Thursday 03 June 2021 12:02 PM IST : By സ്വന്തം ലേഖകൻ

‘ഇനിയും എത്രയോ കാലം ഒപ്പം ഉണ്ടാവേണ്ടിയിരുന്ന ആളാണ്; കെട്ട കാലമാണ്, ചുറ്റും നഷ്ടങ്ങളാണ്.. സഹിച്ചേ പറ്റൂ’; കുറിപ്പ്

muralee44fghhh

"ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ബാദുഷ. കാർട്ടൂണിസ്റ്റ് ആയിരുന്നു. ഒരിക്കലേ കണ്ടിട്ടുള്ളൂ, സുഹൃത്ത് സാബിത് ഉമറിന്റെ കൂടെ. പെട്ടെന്നാണ് പോയത്. അതിന് മുൻപ് പ്രളയകാലത്തും കൊറോണക്കാലത്തും സമൂഹത്തിന് ഏറെ നൽകി. ഇനിയും എത്രയോ കാലം നമ്മുടെ ഒപ്പം ഉണ്ടാവേണ്ടിയിരുന്ന ആളാണ്! കെട്ട കാലമാണ്. ചുറ്റും നഷ്ടങ്ങൾ ആണ്. സഹിച്ചേ പറ്റൂ. എൻറെ ബന്ധുവും കാർട്ടൂണിസ്റ്റുമായ സജ്ജീവ് ബാലകൃഷ്ണൻ ബാദുഷയെപ്പറ്റി എഴുതുന്നു."- ഇബ്രാഹിം ബാദുഷയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുറിപ്പ് പങ്കുവച്ച് മുരളി തുമ്മാരുക്കുടി.

മുരളി തുമ്മാരുക്കുടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൊറോണക്കാലം കൊണ്ടുപോകുമ്പോൾ

ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ബാദുഷ. കാർട്ടൂണിസ്റ്റ് ആയിരുന്നു. ഒരിക്കലേ കണ്ടിട്ടുള്ളൂ, സുഹൃത്ത് സാബിത് ഉമറിന്റെ കൂടെ. പെട്ടെന്നാണ് പോയത്. അതിന് മുൻപ് പ്രളയകാലത്തും കൊറോണക്കാലത്തും സമൂഹത്തിന് ഏറെ നൽകി. ഇനിയും എത്രയോ കാലം നമ്മുടെ ഒപ്പം ഉണ്ടാവേണ്ടിയിരുന്ന ആളാണ്! കെട്ട കാലമാണ്. ചുറ്റും നഷ്ടങ്ങൾ ആണ്. സഹിച്ചേ പറ്റൂ. എൻറെ ബന്ധുവും കാർട്ടൂണിസ്റ്റുമായ സജ്ജീവ് ബാലകൃഷ്ണൻ ബാദുഷയെപ്പറ്റി എഴുതുന്നു.

വരാവേശത്തിന്റെ ബാദുഷ ! 

അവയുടെ ഉടമകൾ ഒരിക്കലും കണ്ണിൽ നിന്ന് മറയില്ല 

എന്ന് കുട്ടിക്കാലത്ത് എല്ലാവരും മോഹിക്കുന്ന രണ്ട് മുഖങ്ങളുണ്ട്. 

ഒരിക്കലും മരിക്കാത്ത അച്ഛനും അമ്മയും ഉള്ളവരാണ് ലോകത്തെ ഏതു കുട്ടിയും. 

നമ്മളെ വർഷങ്ങളോളം അതിജീവിക്കും എന്ന് നമ്മെക്കൊണ്ട് എന്തുകൊണ്ടോ തോന്നിപ്പിക്കുന്ന മുഖങ്ങൾ ജീവിതയാത്രയിൽ പിന്നെയും നമ്മൾ ഇടയ്ക്കിടെ കാണും. ആ തോന്നൽ നമ്മൾക്കും ഏറെ ദൂരം അവരോടൊപ്പം  നടക്കാനുള്ള യോഗമുണ്ടാകും എന്ന ഒരു സ്ഥിരീകരിക്കാത്ത വാഗ്ദാനമാണ്. ഇബ്രാഹിം ബാദുഷ അത്തരമൊരു മുഖമായിരുന്നു, ചലനങ്ങളായിരുന്നു.

യുവ കാർട്ടൂണിസ്റ്റുകളിൽ വച്ച് കേരളത്തിൽ ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ച  എന്റെ സുഹൃത്ത് ഇന്ന് രാവിലെ യാത്രയാവുമ്പോൾ, എന്ത് ഒബ്സെർവഷൻ സ്കിലിനെപ്പറ്റിയാണ് ഞങ്ങൾ കുട്ടികളോട് ക്യാംപുകളിൽ പറഞ്ഞുകൊണ്ടിരുന്നത് എന്ന് അവിശ്വാസത്തോടെയും ഭയത്തോടെയും ഓർത്തുപോകുന്നുണ്ട്.   

