Thursday 15 September 2022 04:56 PM IST : By സ്വന്തം ലേഖകൻ

‘ആ രാത്രിയിൽ മുഖത്തും കൈകളിലും തീ പടര്‍ന്നു, എനിക്ക് കണ്ണുകളും ചുണ്ടും ഇല്ലെന്ന് തോന്നി; അത് അച്ഛന്റെ തെറ്റാണെന്ന് അമ്മ പറഞ്ഞു’: അനുഭവക്കുറിപ്പ്

make456hjii

അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ വലിയ മാറ്റങ്ങള്‍ തന്നെ ജീവിതത്തില്‍ വരുത്തും. നാലു വയസ്സുള്ളപ്പോൾ തനിക്കു സംഭവിച്ച ദുരന്തത്തെ കുറിച്ച് പറയുകയാണ് ഒരു യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് യുവതി തന്റെ അനുഭവം കുറിച്ചത്. 

യുവതിയുടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു;

‘പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു അന്ന്. നല്ല തണുപ്പുള്ള രാത്രി, അമ്മയും ഞാനും സഹോദരിമാരും തീ കായുകയായിരുന്നു. അപ്പോഴാണ് അച്ഛൻ ജോലി കഴിഞ്ഞു വന്നത്. ‘ഭക്ഷണം കഴിക്കുന്നതിനു മുൻപ് അൽപം ചൂടേൽക്കുകയാണ്.’– എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങൾ വ്യക്തമല്ല. എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ മുഖം പൊള്ളുകയാണെന്നു മാത്രം എനിക്കു മനസ്സിലായി. എനിക്ക് കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തോന്നിയത്. 

നാലു വയസ്സായിരുന്നു എന്റെ പ്രായം. അച്ഛനും അമ്മയും എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. അച്ഛൻ കൊണ്ടുവന്ന പെട്രോള്‍ കുപ്പി മറിഞ്ഞാണ് എന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് അമ്മ പറഞ്ഞു. അത് അച്ഛന്റെ തെറ്റാണ്. മുഖവും കൈകളും പൂർണമായും പൊള്ളി. ഞാൻ രക്ഷപ്പെടുമോ എന്നുപോലും സംശയമായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. 

മണിക്കൂറുകൾക്കു ശേഷം മുഖത്ത് മുഴുവൻ ബാൻഡേജുമായി ഞാൻ ഉണർന്നു. അടുത്ത അഞ്ചു വർഷം 8 ശസ്ത്രക്രിയകൾക്കു ഞാൻ വിധേയയായി. എപ്പോഴും അമ്മ കൂടെ തന്നെയുണ്ടായിരുന്നു. എന്റെ കൈ പിടിച്ച് മണിക്കൂറുകളോളം അമ്മ എനിക്ക് അരികിൽ ഇരിക്കുമായിരുന്നു. സ്കൂളിലോ പുറത്ത് കളിസ്ഥലങ്ങളിലോ ഞാൻ പോയില്ല. എന്റെ കുട്ടിക്കാലത്തെ അഞ്ചുവർഷവും ആശുപത്രിയിലായിരുന്നു. 

2009ൽ ആശുപത്രി വിട്ടു. ജീവിതം എങ്ങനെ തിരിച്ചു പിടിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. ഞാൻ സ്കൂളിൽ പോയി തുടങ്ങി. പക്ഷേ, കൂടെയുള്ളവർ എന്നെ അകറ്റി നിർത്തി. അവർ എന്നോട് സംസാരിച്ചില്ല. ഒരിക്കൽ പ്രിൻസിപ്പല്‍ എന്നെ കാണുന്നതും ഞാൻ സംസാരിക്കുന്നതും മറ്റു കുട്ടികൾക്കു ഭയമാണെന്നു പറഞ്ഞു. ഞാൻ മറ്റുള്ളവരോട് സംസാരിക്കുന്നത് നിർത്തി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ മറ്റൊരു സർക്കാർ സ്കൂളിലേക്ക് അമ്മ മാറ്റി. അതെന്റെ ജീവിതത്തിലെ ഏറ്റവും ‌നല്ല അനുഭവമായിരുന്നു. അവിടത്തെ സുഹൃത്തുക്കളും അധ്യാപകരും എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു നൽകിയത്. 

പഠനശേഷം ഞാൻ ധാരാളം ആർട്ടിസ്റ്റിക് വര്‍ക്കുകൾ ചെയ്തു. ആർട്ട്‌ വർക്ക് എക്സിബഷനും നടത്തി. ഇൻസ്റ്റാഗ്രാമിൽ മേക്കപ്പ് റീലുകളും ചെയ്തു. റീലുകൾ ചെയ്യുമ്പോൾ ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ മുഖം എങ്ങനെയാണ് കാണികൾ സ്വീകരിക്കുക എന്നായിരുന്നു ചിന്ത. എന്നാൽ ധൈര്യം സംഭരിച്ച് ഞാൻ ആദ്യത്തെ റീൽ ചെയ്തു. നല്ല പ്രതികരണം ലഭിച്ചപ്പോൾ അത് തുടർന്നു. എന്റെ വീട്ടുകാരും സുഹൃത്തുകളും പൂർണമായ പിന്തുണയും നൽകി. ഇപ്പോൾ എനിക്ക് 22 വയസായി. എന്റെ മാതാപിതാക്കൾ ഒരിക്കലും എന്റെ മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടില്ല. എന്റെ അമ്മാവന്മാർ സഹായിച്ചു. അവർ കൂടെയുണ്ടായിരുന്നതു കൊണ്ടാണ് എനിക്കു ജീവിതത്തിൽ വിജയിക്കാൻ സാധിച്ചത്.’ 

Tags:
  • Spotlight
  • Social Media Viral