Tuesday 08 November 2022 04:32 PM IST : By സ്വന്തം ലേഖകൻ

ഇൻസ്റ്റഗ്രാമിൽ 33.3 കെ ഫോളോവേഴ്സ്, ഭാര്യ കൂടുതൽ സമയവും ‘റീൽസി’ല്‍; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

reels-death667888

ഭാര്യ കൂടുതൽ സമയവും ‘റീൽസി’ല്‍ മുഴുകി, കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 38 വയസുകാരനായ അമൃതലിംഗമാണ് ഭാര്യ ചിത്രയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്.

സമീപത്തുള്ള പച്ചക്കറി ചന്തയിൽ ദിവസ വേതന തൊഴിലാളിയാണ് അമൃതലിംഗം. ചിത്ര ഒരു ഗാർമെന്റ് ഫാക്‌ടറിയിൽ ജോലി ചെയ്യുകയായിരുന്നു, ചിത്രയ്ക്ക് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും റീലുകൾ പോസ്‌റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു. റീലുകൾ പോസ്‌റ്റു ചെയ്യുന്ന ശീലത്തിന്റെ പേരിൽ അമൃതലിംഗം ചിത്രയുമായി നിരവധി തവണ തർക്കിച്ചിരുന്നു.

ചിത്രയ്ക്ക് ഇൻസ്റ്റഗ്രാമിൽ 33.3 K ഫോളോവർമാർ ഉണ്ടായിരുന്നു. ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയമോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞയാഴ്ച ചിത്ര തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി വീട്ടിൽ തിരിച്ചെത്തി. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടഞ്ഞു. ഇരുവരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ചിത്രയ്ക്ക് ബോധം നഷ്ടമായെന്ന് മനസ്സിലാക്കിയ അമൃതലിംഗം മകളെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. മകൾ എത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പെരുമാനല്ലൂരിൽ വച്ച് പൊലീസ് അമൃതലിംഗത്തെ അറസ്റ്റ് ചെയ്തു. 

Tags:
  • Spotlight