Monday 27 August 2018 01:04 PM IST

ഈ യുവ കലക്ടർമാര്‍ ചോദിക്കുന്നു, ‘സമൂഹനന്മയാണ് ലക്ഷ്യമെങ്കിൽ ആരെയാണ് ഭയക്കേണ്ടത്?’

Vijeesh Gopinath

Senior Sub Editor

c02
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രണ്ടു പുലിക്കുട്ടികളാണ് മുന്നിൽ. പലരുടെയും മനസ്സിൽ പതുങ്ങിയിരിക്കുന്ന ഒരുപാടു മുൻധാരണകളെ കുടഞ്ഞെറിഞ്ഞ രണ്ടുപേർ. ആണിനു മാത്രമേ മുന്നിൽ നിന്നു നയിക്കാനാവൂ എന്ന തോന്നലിനെ, അധികാരം കാണിച്ചൊന്നു വിരട്ടിയാൽ ‘പെണ്ണല്ലേ’ മാളത്തിലേക്ക് മടങ്ങിപ്പോകും എന്ന പരിഹാസത്തെയൊക്കെ എരിയിച്ചു കളഞ്ഞവർ. അഴിമതി, ഇനി മതിയെന്ന് പറഞ്ഞ് ചിലരെ വരച്ച വരയിൽ നിർത്തിയപ്പോഴൊക്കെയും ഈ രണ്ടു പേരുകൾ മലയാളിയുടെ മനസ്സിൽ പതിഞ്ഞു. തിരുവനന്തപുരം  ജില്ലാ കലക്ടർ ഡോ. വാസുകി െഎഎഎസ്. ആ ലപ്പുഴ കലക്ടർ അനുപമ െഎഎഎസ്. എടുത്ത തീരുമാനത്തില്‍ ഉറച്ചു നിൽക്കുന്നതിൽ മാത്രമല്ല, സിവിൽ സർവീസിലേക്കുള്ള വഴിയിലും കുടുംബ ജീവിതം തിരഞ്ഞെടുത്തതിൽ പോലുമുണ്ട് സമാനതകൾ.  

ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് മെഡിസിൻ പഠനത്തിനു ശേഷം സിവിൽ സർവീസിലേക്കെത്തിയ ഡോ. വാസുകി. മലപ്പുറത്തെ മാറഞ്ചേരിയെന്ന ഗ്രാമത്തിൽ നിന്ന് പ്രശസ്തമായ ബിറ്റ്സ്പിലാനി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  ഗോവ ക്യാംപസില്‍ എൻജിനീയറിങ് പൂർത്തിയാക്കിയ അനുപമ. രണ്ടുപേരുടെയും മുന്നിൽ സാധ്യതകളുടെ വലിയ ലോകം തന്നെയുണ്ടായിരുന്നു. പഠിച്ചിറങ്ങിയപ്പോൾ തന്നെ വലിയ ശമ്പളമുള്ള ജോലി ഒരു മൗസ് ക്ലിക്കിനപ്പുറം കാത്തു നിന്നു. പക്ഷേ, അപ്പോഴും മനസ്സില്‍ ആ മൂന്നക്ഷരം അങ്ങനെ തിളങ്ങിക്കൊണ്ടേയിരുന്നു. െഎഎഎസ്... വനിതയുടെ വർക്കിങ് വിമൻ സ്പെഷലിനു വേണ്ടി രണ്ടുപേരും ഒരുമിച്ചിരുന്നപ്പോൾ.

c06

സ്വപ്നങ്ങളിൽ െഎഎഎസ് എങ്ങനെയാണ് കടന്നുവന്നത്?  

