Friday 07 December 2018 03:31 PM IST : By സ്വന്തം ലേഖകൻ

‘അച്ഛനിന്നില്ല, എങ്കിലും ആ സ്വപ്നത്തിനു പിന്നാലെയുണ്ട് ഞാൻ’; മകളെ പൊലീസ് യൂണിഫോമിൽ കാണാൻ കൊതിച്ച ഡ്രൈവർ

hobv

വളയം പിടിക്കലായിരുന്നു ജീവിതം അയാൾക്ക് നൽകിയ നിയോഗം. പക്ഷേ ജീവിതത്തിന്റെ ക്രോസ് റോഡിൽ വച്ച് അയാളൊരു സ്വപ്നം നെയ്തു തുടങ്ങി. മകളെ ഒന്നാന്തരമൊരു പൊലീസ് ഓഫീസറാക്കണം. പൊലീസ് യൂണിഫോമിൽ മകളെ കാണുന്ന സുദിനത്താനായി ഡ്രൈവറായ അയാൾ ആറ്റുനോറ്റിരുന്നു. ഇപ്പോഴിതാ അച്ഛന്റെ സ്വപ്നത്തെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ആ മകൾ സോഷ്യൽ മീഡിയക്കു മുന്നിലെത്തിയിരിക്കുകയാണ്.

തന്നെ പൊലീസായി കാണാൻ ആഗ്രഹിച്ച അച്ഛൻ ഇന്ന് തന്നോടൊപ്പമില്ലെങ്കിലും ആ ലക്ഷ്യത്തിനായി താന്‍ പ്രയത്നിക്കുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. അച്ഛന്‍ മരിച്ച ശേഷം വീട്ടിലെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും ഒരു ദിവസം അച്ഛന്റെ സ്വപ്നം താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ പെൺകുട്ടിയുടേയും അച്ഛ ന്റേയും കഥ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം;

ജീവിതകാലം മുഴുവന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു എന്‍റെ അച്ഛന്‍. എന്നെ ഒരു യൂണിഫോമില്‍ കാണുക എന്നതാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്ന് എപ്പോഴും എന്നോട് പറയുമായിരുന്നു. പക്ഷെ, പെട്ടെന്ന് ഒരു ദിവസം അദ്ദേഹം മരിച്ചു. അത് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു. അമ്മയ്ക്കു വേണ്ടി അതിനെ മറികടന്നേ തീരുമായിരുന്നുള്ളൂ. രണ്ട് വര്‍ഷത്തേക്ക് എനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. നമുക്ക് ജീവിക്കണമെങ്കില്‍ ഞാനൊരു ജോലി നേടിയേ മതിയാവുമായിരുന്നുള്ളൂ. ഞാനൊരു സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു തുടങ്ങി. സ്റ്റൈപന്‍ഡ് വീട്ടില്‍ നല്‍കും. 

അപ്പോഴും അച്ഛന്‍റെ സ്വപ്നത്തെ കുറിച്ച് ഞാന്‍ മറന്നിട്ടില്ലായിരുന്നു. എനിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. 12 -ആം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഞാന്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ടായിരുന്നു. എന്‍റെ ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു. ഞാന്‍ വീട്ടില്‍ അമ്മയെ സഹായിക്കും. പിന്നീട് ജോലിക്ക് പോകും. രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തും. അതിനുശേഷം പഠിക്കും. 12 -ആം ക്ലാസ് ജയിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്. അതിനു ശേഷം പൊലീസ് ആവാനുള്ള പരിശീലനം തുടങ്ങും. പിന്നീട് ഐ.പി.എസ് ഓഫീസറാകണം. ഇന്നത് വിദൂരമായ സ്വപ്നമാണ്. പക്ഷെ, എന്നെങ്കിലും ഒരിക്കല്‍ ഞാനത് നടപ്പിലാക്കും.