Friday 09 April 2021 04:25 PM IST : By സ്വന്തം ലേഖകൻ

വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി; സാധാരണക്കാരുടെ വയറു നിറയ്ക്കുന്ന ‘ഇഡ്ഡലിയമ്മ’യ്ക്ക് വീടും കടയും നല്‍കി ആനന്ദ് മഹീന്ദ്ര

idly-amma-mahendra

വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന മുത്തശ്ശിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇഡ്ഡലിയമ്മ എന്ന പേരിൽ അറിയപ്പെടുന്ന മുത്തശ്ശിയുടെ കഥ വാർത്തകളിൽ നിറഞ്ഞതോടെ ഇവർക്ക് വീടും പുതിയ കടയും വച്ചു നൽകാമെന്ന് ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു.

വിറകടുപ്പിൽ പാചകം ചെയ്ത് തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വില്‍ക്കുകയാണ് കമലാദൾ. സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള മഹീന്ദ്രയുടെ ട്വീറ്റ് കണ്ട ഭാരത് ഗ്യാസ് കോയമ്പത്തൂര്‍ ഇഡ്ഡലിയമ്മയ്ക്ക് പുതിയ ഗ്യാസ് കണക്ഷൻ നൽകി. വീടിനായി മഹീന്ദ്രയുടെ തന്നെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്‌പേസസ് ഭൂമി കണ്ടെത്തി, കഴിഞ്ഞ ദിവസം  രജിസ്‌ട്രേഷനും കഴിഞ്ഞു. ഇനി അവിടെ ഇഡ്ഡലിയമ്മയ്ക്ക്  വീട് വളരെ വേഗം നിർമിച്ചു നൽകും. മറ്റുള്ളവർക്ക് പ്രചോദനമായി ജീവിക്കുന്ന ഇഡ്ഡലിയമ്മയുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

തമിഴ്‌നാട്ടിലെ ഒരു ദരിദ്ര ഗ്രാമമാണ് വടിവേലംപാളയം. തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഇവിടെയുണ്ട്. അവരിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കി, കൂലി മിച്ചം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്, കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും തന്റെ കടയിൽ വിതരണം ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ മുപ്പതുവർഷത്തിനു ശേഷവും ഈ രീതി തുടരുന്നു. കുറഞ്ഞ പണത്തിന് ഭക്ഷണം കൊടുത്താൽ, പട്ടിണി കിടക്കാതെതന്നെ അവർക്ക് കുടുംബം പോറ്റാന്‍ സാധിക്കുമല്ലോ എന്നാണ് കമലാദള്‍ ചോദിക്കുന്നത്.

idly-amma-help-new
Tags:
  • Spotlight
  • Inspirational Story