അനുപമ: സ്വപ്നത്തിന്റെ പിന്തുടർച്ചയായിരുന്നു എനിക്ക് െഎഎഎസ്. അച്ഛനും അമ്മാവനും സിവിൽ സർവീസ് പ്രിലിമിനറി എഴുതിയിരുന്നു. പക്ഷേ, പല  കാരണങ്ങൾ കൊണ്ട് കൂടുതൽ കാലം അവർക്ക് ആ സ്വപ്നത്തിനു വേണ്ടി ശ്രമിക്കാനായില്ല. അവരുടെ ആഗ്രഹത്തെ  എന്റെ മനസ്സിലേക്ക് ‘പാസ്’ ചെയ്യുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ കേട്ടും കണ്ടും വളർന്നത് സിവിൽ സർവീസിനെക്കുറിച്ചായിരുന്നു. അച്ഛനും അമ്മാവനും അതിനു വേണ്ടി എന്നെ ഒരുക്കിക്കൊണ്ടിരുന്നു. അച്ഛന്റെ മരണ ശേഷവും മത്സര പരീക്ഷകൾക്ക് സഹായിക്കുന്ന   പുസ്തകങ്ങൾ അമ്മാവൻ വാങ്ങി തന്നു. പിന്നീട് ഗോവ ബിറ്റ്സ് പിലാനിയിൽ എത്തി. പഠനം കഴിയും മുമ്പേ  ക്യാംപസ് സെലക്‌ഷൻ വഴി രണ്ടു ജോലി കിട്ടി. നല്ല ശമ്പളം. മികച്ച ഒാഫറുകൾ.  സ്വീകരിക്കണോ അതോ െഎഎഎസ്സിനു  ശ്രമിക്കണോ എന്ന സംശയം എനിക്കുണ്ടായിരുന്നു. കിട്ടുമെന്നുറപ്പില്ലല്ലോ. അമ്മയ്ക്ക്  ഗുരുവായൂർ ദേവസ്വത്തിലായിരുന്നു ജോലി. അച്ഛന്റെ മരണശേഷം  എന്നെയും അനുജത്തിയേയും ഒന്നുമറിയിക്കാതെ അമ്മ വളർത്തി. വീട്ടിലെ സാഹചര്യം ഇങ്ങനെയായിട്ടും  അമ്മ പറഞ്ഞു: ആ ജോലിക്കു പോകണ്ട, സിവിൽ സർവീസിനു തന്നെ ശ്രമിക്ക്. എന്നെക്കാൾ ആത്മവിശ്വാസം അമ്മയ്ക്കായിരുന്നു.

വാസുകി: ആളുകൾക്ക് സേവനം ചെയ്യുക എന്ന ആഗ്രഹത്തോടെയാണ് മെഡിസിൻ തിരഞ്ഞെടുത്തത്. ഡോക്ടറായാൽ സേവനം ചെയ്യാമെന്ന ചിന്തയാണ് ഉണ്ടായിരുന്നത്.    ചെന്നൈയിലെ സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്തപ്പോൾ സമൂഹത്തിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഡോക്ടറായാൽ മാത്രം പോെരന്നു മനസ്സിലായി. യഥാർഥ്യത്തിലേക്കുള്ള വാതിലായിരുന്നു ഗവൺമെന്റ് മെഡിക്കൽ കോളജ് ജീവിതം. പീഡിയാട്രിക് വാർഡിൽ ചെല്ലുമ്പോൾ പോഷകക്കുറവുള്ള ഒരുപാട് കുട്ടികളെ കാണാൻ കഴിയും. കുട്ടിക്കെന്താണ് ഭക്ഷണം കൊടുക്കാത്തതെന്ന്  ചോദിക്കുമ്പോഴേ അവർ കരഞ്ഞുകൊണ്ട് ജീവിതം പറയാൻ തുടങ്ങും. പലരുടെയും ഭർത്താക്കന്മാർ മദ്യപാനികളായിരിക്കും. കുഞ്ഞിനെ വീട്ടിലിട്ട് രാപ്പകലില്ലാതെ ജോലി ചെയ്താകും അവർ കുടുംബം നോക്കുന്നത്, അപ്പോഴാണ് പട്ടിണിയും ദാരിദ്ര്യവും മദ്യപാനം പോലുള്ള പ്രശ്നങ്ങളും എങ്ങനെയാണ് മനുഷ്യരെ ബാധിക്കുന്നതെന്ന് മനസ്സിലാകുന്നത്.