2007 ൽ വടക്കൻ പറവൂർ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ഗെസ്റ് ഹൗസിൽ വച്ച നടത്തിയ കേരള കാർട്ടൂൺ അക്കാദമിയുടെ വാർഷിക പൊതുയോഗത്തിൽ വച്ചാണ് സുമുഖനായ ആ 22 കാരൻ അരികിലേക്ക് വന്നു സ്വയം പരിചയപ്പെടുത്തിയത്... 

"ഞാൻ ഇബ്രാഹിം ബാദുഷ"

ഇക്കഴിഞ്ഞ 14 കൊല്ലങ്ങൾക്കിടെ കാർട്ടൂണിനെപ്പറ്റി ഇത്രയും തീവ്രമായ പാഷനോടെ പറഞ്ഞുകൊണ്ട് നടന്നിരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല, എവിടെയും. ബാദുഷയുടെ സംഭാവനകൾ കുട്ടികൾക്കു വേണ്ടിയായിരുന്നു. ആൽഫബെറ്റ് കാർട്ടൂണിങ്ങിന്റെ കേരളത്തിലെ നായകൻ ആയിരുന്നു. കേരളത്തിലും വിദേശങ്ങളിലും ബാദുഷയുടെ കാർട്ടൂൺ ആൽഫബെറ്റുകൾക്ക് ആരാധകരേറിയേറി വന്നു. ഏതൊരു ഗ്രൂപ്പിലും ഒരു സങ്കോചവുമില്ലാതെ, ഒരു ചെറു പുഞ്ചിരിയോടെ ഈ സുമുഖൻ ലയിച്ചു. ഒരിക്കൽ അറിഞ്ഞവർ നല്ലതു മാത്രം ഈ സുന്ദര യുവാവിനെക്കുറിച്ച് പറഞ്ഞു. 

അതിനിടെ സ്‌കൂളുകൾ ബാദുഷയ്ക്കു വേണ്ടി കാത്തിരുന്നു. പിന്നീട്, ഇടയ്ക്ക്, CD കളും ഇത്തിരി മാത്രം പേജുകൾ വരുന്ന ചിത്ര കഥകളും ചിലവാക്കാൻ കിലോമീറ്ററുകൾ നടന്നു. ബാദുഷയുടെ ജീവിതം പലപ്പോഴും അരക്ഷിതമായിരുന്നു എന്ന് പലരും അറിഞ്ഞില്ല. വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ  ഞാൻ വിളിക്കുമായിരുന്നുള്ളൂ. അപ്പോഴൊക്കെ , വായന കൂട്ടേണ്ടതിന്റെയും വരയുടെ വേഗത കുറയ്‌ക്കേണ്ടതിന്റെയും കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. യാതൊരു കാലുഷ്യവുമില്ലാതെ ബാദുഷ കേട്ടിരിക്കും. സംസാരത്തിനൊടുവിൽ ഹൃദയത്തിൽനിന്ന് നന്ദി പറയും. ഇടയ്ക്കിടെ കേട്ട മൂന്നാലു ചാനൽ അഭിമുഖങ്ങളിൽ സജ്ജീവ് ബാലകൃഷ്ണൻ ആണ് ക്യാരിക്കേച്ചറിൽ തന്റെ ഗുരു എന്ന് പറഞ്ഞത് കേട്ട് സന്തോഷവും അത്ഭുതവും പിന്നെ ദുഃഖവും തോന്നിയിരുന്നു. 

ഒരു വര പോലും ഞാൻ വരപ്പിച്ചിട്ടില്ല. എന്നെ അധികം ചിത്രങ്ങൾ കാണിച്ചിട്ടുമില്ല. ധൃതിപിടിച്ചുള്ള എന്റെ എല്ലാ 1 മിനിറ്റ് കുത്തിവരകളിലും അനാട്ടമിക്കൽ തെറ്റുകളുടെ പെരുമഴയാണെന്ന് ഞാൻ എല്ലായ്പ്പോഴും ഓർമ്മിപ്പിക്കാറുമുള്ളതാണ്. എന്നിട്ടും എന്നെ ഗുരുവാക്കിയിരിക്കുന്നു.... ! 9 കൊല്ലം മുമ്പ് ഒരു രാത്രിയിൽ കയറിവന്ന ബാദുഷയ്ക്ക് മകൻ സിദ്ദാണിയെക്കൊണ്ട് ദക്ഷിണ കൊടുപ്പിച്ചു. അവന്റെ ആ ഒറ്റ ദിവസത്തെ ഗുരുവായിരുന്നു.

ബാദുഷയുടെ വീട്ടിൽ ചെറിയ കുഞ്ഞുങ്ങളുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങൾ. എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടിയായിരുന്നു ഇബ്രാഹിം ബാദുഷ വരച്ചുകൊണ്ടിരുന്നത്. അല്ലലറിയാതെ, അഭിമാനികളായി വളരാൻ ആ കുഞ്ഞുങ്ങൾക്ക് യോഗമുണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

വിട , പ്രിയപ്പെട്ട കാർട്ടൂൺ മാൻ!

Tags:
  • Spotlight
  • Social Media Viral