Thursday 14 March 2019 02:27 PM IST : By സ്വന്തം ലേഖകൻ

‘അവൻ ഞങ്ങൾക്ക് വേണ്ടി ഖുറാൻ പഠിക്കയാണ്, ഞങ്ങൾ അവനു വേണ്ടി ഗായത്രി മന്ത്രവും’

hob

അസഹിഷ്ണുതയുടേയും മതാന്ധതയുടേയും വിത്തുകൾ പരക്കുന്ന നാട്ടിൽ സമത്വത്തിനും സാഹോദര്യത്തിനും എന്ത് പ്രസക്തി? കാലഘട്ടത്തിന്റെ ആ ചോദ്യത്തിന് ജീവിതം കൊണ്ട് മറുപടി നൽകും ഒരു കൂട്ടം സുഹൃത്തുക്കൾ. സൗഹൃദച്ചെപ്പിനുള്ളിൽ സഹവർത്തിത്വത്തിന്റെ മധുരമൊളിപ്പിച്ച നാൽവർ സംഘത്തിന്റെ കഥ പറയുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ്.

അഞ്ചു നേരമുള്ള നമസ്കാരത്തിനെത്തിയ നാല് സുഹൃത്തുക്കളാണ് ചിത്രത്തില്‍. അതില്‍ ഒരാള്‍ ഹിന്ദുവാണെന്നും എങ്കിലും ഇവിടെയെത്തി നമാസില്‍ പങ്കെടുക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. അവര്‍ക്ക് വേണ്ടി അയാളും അയാള്‍ക്കു വേണ്ടി ആ സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുമെന്നും അതിനായി ഖുറാന്‍ ഭാഗങ്ങളും, ഗായത്രിമന്ത്രവും അവര്‍ പഠിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. മാത്രവുമല്ല, ഒരേയൊരു ശക്തിയാണ് എല്ലാവരുടെ പ്രാര്‍ത്ഥനയും കേള്‍ക്കുന്നതും നമ്മെ നിയന്ത്രിക്കുന്നതും എന്നും പോസ്റ്റില്‍ പറയുന്നു. 

ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പേർ പോസ്റ്റ് ഷെയറും ചെയ്ത് കഴിഞ്ഞു

ഫെയ്സ്ബുക്ക് പോസ്റ്റ്:

ഞങ്ങൾ നാലുപേരും ഉറ്റ ചങ്ങാതിമാരാണ്. നമാസിന് വേണ്ടിയാണ് ഇവിടെയെത്തിയിരിക്കുന്നത്. ഇവന്‍ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. പക്ഷെ, എല്ലാ ദിവസവും ജോലി കഴിഞ്ഞതിനു ശേഷം ഇവന്‍ നമ്മോടൊപ്പം നമാസിൽ പങ്കുചേരും. നമ്മളൊരുമിച്ച് സമയം ചെലവഴിക്കും. ഞങ്ങളവനു വേണ്ടിയും അവന്‍ ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും. ഖുറാനിലെ ചില ഭാഗങ്ങള്‍ അവന് ഹൃദയം കൊണ്ടു തന്നെ അറിയാം. അവനു വേണ്ടി ഞങ്ങള്‍ ഗായത്രി മന്ത്രവും ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. അവിടെയുള്ളത് ഒരേയൊരു ശക്തിയാണ്. അവനെല്ലാം കേള്‍ക്കുന്നു. നിങ്ങളെവിടെ നിന്നാണ് വരുന്നതെന്നത് അവിടെ കാര്യമേ അല്ല. ഈ ലോകം മുഴുവന്‍ അതറിയാമെങ്കില്‍ അതു തന്നെയല്ലേ ഭൂമിയിലെ സ്വര്‍ഗ്ഗം?