എങ്കിൽ ഏതെങ്കിലും എൻജിഒയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാലോ എന്നാലോചിച്ചു. പിന്നെയാണ്  ഐഎഎസ് ഓഫിസറായാൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. വാസുകി എന്ന മെഡിക്കൽ വിദ്യാർഥിനിക്ക് ആ കാലത്ത് കൂട്ടുകാരിട്ട ഇരട്ടപ്പേരായിരുന്നു വാംപയർ. മലയാളത്തിൽ രക്തദാഹി  എന്നൊക്കെ പറയാമെങ്കിലും ഭയക്കേണ്ട. രക്തദാനത്തിനായി മുന്നിട്ടിറങ്ങിയപ്പോൾ കിട്ടിയ പേരാണ്. മെഡിക്കല്‍ കോളജിൽ രക്തത്തിനാവശ്യവുമായെത്തുന്നവർ പാഞ്ഞെത്തുന്നത് വാസുകിയുടെ മുന്നിലേക്കായിരുന്നു. കണ്ണീരോടെ നിൽക്കുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ക്ലാസുകളിൽ നിന്നും സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ടും രക്തം സംഘടിപ്പിച്ചു നൽകും. അങ്ങനെ ജീവന്‍ തിരിച്ചു കിട്ടിയ എത്രയോപേർ.  പഠനകാലത്ത്  കേട്ട കഥകളിലെ വാസുകിയുടെ മറ്റൊരു മുഖത്തെക്കുറിച്ച് അനുപമ ചോദിച്ചു.

c05

‘‘ഇതു മാത്രമല്ല, പഠനകാലത്ത് ആർക്കൊക്കെയോ നല്ല ഇടി കൊടുത്തിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്? ’’ അനുപമയുടെ ചോദ്യത്തിന് വാസുകിയുടെ ഉത്തരം പൊട്ടിച്ചിരിയായിരുന്നു. ചിരിക്കൊടുവിൽ  ഉത്തരം വന്നു.

ഒരുപാട് പേരെ ഇടിച്ചിട്ടുണ്ട്. ആ കാലത്ത് ചെന്നൈയിൽ പെൺകുട്ടികൾക്ക് മുട്ടലും തട്ടലും തോണ്ടലുമൊക്കെ സഹിക്കാതെ സഞ്ചരിക്കാനാകില്ലായിരുന്നു. പൊതു നിരത്തിലും ബസ്സിലും ട്രെയിനിലും എല്ലാം കൈകൾ നീണ്ടുവരും. എന്നെ ആരു തൊട്ടാലും അവൻ അടി മേടിച്ചിരിക്കും, അതു ഞാൻ ഉറപ്പു വരുത്തിയിരുന്നു. ‘ഇങ്ങനെ ചെയ്യുന്നത് നാണക്കേടല്ലേ’ എന്നു ചില പെൺകുട്ടികൾ പോലും ചോദിച്ചിരുന്നു. ‘ഉപദ്രവിക്കുന്ന ആളുകളല്ലേ അവിടെ നാണംകെടുന്നത് നമ്മളല്ലല്ലോ. അവൻ മേലിൽ ഒരു സ്ത്രീയുടെയും ശരീരത്തി ൽ കൈ വയ്ക്കാത്ത രീതിയിൽ വേണം അടിക്കാനെ’ന്ന് ഞാൻ മറുപടി കൊടുക്കും. പെൺകുട്ടികളുടെ അത്തരം ചിന്താഗതിയാണ് മാറേണ്ടത്.   

ഒരിക്കൽ  ഞങ്ങൾ, കുറച്ചു പെൺകുട്ടികൾ സിനിമ കാണാൻ പോയി. തിയറ്ററിനകത്തേക്ക് വാതിൽ തുറന്നു  കയറിയതും ഒരുത്തൻ എന്നോട് മോശമായി പെരുമാറി, കൊടുത്തു കരണത്ത് ഒരെണ്ണം. ഒരു പെണ്ണ് അടിക്കുമെന്ന പ്രതീക്ഷയില്ലാതിരുന്നതുകൊണ്ട് അയാൾ അതേ പോസിൽ കുറച്ച് നേരമങ്ങനെ നിന്നുപോയി. നല്ല ആംഗിളുമായിരുന്നു. അതുകൊണ്ട് കൃത്യമായി അഞ്ചാറുവട്ടം അടിക്കാൻ പറ്റി. ആദ്യത്തെ രണ്ടടി മാത്രമേ നമ്മൾ കൊടുക്കേണ്ട കാര്യമുള്ളൂ, ബാക്കി അടി നാട്ടുകാര് കൊടുത്തോളും. എനിക്കുറപ്പാണ്,  ആ സംഭവത്തിന് ശേഷം അവനാരോടും മോശമായി പെരുമാറിയിട്ടുണ്ടാകില്ല.

സ്ത്രീകൾ തലപ്പത്തു വരുമ്പോൾ ഡിസിഷൻ മേക്കിങ് പ്രയാസമാണ് എന്നൊക്കെയുള്ള മുൻധാരണകൾ എങ്ങനെ മാറ്റി?

