 PM IST : By സ്വന്തം ലേഖകൻ

ആദ്യത്തെ കുഞ്ഞിനെ ഗർഭംധരിക്കുമ്പോൾ പ്രമേഹമുണ്ടായിട്ടുണ്ടോ?: അടുത്ത തവണ ഉറപ്പായും ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

diabetic-pregnancy

ഗർഭകാലത്ത് പ്രമേഹം രണ്ടു തരത്തിലുള്ളതാണ്. ‌അതുവരെ പ്രമേഹം പ്രത്യക്ഷത്തിലാകില്ല. പക്ഷേ, ഗർഭകാലത്ത് ഷുഗർ നിലയിൽ വ്യത്യാസം വരുന്നു. ഇങ്ങനെ ഗർഭകാലത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നതും പ്രസവം കഴിഞ്ഞ് ആറ് ആഴ്ചയ്ക്കകം പൂർണമായി മാറുന്നതുമായ പ്രമേഹത്തെ Gestational Diabetes mellitus അഥവാ GDM എന്നു പറയു‍ന്നു.

ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് പ്രമേഹരോഗി ആയിട്ടുണ്ടെങ്കിൽ അടുത്ത കുഞ്ഞുണ്ടാകുന്നതിനു മുൻപേ ജീവിതശൈലിയില്‍ മാറ്റം വരുത്തണം. ഇങ്ങനെ ഗർഭകാലത്ത് പ്രമേഹം വരാതിരിക്കാന്‍ കൂടുതൽ ശ്രദ്ധകൊടുക്കണം.

രണ്ടാമത്തേത്, പ്രമേഹം ഉള്ളവർ ഗർഭം ധരിക്കുന്ന അവസ്ഥയാണ്. ഇവർ മിക്കവാറും ടൈപ് 1, ടൈപ് 2 പ്രമേഹ രോഗികളായിരിക്കും. ഗർഭധാരണത്തിനു മുൻപേ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ നന്നായി നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ

ഗർഭകാലത്തുള്ള പ്രമേഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗർഭകാലത്തു മാത്രം വരുന്ന Gestational Diabetes mellitus അഥവാ GDM സാധാരണയായി ഗർഭത്തിന്റെ 20 തൊട്ട് 28 ആഴ്ചകളിലാണ് കണ്ടുവരുന്നത്. ഇത് കൃത്യമായി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ അതു മാറും എന്ന രീതിയിൽ നിസാരമായി കാണാതിരിക്കുക.

രണ്ടു പേരുടെയും ആരോഗ്യ പ്രശ്നമാണിത്. അമ്മയുടെയും ജനിക്കാൻ പോകുന്ന കുട്ടികളുടെയും ആ രോഗ്യത്തിന്, ഗർഭകാലത്തെ പ്രമേഹ രോഗ ചികിത്സ വളരെ പ്രധാനമാണ്. ഗർഭകാല പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും പല ബുദ്ധിമുട്ടുകളും വരാം. അമ്മയ്ക്ക് അ മിത രക്തസമ്മർദം, അതിനോടനുബന്ധിച്ചു വരാവുന്ന പ്രിഎക്ലാംപ്സിയ (preeclampsia), ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത, സിസേറിയൻ സാധ്യത, ഗർഭം അലസിപോകാൻ സാധ്യത എന്നിവയും വർധിക്കും.

ഗർഭധാരണത്തിന്റെ ആദ്യ 10 ആഴ്ചകളിലാണ് ശിശുവിന്റെ അവയവങ്ങൾ എല്ലാം വളർന്നു തുടങ്ങുന്നത്. പ്രമേഹം നല്ലവണ്ണം നിയന്ത്രണത്തിലാണെങ്കിൽ മാത്രമേ ഈ വളർച്ച ശരിയായ രീതിയിൽ നടക്കുകയുള്ളൂ.

ഗർഭം ധരിച്ച് ആദ്യത്തെ 10 ആഴ്ച പ്രമേഹ നിയന്ത്രണം കൃത്യമായി നടത്തിയില്ലെങ്കിൽ അബോർഷൻ സാധ്യത കൂടുതലാണ്. പിന്നെയുള്ള കാലയളവിൽ പ്രമേഹം ശരിയായി ചികിത്സിച്ചില്ലെങ്കിൽ ഗർഭപാത്രത്തിലെ ഫ്ളൂയിഡിന്റെ അളവ് കൂടി ഹൈഡ്രാമ്നിയോസ് എന്ന സ്ഥിതി ഉണ്ടാകും. കൂടാതെ മാസം തികയാതെയുള്ള പ്രസവ സാധ്യതയും ഉണ്ട്.

പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ കുട്ടിയുടെ പാൻക്രി യാസ് ഗ്രന്ഥി അധികം പ്രവർത്തിച്ചു കുട്ടിക്ക് അമിതമായി വണ്ണം വയ്ക്കാം. നാലു കിലോയിൽ കൂടിയ കുട്ടി ജനിച്ചാൽ മിക്കവാറും അതു അമ്മയുടെ പ്രമേഹ നിയന്ത്രണം കാര്യക്ഷമമല്ല എന്നതിന്റെ തെളിവായിരിക്കും.

ഇങ്ങനെയുള്ള കുട്ടികൾക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ജനനശേഷം രക്തത്തിലെ പഞ്ചസാരയുടെ അ ളവു കുറയുന്നതിനും ഭാവിയിൽ ടൈപ് 2 പ്രമേഹത്തിനും അമിത വണ്ണത്തിനുമുള്ള സാധ്യതയും ഉണ്ടായേക്കാം.

പ്രമേഹരോഗികൾക്ക് പല തരം കാരണങ്ങൾ കൊണ്ട് മാനസിക സമ്മർദങ്ങൾ വരാം. ഉദാഹരണമായി പ്രമേഹരോഗം ചികിത്സിക്കേണ്ട ഉത്തരവാദിത്തം ഓർക്കുമ്പോൾ തന്നെ ചിലർ തളർന്നുപോകും. മറ്റു ചില ർക്ക് പ്രമേഹരോഗം പല അവയവങ്ങളെ ബാധിക്കുമെന്ന ഭയം ഉണ്ടാകാം. ചിലർക്ക് രാത്രിയിലോ യാത്രകളിലോ ഹൈപ്പോ ഗ്ലൈസിമിയ വന്നാൽ എന്തുചെയ്യുമെന്ന വേവലാതി വരാം.

അതിനൊക്കെ ഒറ്റ ഉത്തരമേയുള്ളൂ; നന്നായി ചികിത്സിച്ചാൽ, മരുന്നുകളിലും ആഹാരത്തിലും പിഴവില്ലാത്ത ചിട്ട, കൃത്യമായ വ്യായാമം തുടങ്ങിയവ ഉണ്ടായാൽ പ്രമേ ഹത്തെ വരുതിയിലാക്കാം.

കുടുംബം ഒന്നടങ്കം പിന്തുണ നൽകുന്നതിലൂടെ മിക്കവരിലും രോഗ ചികിത്സ മെച്ചപ്പെട്ടതായി ക ണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആവശ്യമെങ്കിൽ രോഗി മാത്രമല്ല, കുടുംബത്തിലെ അംഗങ്ങളും രോഗിയെ പിന്തുണയ്ക്കാൻ ആവശ്യമായ കൗൺസലിങ് തേടാൻ മടിക്കേണ്ടതില്ല.

മരുന്നും ഭക്ഷണവും

പ്രമേഹ രോഗം ഗർഭകാലത്തു ചികിത്സിക്കുന്നത് പ്രധാനമായും ഇൻസുലിൻ കുത്തിവയ്പ് കൊണ്ടാണ്. മിക്കവാറും നാല് ഇൻസുലിൻ കുത്തിവയ്പ്പു വരെ വേണ്ടിവരും. ആഹാരത്തിനു മുൻപ് മൂന്നു തവണയും കിടക്കാൻ സമയത്തു ഒരു പ്രാവശ്യവും.

പ്രമേഹ രോഗത്തിനുള്ള മിക്ക ഗുളികകളും ഗർഭകാലത്തു കൊടുക്കാൻ പാടില്ല. ഗുളികകൾ കൊണ്ടു പ്രമേഹം നിയന്ത്രിക്കാവുന്ന ടൈപ് 2 ഡയബറ്റിസ് രോഗികൾ ഗർഭധാരണത്തിനു തീരുമാനം എടുക്കുകയാണെങ്കിൽ ആദ്യമായി Met Formin ഒഴിച്ചുള്ള എല്ലാ ഗുളികകളും മാറ്റി, ഇൻസുലിൻ കൊണ്ട് പ്രമേഹം നിയന്ത്രിക്കണം.

ഗർഭകാലത്ത് പ്രമേഹരോഗ ചികിത്സയിൽ ആഹാരനിയന്ത്രണത്തിനും വ്യായാമത്തിനും പങ്കുണ്ട്. പ ക്ഷേ, അതു കൂടുതലായി ഉപയോഗിക്കാൻ ഗർഭകാലത്ത് പ്രായോഗിക വിഷമങ്ങളുണ്ട്.

ഉദാഹരണത്തിനു ഗർഭിണികൾക്ക് ചില ആഹാരത്തിനോട് കൂടുതൽ ഇഷ്ടവും ചില ആഹാരത്തിനോട് മടുപ്പും വരുന്നതു സാധാരണമാണ്. ആ കാലഘട്ടത്തിൽ ആഹാര നിയന്ത്രണത്തിനു അമിതമായ പ്രാധാന്യം കൊടുക്കാൻ വിഷമമാണ്. ചെറിയ തരം വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണം. ∙