Thursday 13 August 2020 04:07 PM IST : By സ്വന്തം ലേഖകൻ

‘ദിവസവും മുത്തശ്ശിയോട് സംസാരിക്കാൻ ഞാൻ അലാറം സെറ്റ് ചെയ്തുവയ്ക്കും’; മുതിർന്നവരെ അവഗണിക്കുന്നവർക്കിടയിൽ വ്യത്യസ്തയായി ഒരു പെൺകുട്ടി, ഹൃദ്യമായ കുറിപ്പ്

humanfccg88654

പണ്ടൊക്കെ വീട്ടിലെ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പതിവായിരുന്നു. കാലം മാറിയതോടെ ടിവി, ഇന്റർനെറ്റ് എന്നിവയ്ക്ക് മുന്നിൽ മാത്രമായി കുടുംബം ഒതുങ്ങി. വീട്ടിലെ മുതിർന്നവർ, കൗമാരക്കാർ എന്നിങ്ങനെ വേർതിരിവുകൾ വന്നുതുടങ്ങി. പ്രായമായവരെ ആരും ശ്രദ്ധിക്കാതായി. ഒരു മുറിയിലേക്ക് അവരുടെ ജീവിതം പറിച്ചെറിയപ്പെട്ടു. ഇവിടെ മുത്തശ്ശിയോട് സംസാരിക്കാൻ മാത്രം ദിവസവും അലാറം സെറ്റ് ചെയ്തു വയ്ക്കുന്ന ഒരു കൊച്ചുമകളെ പരിചയപ്പെടുത്തുകയാണ് ഹ്യുമൻസ് ഓഫ് ബോംബെ പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പിലൂടെ. 

ഹൃദ്യമായ കുറിപ്പ് വായിക്കാം; 

“സാധാരണ ആളുകൾ രാവിലെ എഴുന്നേറ്റു ജോലിക്ക് പോകാനാണ് അലാറം സെറ്റ് ചെയ്തു വയ്ക്കുന്നത്. ഞാനാണെങ്കിൽ എന്റെ മുത്തശ്ശിയുമായി സംസാരിക്കാനാണ് എന്നും അലാറം വയ്ക്കുന്നത്. ഞങ്ങൾ രണ്ടിടത്താണ് താമസം. അതുകൊണ്ട് പരസ്പരം കത്തുകൾ എഴുതുകയും എല്ലാ ദിവസവും രാവിലെ കുറേനേരം സംസാരിക്കുകയും ചെയ്യും.

കാമുകന്മാരുടെ കഥകൾ തൊട്ട് സുഹൃത്തുക്കളുമൊത്തുള്ള തമാശ, ജോലിയിലെ ടെൻഷൻ എന്നിങ്ങനെ എല്ലാ കാര്യങ്ങളും മുത്തശ്ശിയോട് പങ്കുവയ്ക്കും. ഞങ്ങൾ രണ്ടുപേരും ഒരുപോലെ വായന ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് ഗോസിപ്പ്  പറയാത്ത ദിവസങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ച് സംസാരിക്കും. 

മുൻപ് മുത്തശ്ശിയ്‌ക്കൊപ്പം താമസിച്ചിരുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഉറങ്ങുന്നതിനു മുൻപായി മുത്തശ്ശിയെ ഇറുക്കി  കെട്ടിപ്പിടിച്ചു കിടന്ന് കഥകൾ കേൾക്കും. മുത്തശ്ശി എനിക്കുവേണ്ടി രുചികരമായ മധുരപലഹാരങ്ങൾ ഉണ്ടാക്കി തരുമായിരുന്നു. മുത്തശ്ശിയുടെ കിറ്റ്കാറ്റ് ബാർഫികളും ഇന്ത്യൻ ഡോനട്ടും അടിപൊളിയായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞു, മുത്തശ്ശിയെ ഒരുപാട്  മിസ് ചെയ്യുന്നുണ്ടെന്ന്. 

ഞാൻ എന്റെ മുത്തശ്ശിയോട് ദിവസവും സംസാരിക്കുന്നുവെന്ന് പറയുമ്പോൾ കൂട്ടുകാർ ഞെട്ടിപ്പോകും. സത്യസന്ധമായി പറഞ്ഞാൽ, ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്ന ഒറ്റ സുഹൃത്ത് പോലും എനിക്കില്ല. ആത്മാർത്ഥമായും ഞാൻ ചെയ്യുന്ന കാര്യങ്ങൾ ആണിത്. ഈ മാസം മുത്തശ്ശിയെ കാണാൻ പോകേണ്ടതായിരുന്നു. പക്ഷേ, ലോക് ഡൗൺ കാരണം എനിക്ക് പോകാൻ കഴിഞ്ഞില്ല. ഭാഗ്യം കൊണ്ട് എന്റെ മുത്തശ്ശി സൂപ്പർ ടെക് വിദഗ്ധയാണ്. അതുകൊണ്ട് ഞങ്ങളുടെ രാവിലത്തെ കോളുകൾ ഇപ്പോഴും നടക്കുന്നു. ഓരോ കോളിന്റെയും അവസാനം മുത്തശ്ശി പറയും, ‘ഇന്ന് ഭാഗ്യമുണ്ട്. വിളിച്ചതിന് നന്ദി. എപ്പോഴും ആരോഗ്യത്തോടെയും വിവേകത്തോടെയും ഇരിക്കുക.’- ഇതാണ് എനിക്ക് മുത്തശ്ശിയുടെ ദൈനംദിന ഓർമ്മപ്പെടുത്തൽ. കൗമാരക്കാർക്ക് നൽകേണ്ട എക്കാലത്തെയും മികച്ച ഉപദേശമല്ലേ? അതെന്റെ മുത്തശ്ശിയ്ക്ക് നന്നായിട്ട് അറിയാം.”

Tags:
  • Spotlight
  • Social Media Viral