അനുപമ: ക‍ൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകൾ പരാജയപ്പെടുമെന്നു കരുതുന്നവർക്ക്  മറുപടി നൽകിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിവിനെ മറ്റുള്ളവർ സംശയിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോൾ വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് ഉത്തരം നൽകേണ്ടത്.  കരിയറിന്റെ തുടക്കകാലങ്ങളിലാണ് അത്തരം സംശയങ്ങളൊക്കെ പലർക്കും ഉണ്ടായത്. പിന്നീടത് മാറി.

പലപ്പോഴും സ്ത്രീകളുടെ പങ്കാളിത്തം കുറവായതു കൊണ്ടാകാം  ഇത്തരം തെറ്റിധാരണകൾ ഉണ്ടാകുന്നത്. കാലം അത് മാറ്റിയെടുക്കുമെന്നുറപ്പാണ്. സ്ത്രീ ആയതുകൊണ്ട് ര ണ്ടാംനിരയിലേക്ക്  മാറി നിൽക്കേണ്ട സാഹചര്യം എനിക്കുണ്ടായിട്ടില്ല. അതിനു ഞാൻ തയാറായിട്ടുമില്ല. ഈ ജോലിയിൽ വന്ന ശേഷം ഒരുപാട് സ്ത്രീകളുടെ ദുരനുഭവങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

വാസുകി: സ്ത്രീകളാണ് കൂടുതൽ മികച്ച ഡിസിഷൻ മേക്കേഴ്സ് എന്നത് ലോകത്തു പലയിടത്തും നടന്ന സർവേകളിൽ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ഈ കാലത്തിൽ പോലും നമ്മുടെ   സമൂഹത്തിൽ സ്ത്രീകളോട് മുൻധാരണകളോടെ പെരുമാറുന്നവരുണ്ട്.  പല സീനിയേഴ്സും സഹപ്രവർത്തകരും ആ ധാരണകളിൽ കുടുങ്ങി കിടപ്പുണ്ട്.
യഥാർഥത്തിൽ നമ്മുടെ സമൂഹം സ്ത്രീകളോടു പെരുമാറുന്നത് എങ്ങനെയാണ്?

അനുപമ: ഇപ്പോഴും ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളെ മറ്റൊരു വീട്ടിലേക്ക് അയയ്ക്കേണ്ടതാണെന്ന ചിന്തയാണ്. ഉപരിപഠനം തിരഞ്ഞെടുക്കുമ്പോൾ  പോലും എന്തിനാണ് ആ കോഴ്‍സ് ചെയ്യുന്നത്. അതിനിടയിൽ കല്യാണം കഴിച്ചു പോകേണ്ടേ എന്നു ചിന്തിക്കുന്നവരുണ്ട്. പെൺകുട്ടിയെ പഠിപ്പിച്ചാൽ ‘ബെനിഫിറ്റ് ഇല്ല’ എന്നു കരുതുന്നത് എത്ര വലിയ അനീതിയാണ്.  ഒരാൺകുട്ടിക്കു കിട്ടുന്ന എല്ല അവസരവും അതു പോലെ തന്നെ പെൺകുട്ടിക്കും കിട്ടണം.

c07

വാസുകി: മകൾ സയൂരിക്ക് അവൾ രണ്ടാം നിരയിലാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാകരുതെന്നത് ഞങ്ങൾക്ക് വാശി   യാണ്. ആ രീതിയിലാണ്   വളർത്തുന്നത്. എന്നിട്ടും  ആ   അഞ്ച് വയസ്സുകാരി ചോദിച്ചിട്ടുണ്ട്, ‘കല്യാണം കഴിച്ചാൽ ഞാൻ നിങ്ങളെ വിട്ടു പോണോ? എനിക്കതിനു പറ്റില്ല, അതുകൊണ്ട് അനുജൻ സമരനെ കല്യാണം കഴിക്കാമോ? എന്ന്..  ’
പെൺകുട്ടി എന്നാൽ വീട്ടിൽ നിന്നറങ്ങി പോകേണ്ടവളാണെന്ന ചിന്ത കുട്ടിയായിരിക്കുമ്പോഴേ അവളുടെ മനസ്സിൽ ക യറി. ഒരിക്കലും ഞങ്ങൾ അത്തരത്തിൽ സംസാരിച്ചിട്ടേ  ഇല്ല. അഞ്ചുവയസ്സിലേ ആൺ പെൺ വ്യത്യാസത്തെക്കുറിച്ച് സമൂഹത്തിൽ നിന്ന് അറിയുന്നുണ്ട്. അത് അപകടമല്ലേ? ഒരു മകനും മകളുമുള്ള കുടുംബത്തിൽ മകളെ ചായയിടാൻ പഠിപ്പിക്കുമ്പോൾ മകനെ പഠിപ്പിക്കുന്നത് കടയിൽ പോകാനും കാർ ഓടിക്കാനുമാണ്. വലിയ ഫീസ് കൊടുത്തു പഠിപ്പിക്കുന്നതും മകനേയാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലുടനീളം അവൻ വിചാരിക്കും; അവനാണ് സുപ്പീരിയർ.  മാറ്റം വ രേണ്ടത് വീടുകളിൽ നിന്നു തന്നെയാണ്.

