Thursday 02 April 2020 12:26 PM IST : By സ്വന്തം ലേഖകൻ

ലോക് ഡൗണിൽ കുടുങ്ങി ദിവസങ്ങൾക്ക് ശേഷം വീട്ടിൽ; ഭർത്താവിനെ പുറത്താക്കി വാതിലടച്ച് ഭാര്യ! അഭയം നൽകി പഞ്ചായത്ത്

lonelthihihhg

കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഭർത്താവിനെ ഭാര്യ വീടിനകത്ത് കയറ്റാതെ പുറത്താക്കി. ഒടുവിൽ ഇയാൾക്ക് തുണയായി പൊലീസും ആരോഗ്യ പ്രവർത്തകരും. കാസർകോട് മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. കോഴിക്കോട് ഹോട്ടൽ ജോലിയാണെന്ന് പറയുന്ന 55 പ്രായമുള്ളയാൾ ആണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്വാർട്ടേഴ്സിൽ എത്തിയത്. 3 മക്കളുടെ അമ്മയായ ഭാര്യ അകത്തു കയറ്റിയില്ല. 

ചിലവിനു നൽകാതെ അകന്നു നിൽക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയതെന്നും ഭാര്യ പറയുന്നു. ആ രാത്രിയിൽ വരാന്തയിൽ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവർത്തകർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയർ സെന്ററിലാക്കി.

ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്നും ഭക്ഷണം കിട്ടുന്നു. രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകൻ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാൾ  ചോദിക്കുന്നുണ്ട്. കോവിഡ് കാലമായതിനാൽ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാൾ ആരോഗ്യ പ്രവർത്തകരോട് പങ്കുവയ്ക്കുന്നു. നിരീക്ഷണകാലം കഴിഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവർത്തകർ.

Tags:
  • Spotlight