Friday 20 November 2020 12:20 PM IST : By ശ്യാമ

‘നിങ്ങൾ ധരിക്കുന്ന വസ്ത്രം എന്തുമാകട്ടെ, അതൊന്നുമല്ല നിങ്ങളെന്ന വ്യക്തിയെ ഡിഫൈൻ ചെയ്യുന്നത്’; ഹൂലാ ഹൂപ് സ്റ്റാർ ഏഷ്ണ കുട്ടിയുടെ വിശേഷങ്ങൾ

huladdgggrrtt

വല്ലപ്പോഴും ഒരു ദിവസം സാരിയുടുത്താൽ അന്ന് പടികൾ കയറാൻ പോലും മടിക്കുന്നവരൊക്കെ ആ വിഡിയോ കണ്ട് കണ്ണുമിഴിച്ചു ഇരുന്നുപോയി. പൈജാമയ്ക്ക് മേലെ സാരിയുടുത്ത് സ്നീക്കേഴ്സുമിട്ട് ‘ദില്ലി 6’ സിനിമയിലെ ‘ഗെന്ദാ ഫൂൽ’ പാട്ടിനൊപ്പമുള്ള ഹൂല ഹൂപ് ഡാൻസ് കളിക്കുകയാണ് ഏഷ്ണ കുട്ടി എന്ന മലയാളി പെൺകുട്ടി.

സോഷ്യൽ മീഡിയ ആവേശത്തോടെ കണ്ട ഈ വിഡിയോയിലൂടെ ഏഷ്ണ കുട്ടിക്ക് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്സായി. ‘‘നിങ്ങൾ ധരിക്കുന്ന വസ്ത്രം എന്തുമാകട്ടെ, അതൊന്നുമല്ല നിങ്ങളെന്ന വ്യക്തിയെ ഡിഫൈൻ ചെയ്യുന്നത്. നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാൻ ഒരു വസ്ത്രവും തടസമാകില്ല എന്നു കൂടിയാണ് ഈ വിഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.’’ ജേണലിസ്റ്റ് ചിത്ര നാരായണന്റെയും  ഡോക്യുമെന്ററി ഫിലിം മേക്കർ വിജയൻ കുട്ടിയുടെയും മകളാണ് ഏഷ്ണ.

eshnakutty_f

യുട്യൂബ് ആണ് ഗുരു

‘‘ഏതാണ്ട് പത്ത് വർഷം മുൻപേ, അതായത് ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്ത് വെറുതേ രസത്തിന് തുടങ്ങിയൊരു ഹോബിയാണ് ഹൂലാ ഹൂപ്പിങ്. അത്ര സോഷ്യൽ ആയ ആളായിരുന്നില്ല ഞാൻ. ഫ്രീ ടൈം കിട്ടുമ്പോൾ വീട്ടിൽ തന്നെയിരിക്കും. യുട്യൂബ് വിഡിയോസ് കാണും. അങ്ങനെ കണ്ട് മനസ്സിൽ കയറിയതാണ് ഹൂപ്പിങ്.

അത് പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോയെന്ന് അന്വേഷിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. പിന്നെ, യുട്യൂബിനെ ഗുരുവായി സ്വീകരിച്ച് സ്വന്തമായി പഠനം തുടങ്ങി. തെറ്റുകൾ അന്നും ഇന്നും വരാറുണ്ട്.

എന്റെ മിക്ക വീഡിയോസും അങ്ങനെ തന്നെയാണ്. ഒന്നും പെർഫെക്റ്റ് അല്ല. തെറ്റ് വരുന്നത് സ്വാഭാവികമാണ്, അതൊന്നും അടുത്തത് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. ഏഷ്ണ എന്ന എന്റെ പേരിന്റെ അർഥം തന്നെ ‘സ്ട്രോങ് ഡിസയർ’ എന്നാണ്.

ബിരുദം സൈക്കോളജിയിൽ ആയിരുന്നു. ‘ഹൂലാ ഹൂപ്പിങ്’ ചെയ്യുന്ന കുട്ടി എന്ന് ആളുകൾ പറയുമ്പോൾ പോലും ഞാനിതൊരു കരിയറായി എടുക്കാൻ ആലോചിച്ചിരുന്നില്ല. മാത്രമല്ല, എനിക്കിതിലും മികച്ച കാര്യങ്ങൾ ചെയ്യാൻ പറ്റും, ഇത് മാത്രമല്ല ഞാൻ എന്നൊക്കെയുള്ള ധാരണയുമുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും കരിയർ അല്ലാതെ മറ്റെന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നായിരുന്നു മനസ്സിൽ.