സയൂരി–സമരൻ. മക്കളുടെ  പേരിൽ കൗതുകമുണ്ടല്ലോ?

വാസുകി: സയൂരി ജാപ്പനിസ് പേരാണ്. ഞാൻ പഴയൊരു സിനിമാഭ്രാന്തിയാണ്. ‘മെമോയർസ് ഓഫ് എ ഗീഷ’ എന്നൊരു സിനിമയിലെ  പ്രധാന കഥാപാത്രത്തിന്റെ പേരാണ് സയൂരി. അന്നു സിനിമ കണ്ടപ്പോൾ തന്നെ എനിക്കാ പേര് ഒരുപാട് ഇ ഷ്ടമായിരുന്നു.  പെൺകുട്ടിയുണ്ടാകണമെന്ന് പണ്ടേ ആഗ്രഹിക്കുമായിരുന്നു. ആൺകുട്ടിയോടുള്ള നമ്മുടെ നാടിന്റെ  അ മിത ഇഷ്ടം കൊണ്ടുകൂടിയിരുന്നു അത്. സമരൻ എന്ന വാക്കിന് പോരാളി എന്നാണർഥം.

വാസുകി – കാർത്തികേയൻ എന്ന രണ്ടു സുഹ‍ൃത്തുക്കൾ എന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് ?

വാസുകി: ഞാനും കാർത്തികേയനും മെഡിക്കൽ കോളജിൽ ഒരേ ബാച്ച് ആയിരുന്നു. രണ്ടാളും നല്ല  സുഹൃത്തുക്കൾ. ഞങ്ങൾ ഏഴു പേരുള്ള ഒരു സംഘമുണ്ടായിരുന്നു. ‘സെവൻ സ്റ്റാർസ്’ എന്നായിരുന്നു ആ ഗാങ്ങിന്റെ പേര്. അദ്ദേഹത്തെ എനിക്കിഷ്ടമായിരുന്നു, അതുപോലെ തന്നെ ഒരുപാട് പേർക്കും  ഇഷ്ടമായിരുന്നു. ഒരു സമയത്ത് ഞങ്ങൾ തമ്മിൽ സുഹൃത്തുക്കൾക്ക് അപ്പുറമുള്ളൊരു ബന്ധമുണ്ടായതായി തോന്നി.  ഞാൻ പ്രപോസ് ചെയ്തു, അദ്ദേഹമത് സമ്മതിച്ചു. ഒട്ടും പ്ലാനിങ്ങിൽ സംഭവിച്ചതല്ല, കൃത്യമൊയൊരു സമയത്ത് ഞാനത് പറഞ്ഞു, അദ്ദേഹം സമ്മതിച്ചു. അത്രമാത്രം.

അതോടെ ഞങ്ങൾ രണ്ടുപേരും സുരക്ഷിതരാണെന്നു തോന്നിയിട്ടുണ്ട്. അതിനുശേഷമാണ് ഞങ്ങൾ  െഎഎഎസ് എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത്. ആ ബന്ധമില്ലായിരുന്നെങ്കിൽ ഞങ്ങൾ രണ്ടുപേരും െഎഎഎസ്സിലേക്ക് എത്തില്ലായിരുന്നു. അദ്ദേഹം ഇപ്പോൾ കൊല്ലം കലക്ടറാണ്. ഞങ്ങളുടെ കൂട്ടായൊരു തീരുമാനമായിരുന്നു ഈ ജോലി തിരഞ്ഞെടുക്കൽ. പ്രാക്ടിസിനു പകരം സിവിൽ സർവീസ് എന്ന തീരുമാനത്തിലേക്കെത്താൻ മാസങ്ങളോളം ആലോചിച്ചു. ഒരു ദിവസം  ചെന്നൈയിൽ അഴകർ കോവിൽ എന്നൊരു ക്ഷേത്രമുണ്ട്.  മലയുടെ മുകളിലായുള്ളൊരു മുരുകക്ഷേത്രം. ഞങ്ങൾ അവിടെ പോയി രണ്ട് മണിക്കൂറിരുന്നു സംസാരിച്ച് ഒടുവിൽ തീരുമാനിച്ചു, െഎഎഎസ്.’’ ‍‌
ഒന്നു നിർത്തി വാസുകി ചോദിച്ചു;

