Tuesday 22 October 2019 10:28 AM IST : By സ്വന്തം ലേഖകൻ

‘മകളുടെ ദേഹത്ത് ഇടിയുടെ നീലിച്ച പാടുണ്ടായിരുന്നു’; അന്തസുള്ള ആണുങ്ങൾ സ്ത്രീകളെ ഉപദ്രവിക്കില്ല; അച്ഛന്റെ നോവ്

atta

പൊരുത്തവും പൊരുത്തക്കേടും നോക്കി വിവാഹ ജീവിതത്തിലേക്ക് പിച്ചവെച്ചാലും അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. പങ്കാളിയുടെ താത്പര്യങ്ങളും ദൗർബല്യങ്ങളും അറിഞ്ഞു വരുമ്പോഴായിരിക്കും പല കുടുംബങ്ങളിലും പ്രശ്നങ്ങൾ‌ ആരംഭിക്കുന്നത്. പക്ഷേ എന്തിന്റെ പേരിലായാലും കെട്ടിയ പെണ്ണിന്റെ ദേഹത്ത് കൈവയ്ക്കുന്ന ഭർത്താക്കൻമാരുടെ ചെയ്തികൾ ഒന്നിന്റെ പേരിലും ന്യായീകരിക്കാനാകില്ലെന്ന് പറയുകയാണ് കൗൺസലർ കല മോഹൻ. മകളെ നോവിച്ച മരുമകന്റേയും അതിന്റെ പേരിൽഡ പിടഞ്ഞ ഒരച്ഛന്റേയും കഥയാണ് ഈ വാക്കുകൾ അടിവരയിടുന്നത്. കല മോഹൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലാണ് കണ്ണുതുറപ്പിക്കുന്ന ഈ അനുഭവമുള്ളത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

"" ഒത്തു തീർപ്പാക്കി വിട്ടു.. ഡിവോഴ്സ് എന്നൊക്കെ പറയുന്നത് അങ്ങനെ പെട്ടന്ന് അങ്ങ് തീരുമാനിക്കാമോ.. ""
പെൺകുട്ടിയുടെ അച്ഛൻ വിളിച്ചു സംസാരിച്ചു..
ആ സ്വരത്തിലെ സമാധാനം തിരിച്ചറിയാം..

കാര്യം ഞങ്ങളുടെ മകൾ ആണെങ്കിലും അവൾക്കും അല്പം പ്രശ്നങ്ങളുണ്ട്..
പെട്ടന്നു ദേഷ്യം വരും, അല്പം കൂടുതൽ പ്രതികരിക്കും...
ആ അച്ഛൻ പറയുന്നത് ഞാൻ മൂളി കേട്ടു കൊണ്ടിരുന്നു...

"""അവൻ രണ്ടു പെണ്ണുങ്ങൾക്ക്‌ ഇടയിൽ ഉള്ള ആണ്തരി ആണ്.
വീട്ടില് അവന്റെ സാന്നിധ്യം എല്ലായിടത്തും അവർ ആഗ്രഹിച്ചാൽ അതൊരു തെറ്റല്ല..
ഞങ്ങളുടെ മകൾ ഒറ്റയായി വളർന്നതാണ്.
അവൾക്കു സ്വാർത്ഥത കൂടി പോയത് ഞങ്ങളുടെ വളർത്ത് ദോഷം തന്നെയാണെന്നു ഞാൻ ഇവിടെ ഭാര്യയോട് പറയും..
അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു..

എന്തായാലും പ്രശ്നങ്ങൾ പരിഹരിച്ചു ഒത്തു തീർപ്പായല്ലോ..
സമാധാനത്തോടെ ഇരിക്ക്..
ഫോൺ വെയ്ക്കാനുള്ള സമയവും ആയി എന്ന് സൂചിപ്പിച്ചു ഞാൻ സംഭാഷണം അവസാനിപ്പിക്കാൻ തുടങ്ങി..

പരിഹരിച്ചു മാഡം..
അവന്റെ പരാതികൾ ഒക്കെ ന്യായം ആണ്..
ഭക്ഷണം പാകം ചെയ്യാനുള്ള മടി ഉൾപ്പടെ..
ഞങ്ങളുടെ മകൾ അതൊക്കെ മാറ്റിയെ തീരു...
പക്ഷെ, എന്റെ ഉള്ള് പിടയുന്ന ഒന്നുണ്ട്..
ഒന്ന് നിർത്തി... കുറച്ചു നേരം കഴിഞ്ഞദ്ദേഹം തുടർന്നു..

""അവളുടെ കയ്യിൽ അവന്റെ ഇടിയുടെ നീലിച്ച പാടുണ്ടായിരുന്നു..
ചെകിടത്ത് അടിച്ചിട്ട് നീരുണ്ടായിരുന്നു... ""

ഒരു നിമിഷം ഞാനും നിശ്ശബ്ദയായി...

സ്കൂളിൽ പഠിക്കുമ്പോൾ, എന്റെ മോൾക്ക് എന്നോ അടികിട്ടിയ കാര്യം പറഞ്ഞത് ഞാനോർത്തു..
തെറ്റ് ചെയ്താൽ അടികിട്ടും..
അവളെ ഞാൻ അങ്ങനെ പറഞ്ഞു സമാധാനിപ്പിച്ചു..
പക്ഷെ സങ്കടം പെരുകി എന്റെ നെഞ്ച് പൊള്ളി..
ഞാനവളെ ശിക്ഷിച്ചതിനു ശേഷം, എന്നും എക്കാലവും ഓർത്തു കരയുക ശീലമാണ്.. അവളുടെ മേൽ,
മറ്റൊരാളുടെ അടി എനിക്കു അസഹ്യമാണ്..

ആ അച്ഛന്റെ വേവ് ഊഹിക്കാം..
ഒക്കെ ശെരിയായി എന്ന് പറയുമ്പോഴും ആ മനസ്സിലെ കനൽ ചൂട് അണഞ്ഞിട്ടില്ല..

"ഇറങ്ങും നേരം അവനോടു അത് മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളു..
മറ്റാരും കേൾക്കാതെ..
അവളെ ഉപദ്രവിക്കല്ലേ എന്ന്... ""
പ്രജ്ഞയുടെ ഏതോ ഒരംശത്തിൽ നിന്ന് ഞാൻ അദ്ദേഹത്തെ കേട്ടു..
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടേ ഇരുന്നു..
ആ അച്ഛന് അപ്പോൾ എന്റെ അച്ഛന്റെ മുഖമായിരുന്നു...
എന്റെ മോൾടെ അച്ഛന്റെ മുഖമായിരുന്നു...
പെണ്മക്കൾ ഉള്ള എല്ലാ അച്ഛന്മാരുടെയും അമ്മമാരുടെയും ഉള്ളു ഇതന്നെ അല്ലേ..

മക്കളെ നമ്മൾ ശിക്ഷിച്ചാലും മറ്റൊരാൾ കൈവെച്ചാൽ സഹിക്കാൻ വയ്യല്ലോ..