Friday 06 December 2019 12:02 PM IST : By സ്വന്തം ലേഖകൻ

ഡോക്ടറെ ചുട്ടുകൊന്ന അതേ റോഡിൽ പ്രതികളും മരിച്ചു വീണു; ആക്രമിക്കാൻ ശ്രമിക്കവേ വെടിവച്ചെന്ന് പൊലീസ്

hbd

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീവച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് ഏറ്റുമുട്ടലിനിടെയാണ് നാലുപ്രതികൾ കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പൊലീസ് ഭാഷ്യം. പെണ്‍കുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്ത് തെളിവെടുക്കാനെത്തിച്ചപ്പോള്‍  പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതെത്തുടര്‍ വെടിയുതിര്‍ക്കുക‌യായിരുന്നെന്നും പൊലീസ് വ്യക്തമാക്കി രാവിലെ മൂന്നരയ്ക്കാണ് സംഭവം. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ മൃതദേഹം ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഡോക്ടര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്താണ് പ്രതികളും കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വ്യാപക പ്രതിഷേധം നടത്തിവരികയായിരുന്നു.

നവംബര്‍ 27 നായിരുന്നു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവമുണ്ടായത് . രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കേടായ സ്കൂട്ടര്‍ ശരിയാക്കാന്‍ എന്ന വ്യാജേന എത്തിയ നാല്പേരാണ് തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചത്. പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു. 

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം.

ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിക്കുന്നതിനു മുൻപു മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോർട്ട്. ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു. 

ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. 

രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്.