c01

അനുപമയുടെ ജീവിതവും ഇതുപോലെയല്ലേ?

അനുപമ: ക്ലിൻസണും ഞാനും  ബിറ്റ്സ് പിലാനിയിൽ ഒരുമിച്ചു പഠിച്ചതാണ്. അന്നു ഞങ്ങൾ അഞ്ചുപേരായിരുന്നു മലയാളികൾ. സാധാരണ അന്യദേശത്തു ചെന്നാൽ ഒരേ സംസ്ഥാനക്കാർ തമ്മിൽ ഒരുമിച്ചു നിൽക്കുന്നത് സ്വാഭാവികമാണല്ലോ. ഞങ്ങളെല്ലാവരും അന്നുമിന്നും നല്ല സുഹൃത്തുക്കളാണ്. പിന്നീട് ഞങ്ങളൊരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.
എല്ലാത്തിനുമപ്പുറം ഞങ്ങളുടെ സൗഹൃദം തന്നെയായിരുന്നു വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കെത്തിച്ച പ്രധാന കാരണം.  സിവിൽ സർവീസിന് തയാറെടുക്കുന്ന സമയത്ത് എനിക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു. അദ്ദേഹം എംബിഎ പഠനത്തിനായി ഇന്ത്യക്കു പുറത്തു പോകാൻ ശ്രമിക്കുന്നു. അനിശ്ചിതത്വത്തിന്റെ ആ കാലഘട്ടത്തിൽ  പരസ്പരം വലിയ ആശ്വാസമാകാൻ പറ്റിയിരുന്നു. ഈ കരിയർ മതി എന്നു തീരുമാനിക്കുന്ന സമയത്തേ എനിക്കൊപ്പമുള്ള ആളായിരുന്നതു കൊണ്ടാകാം ഇപ്പോഴും എന്നെ ഇത്ര സപ്പോർട്ടു ചെയ്യാൻ പറ്റുന്നത്. മോനുണ്ടായി കഴിഞ്ഞാണ് ഞാനതു കൂടുതൽ മനസ്സിലാക്കിയത്.

മകൻ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്. എപ്പോഴും പാട്ടു പാടിക്കൊണ്ടു നടക്കും. ഓഫിസിൽ നിന്ന് വീട്ടിൽ ചെല്ലുമ്പോൾത്തന്നെ ഓടിവന്ന് കെട്ടിപിടിച്ച് പാട്ടുപാടാനാവശ്യപ്പെടും അയാൻ. ഒന്നേമുക്കാൽ വയസ്സായി. ഓടിനടക്കുന്ന പ്രായമാണ്. കഥ പറഞ്ഞുകൊടുക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും  പലപ്പോഴും  നടക്കാറില്ല. അതിലൊരു വിഷമമുണ്ട്.
ക്ലിൻസണ് പഠനം കഴിഞ്ഞ് ഉടൻ െഎടി മേഖലയിൽ ജോലി കിട്ടിയെങ്കിലും  പിന്നീട്   രാജിവെച്ച് നാട്ടിലേക്കു പോന്നു.  ഇന്ന് പുതിയൊരു െഎടി കമ്പനി തുടങ്ങുന്ന ദിവസമാണ്. പക്ഷേ, എനിക്കിന്ന് മീറ്റിങ് ഉള്ള ദിവസം. മാറിനിൽക്കാനാകില്ല.  

എടുത്ത തീരുമാനത്തിൽ നിന്ന് എന്തു സംഭവിച്ചാലും പിന്മാറില്ലെന്നുറപ്പിച്ച രണ്ടുപേർ. എങ്ങനെ സാധിക്കുന്നു?