എന്തുകൊണ്ട് ‘ഹൂലാ ഹൂപ്പിങ്’ കരിയർ ആക്കിക്കൂടാ എന്നു ചോദിച്ചതും അച്ഛനും അമ്മയുമാണ്. എന്റെ മനസ്സിൽ അതുവരെ അങ്ങനെയൊരു ചിന്ത വന്നതേയില്ല. പ്രോഗ്രസീവായ മാതാപിതാക്കളുടെ മകളായി പിറന്നു എന്നത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പഠനകാലത്ത് തന്നെ ഒരു ദിവസത്തെ വർക്‌ഷോപ്പുകൾ സംഘടിപ്പിച്ചിരുന്നു. അഞ്ചു വർഷമായി ഹൂപ്പിങ് ട്രെയ്നറാണ്. മൂന്നു മുതൽ 60 വരെ പ്രായമുള്ളവരുണ്ട് ശിഷ്യഗണത്തിൽ. കോവിഡ് കാലമായതു കൊണ്ട് ക്ലാസ്സുകൾ എല്ലാം ഓൺലൈൻ ആണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, യൂറോപ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളുണ്ട്. ക്ലാസിന്റെ തിരക്ക് കഴിഞ്ഞാൽ പിന്നെ, ഞാനെന്റെ പൂച്ചക്കുട്ടികൾക്കൊപ്പമായിരിക്കും. കാജു, കിസ്മിസ് എന്നാണ് അവരുടെ പേരുകൾ.

hula-hoop-eshna-kutty-2

ഒന്നു ചേർന്നൊരു പുഴയായ്

എന്റെ കുേറ ഇഷ്ടങ്ങൾ ഒരുമിച്ച് ഒഴുകുകയാണ് ഹൂപ്പിങ്ങിലുടെ. കുട്ടിക്കാലത്ത് സ്പോർട്സിൽ വലിയ താൽപര്യമായിരുന്നു. ഡാൻസ് ഇഷ്ടമായിരുന്നു. പിന്നെ, വ്യായാമവും യോഗയും വന്നു. ഇതെല്ലാം ഇഴ ചേരുന്ന പരീക്ഷണങ്ങൾ ഹൂപ്പിങ്ങിൽ ചെയ്യാറുണ്ട്.

കണ്ണുകെട്ടിയും യുക്‌ലേലി വായിച്ചും ഒക്കെ ഹൂപ്പിങ് ചെയ്യുന്നു. ഹൂപ്പിങ്ങിന്റെ ആരോഗ്യപരമായ നേട്ടങ്ങളേക്കാളും മറ്റെന്തിനേക്കാളും എനിക്ക് ഇതൊരു ‘ഫീൽ ഗുഡ് എലമെന്റാണ്’. നിങ്ങൾക്കും അങ്ങനെയായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല. കല അങ്ങനെയാണ്.

ഒരേ കാര്യത്തെ പലർക്കും പല തരത്തിൽ സ്വീകരിക്കാൻ കഴിയും. ചില‍ർ ഇത് ഗെയിം ആയി ചെയ്യും, ചിലർ വ്യായാമത്തിനായി, ചിലർ ചുമ്മാ തമാശയ്ക്ക്, ചിലർ വളരെ സീരിയസായി പഠിക്കും... അങ്ങനെ അങ്ങനെ. വർഷങ്ങളോളം പ്രാക്ടീസ് ചെയ്താണ് എനിക്ക് ഈ വഴക്കം കിട്ടിയത്. അതുമായി തുടക്കക്കാർ താരതമ്യം ചെയ്യരുത്.  

വർഷങ്ങളെടുത്ത് പഠിച്ച പലതും ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന കുട്ടികൾക്ക് മാസങ്ങൾ കൊണ്ട് പഠിക്കാം. സമയമെടുത്ത്  കണ്ടുപിടിച്ച പല ടെക്നിക്കുകളും അവർക്ക് എളുപ്പത്തില്‍ പറഞ്ഞുകൊടുക്കാൻ പറ്റും. ‘ഹൂപ് ഫ്ലോ’ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് ഇറങ്ങുന്നതിന്റെ ആവേശത്തിലാണിപ്പോൾ. ഹൂപ്പിങ് പഠിപ്പിക്കാനും ഹൂപ്പിങ് കമ്യൂണിറ്റിക്ക് ഒത്തുചേരാനുമുള്ള ഇടമൊരുക്കുന്ന പദ്ധതിയാണ് അത്.