വാസുകി: പ്രതിസന്ധികളുണ്ടാകും. തീരുമാനത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരുമുണ്ടാകും. അതിനെയെല്ലാം മറികടന്ന് പൊസിറ്റീവായി കാര്യങ്ങളവസാനിക്കുമ്പോൾ ആത്മവിശ്വാസം കൂടും. ആ നിമിഷം തരുന്ന കരുത്ത് വലുതാണ്. ചെയ്യുന്നത് ശരിയാണെന്ന ഉറപ്പുണ്ടെങ്കിൽ, ആ തീരുമാനം ഒരുപാട് ആലോചിച്ച് എടുത്തത് ആണെങ്കിൽ, അത് ജനങ്ങളുടെ നല്ലതിന് വേണ്ടിയാണെങ്കിൽ  അവസാനം വരെ അതിൽ മുറുകെ പിടിക്കുക. അതാണെന്റെ വിശ്വാസം. പ്രതിസന്ധികളുണ്ടാകുമ്പോഴാണ് ആരാണ് ശത്രുവെന്നും  മിത്രമെന്നും മനസ്സിലാകുന്നത്.    

അനുപമ: നമുക്ക് ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമം നോ ക്കി തീരുമാനം എടുത്താൽ അതു തെറ്റാനുള്ള സാഹചര്യം  വളരെ കുറവായിരിക്കും. അതു മുന‍്‍നിർത്തി ഒരു തീരുമാനം എടുത്താൽ ബാക്കിയുള്ളവർ എന്തു കരുതുമെന്ന് ചിന്തിക്കരുത്, അപ്പോഴേ ഡിസിഷന്‍ മേക്കിങ് വൈകുകയോ തെറ്റിപ്പോവുകയോ ചെയ്യുകയുള്ളൂ. വ്യക്തി എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാണ് എ ന്നെനിക്ക് വിശ്വാസമില്ല. എടുത്ത എല്ലാ തീരുമാനങ്ങളും ശരിയായ രീതിയിൽ അവസാനിച്ചു എന്നും പറയാൻ പറ്റില്ല.

ഈ ലക്കം വനിത വർക്കിങ് വിമൻ സ്പെഷലാണ്. ടൈംമാനേജ്മെന്റിനെ കുറിച്ചു പറയാമോ?

അനുപമ: എനിക്കൊരിക്കലും പെർഫക്ടായി ചെയ്യാൻ പറ്റാത്ത കാര്യമാണ് ടൈം മാനേജ്മെന്റ്. ഒാഫിസും വീടും  ഒരുമിച്ച് മറ്റുള്ളവരുടെ സഹായമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണ്.    മുൻഗണനാക്രമത്തിൽ ചെയ്യുക എന്നത് ഒരു പോംവഴിയാണ്. തനിച്ചു ചെയ്യാൻ പറ്റുന്നത് തനിച്ചു ചെയ്യുക. മറ്റുള്ളവരുടെ സഹായത്തോടെ ചെയ്യേണ്ടത് അങ്ങനെ ചെയ്യുക. വീട് ഒരിക്കലും സെക്കൻഡറിയായി പോകാതിരിക്കുക.

ഭർത്താവിനെ പോലെ തന്നെ കുടുംബത്തിനു വേണ്ടി സ മ്പാദിക്കുക എന്നത് വലിയൊരു കാര്യമാണ്. കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാൻ പറ്റുന്നില്ല എന്ന സങ്കടപ്പെട്ടതു കൊണ്ടുമാത്രം കാര്യമില്ല.   അവർക്കൊപ്പം  കഴിയാനുള്ള സാഹചര്യം ഉണ്ടാക്കുക.  കുട്ടികളുടെ ഒാരോ മൈൽ സ്േറ്റാണും അവരോടൊപ്പമിരുന്ന് ആസ്വദിക്കുക അവരെ കൈപിടിച്ച് നടത്തുക. അതു വളരെ പ്രധാനമാണ്.  

c03

വാസുകി: വീടും ഒാഫിസും ഒരുമിച്ചു കൊണ്ടുപോകാനാകാത്തതു കൊണ്ട് ജോലി നിഷേധിക്കപ്പെടുന്ന സ്ത്രീകളുണ്ട്.  തീരുമാനം സ്ത്രീയുടെതു മാത്രമാണെങ്കിൽ അംഗീകരിക്കാം. പക്ഷേ, നിർബന്ധത്തിനു വഴങ്ങി കഴിവുകൾ ഉപേക്ഷിക്കരുത്. കുടുംബജീവിതത്തിൽ പലപ്പോഴും സ്ത്രീ നേരിടുന്ന പ്രശ്നം മൾട്ടി ടാസ്കിങ്ങാണ്. ഭർത്താവ് അയാളുടെ ജോലിക്കാര്യം മാത്രം നോക്കുമ്പോൾ ഭാര്യയ്ക്ക് ഭക്ഷണത്തിന്റേയും സ്കൂൾ ഫീസിന്റേയും മക്കളുടെ പഠിത്തത്തിന്റേയും കാര്യങ്ങൾ നോക്കണ്ടിവരും.  ഈ പിരിമുറുക്കം കൊണ്ട് നാൽപ്പത്തഞ്ചു വയസ്സൊക്കെ ആകുമ്പോൾ  പല തരത്തിലുള്ള ശാരീരിക മാനസ്സിക ബുദ്ധിമുട്ടുകൾ തുടങ്ങും. കോംപ്രമൈസുകൾക്കൊടുവിൽ പൊട്ടിത്തെറിക്കാതെ നിവൃത്തിയില്ലെന്നാകും.  

വിവാദങ്ങളൊക്കെ കാണുമ്പോൾ സിനിമയിലെ പോലെ രാഷ്ട്രീയക്കാരും െഎഎഎസ്സുകാരും രണ്ടു തട്ടിലാണെന്നു തോന്നുന്നതിൽ തെറ്റുണ്ടോ?

അനുപമ: ജനപ്രതിനിധികളും കലക്ടർമാരും രണ്ടു തട്ടിലാണെന്നു പറയുന്നത് വലിയ തെറ്റിദ്ധാരണയാണ്. ഏതൊരു പദ്ധതി ഏറ്റെടുത്താലും അതു പൂർത്തിയാക്കുന്നതിൽ ജനപ്രതിനിധികളുടെ സഹായം കൂടിയേ തീരൂ. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നത് അവരല്ലേ. നാടിന് പുരോഗതി വേണമെങ്കിൽ ഈ രണ്ടു വിഭാഗവും  ഒരുമിച്ചു നിൽക്കണം. ഒരുമിച്ചു ചെയ്യുന്ന നല്ല കാര്യങ്ങൾ പുറംലോകം അറിയാറില്ല. ചില ചെറിയ പ്രശ്നങ്ങളേ വാർത്തകളാകാറുള്ളു. അതുകൊണ്ടാണ് ഇത്തരം തോന്നലുകൾ ഉണ്ടാകുന്നത്.

വാസുകി:  കേരളത്തിലെ രാഷ്ട്രീയക്കാർക്കൊപ്പം ജോലി ചെയ്യാൻ അധികം ബുദ്ധിമുട്ടില്ല. ജനങ്ങളെ അറിയുന്നവർ അവ  രാണെന്ന് ബോധ്യം ഞങ്ങൾക്കുണ്ട്. അതുകൊണ്ട് അവരുടെ വാക്കുകൾ കേൾക്കാൻ മടിയും തോന്നിയിട്ടില്ല.

സിവിൽ സർവീസ് സ്വപ്നം മനസ്സിൽ കൊണ്ടു നടക്കുന്ന ഒരുപാടു കൗമാരക്കാരുണ്ട്. എന്താണു പറയാനുള്ളത്?

വാസുകി: എന്തിനാണ് സിവിൽ സർവീസ് എന്നതിന് ഒരു ശരിയായ ഉത്തരം പറയാൻ പറ്റണം. വ്യക്തി താൽപര്യങ്ങളെ മുഴുവനായി മാറ്റി നിർത്തി സേവനം എന്നു പറയാൻ  കഴിയണം. ആത്മാർഥമായ ആഗ്രഹമാകണം. അല്ലാതെ വെറുമൊരു അംഗീകാരത്തിനായി മാത്രമാകരുത് ആ സ്വപ്നം..

പ്രകാശം പരത്തുന്ന ഒരുപാടു നക്ഷത്രങ്ങളുണ്ട് നമുക്കു  ചുറ്റും. ഇതാ, ഇവരെ പോലെയുള്ള നറുവെളിച്ചത്തിന്റെ മാതൃകകൾ. സ്വപ്നത്തിലേക്ക് ഇരുട്ടെത്തുമ്പോഴൊക്കെ ആ വെളിച്ചത്തിനു മുന്നിൽ ഇടയ്ക്കൊന്നു ചെന്നു നിൽക്കാവുന്നതാണ്.