Photographed-Arsh-Grewal-2

സാരിയും കർണാടക സംഗീതവും  

ഗെന്ദാ ഫൂൽ എന്ന ആ പാട്ടിനു മുൻപും ഞാൻ സാരി ഉടുത്തു വിഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ തലമുറയിലുള്ളവർക്കിടയിൽ സാരി കൂടുതൽ പോപ്പുലറൈസ് ചെയ്യുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. അതു പോലെ തന്നെയാണ് ഞാൻ താത്തയ്ക്ക് (മുത്തശ്ശൻ കെ. പി. കെ കുട്ടി) ഒപ്പം പാടാൻ ‘ശ്രമിക്കുന്ന’ പാട്ടുകളും... പണ്ടും താത്ത വീണ വായിച്ച് പാട്ടു പാടിയിരുന്നു. അന്നൊന്നും ഞാനത് പഠിക്കാൻ ശ്രമിച്ചിട്ടേയില്ല. വെസ്റ്റേൺ മ്യൂസിക്കിനോടായിരുന്നു കമ്പം.

ഇപ്പോൾ താത്തയുടെ അടുത്തിരുന്ന് കർണാടക സംഗീതം പഠിക്കുന്നു. സെറ്റ് സാരിയുടുത്ത് കീർത്തനത്തിനൊപ്പം ഹൂപ്പിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അമ്മയുടെ വീട് എറണാകുളത്തും അച്ഛന്റേത് പാലക്കാടുമാണ്. അച്ഛന്റെ വീട്ടിൽ തമിഴും മലയാളവും ചേർന്ന ‘തലയാളം’ ആണ് സംസാരിക്കുന്നത്. എനിക്ക്് രണ്ടും ഒരുപോലെയാണ്. തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാൻ കഴിയാറില്ല. ഞാൻ ജനിച്ചു വളർന്നത് ഡൽഹിയിലാണ്.  

വിഡിയോ കണ്ട് ഒരുപാട് പേർ  ബോഡി പോസിറ്റിവിറ്റിയെ കുറിച്ചൊക്കെ ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ മുൻപ് ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ട് കൂടിയും വേണ്ടത്ര മതിപ്പ് എനിക്ക് സ്വയം തോന്നിയിട്ടില്ല. പെർഫക്റ്റ് ആകുന്നതിൽ മാത്രമാണ് കാര്യം എന്ന ധാരണ ആവശ്യമില്ലാത്തതല്ലേ? അതുകൊണ്ടാണ് തെറ്റുകൾ സംഭവിച്ച വിഡിയോ കൂടി പോസ്റ്റ് ചെയ്യുന്നത്. എന്നെ നോക്കുന്നവർക്ക് ‘പിഴവില്ലാത്ത ഐക്കൺ’ആയി തോന്നരുത് എന്ന് നിർബന്ധമുണ്ട്.

എല്ലാവർക്കും പിഴവുകൾ ഉണ്ട്, അത് മനുഷ്യസഹജമാണ്. അതങ്ങ് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാൽ തന്നെ  മുന്നോട്ട് പോകാനുള്ള ഊർജം കൂടും. സ്വപ്നം കാണുക, പരിശീലിച്ചുകൊണ്ടേയിരിക്കുക, അപ്ഡേറ്റഡ് ആയിരിക്കുക.’’

hula hoop  Info

എന്താണീ ‘ഹൂലാ ഹൂപ്പ്’ എന്ന് കുറച്ച് പേരെങ്കിലും ആലോചിക്കുന്നുണ്ടാകും. പേര് അറിയില്ലെങ്കിലും വട്ടത്തിലുള്ള ഈ വളയം പലരും കണ്ടിട്ടുണ്ടാകും. കളിക്കാനും  വ്യായാമത്തിനുമായി ഉപയോഗിക്കുന്നവയാണ് ഇവ.  

അരക്കെട്ട്, കൈകാലുകൾ, കഴുത്ത് ഇവയ്ക്കു ചുറ്റുമാണ് പൊതുവേ ഹൂപ്പുകൾ കറക്കുന്നത്.

അധിക കാലറി ഇല്ലാതാക്കാനും പേശികൾ ശക്തിപ്പെടുത്താനും ബാലൻസ് വർധിപ്പിക്കാനും  ഹൂപ്പിങ് പരിശീലനം സഹായിക്കും. രോഗം മാറ്റാനുള്ള പുണ്യനൃത്തമായാണ് നേറ്റീവ് അമേരിക്കൻസ് ഇതിനെ കണ്ടിരുന്നത്. ബിസി 500 കാലം മുതൽ ഹൂപ്പിങ്ങിന് പ്രചാരം ഉണ്ടായി രുന്നുവെന്ന് ചരിത്രകാരൻമാർ പറയുന്നു.

കലിഫോർണിയന്‍ കമ്പനിയായ വാം–ഓ എന്ന കളിപ്പാട്ട കമ്പനിയാണ് ആദ്യമായി പ്ലാസ്റ്റിക് ഹൂലാ ഹൂപ്പുകളെ മാർക്കറ്റ് ചെയ്യുന്നത്. കസ്റ്റമൈസ്ഡ് ‘സ്മാർട്ട് ഹൂപ്പുകൾ’ വരെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

BoboCalcutta-x-Upahar-Biswas
Tags:
  • Spotlight