ഇടുക്കി ചെറുതോണി പൈനാവ് 56 കോളനിയിൽ ഭാര്യാമാതാവിനെയും ഭാര്യാസഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിലിരിക്കെ പൊലീസിനെ വെട്ടിച്ച് വീണ്ടുമെത്തി ഇവരുടെ വീടുകൾക്കു തീയിട്ട സംഭവം ഇന്നലെ നാടിനെ ഞെട്ടിച്ചു. പുലർച്ചെ നാലോടെ ഫാമിലേക്കു പോകാനിറങ്ങിയ അയൽവാസിയാണ് ലിൻസിന്റെ വാടക വീട്ടിൽ നിന്നു പുക ഉയരുന്നതു ശ്രദ്ധിച്ചത്. ഇയാൾ ചുറ്റുപാടുള്ളവരെ വിളിച്ചുണർത്തി നോക്കിയപ്പോൾ തൊട്ടു മുകളിലുള്ള, ലിൻസിന്റെ മൂത്ത സഹോദരൻ പ്രിൻസിന്റെ വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ടു. ഇതോടെ നാട്ടുകാർ ഇടുക്കി പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ച ശേഷം തീയണയ്ക്കാൻ തുടങ്ങി.
കതക് ചവിട്ടിത്തുറന്ന് ഗ്യാസ് കണക്‌ഷൻ വിഛേദിച്ച് സിലിണ്ടർ പുറത്തേക്ക് എറിഞ്ഞതിനാൽ സ്ഫോടനം ഉണ്ടായില്ല. അഗ്നിരക്ഷാസേനയും പൊലീസും എത്തിയ നേരം കൊണ്ട് ലിൻസ് താമസിച്ചിരുന്ന വീടിനകം ഏതാണ്ട് പൂർണമായും കത്തി നശിച്ചിരുന്നു. പ്രിൻസിന്റെ വീട് ഭാഗികമായും കത്തിയമർന്നു.
തമിഴ്നാട്ടിൽ നിന്ന് കന്നാസിൽ ഇന്ധനം
പ്രതി വീടുകൾ കത്തിച്ചത് തമിഴ്നാട്ടിൽ നിന്നു കന്നാസിൽ വാങ്ങി കൊണ്ടുവന്ന ഡീസലും പെട്രോളും ഉപയോഗിച്ച്. പെട്രോളും ഡീസലും തുണിയിലും പേപ്പറുകളിലും മുക്കി കത്തിച്ച് വീടുകളുടെ ഉള്ളിലേക്ക് എറിയുകയായിരുന്നു. ആദ്യം തീയിട്ട ലിൻസിന്റെ വീട്ടിൽ നിന്ന് ആരും രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ പന്തം കണക്കെ തുണി ചുറ്റി തീകൊളുത്തി നാലു ചുറ്റും നിന്ന് വീടിനുള്ളിലേക്ക് എറിഞ്ഞു.
എന്നാൽ വീട്ടിൽ നിന്ന് ആളനക്കം ഇല്ലാതായതോടെ ലക്ഷ്യം പാളിയെന്നു മനസ്സിലായതോടെ തൊട്ടു മുകളിലുള്ള ലിൻസിന്റെ ജ്യേഷ്ഠൻ പ്രിൻസിന്റെ വീട്ടിൽ എത്തി തുണി ഡീസലിൽ മുക്കി കത്തിച്ച് എറിഞ്ഞു. എന്നാൽ ഭാഗ്യവശാൽ ഈ വീടുകളിൽ ആരും ഇല്ലായിരുന്നു. വീട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന അന്നക്കുട്ടിയുടെ അടുത്തായിരുന്നു.
ലിൻസ് ശനിയാഴ്ച വൈകിട്ട് പൈനാവിൽ എത്തിയെങ്കിലും വീട്ടിൽ തങ്ങാതെ അടിമാലിയിൽ ജോലി സ്ഥലത്തേക്കു പോയതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. കഴിഞ്ഞ 5ന് സന്തോഷ് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടര വയസ്സുള്ള ലിയ മോൾ കോട്ടയം ഐസിഎച്ച് ആശുപത്രിയിലും.
സന്തോഷിന്റെ ഒളിവുജീവിതം
ജൂൺ 5ന് ഭാര്യാമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ സന്തോഷ് ഫോൺ കയ്യിൽ കരുതിയിരുന്നില്ല. ഇതിനാൽ പൊലീസിന് അന്വേഷണം ഏറെ ദുഷ്കരമായി. ഇടുക്കിയിലെ പോക്കറ്റ് റോഡുകൾ എല്ലാം തന്നെ അറിയാമായിരുന്ന പ്രതിക്ക് രണ്ടു തവണയും പൊലീസിനെ വെട്ടിച്ചു കടന്നുകളയാനായി. ഇയാൾക്ക് മലയാളം കൂടാതെ ഹിന്ദി, തമിഴ്, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളും വശമാണ്.
ആദ്യത്തെ ആക്രമണത്തിനു ശേഷം മുങ്ങിയ സന്തോഷ് തമിഴ്നാട്ടിലെ സിന്ദൂരപ്പെട്ടി എന്ന ഗ്രാമത്തിലാണ് കൂടുതൽ സമയം ഒളിവിൽ കഴിഞ്ഞത്. ഇടുക്കിയിൽ നിന്നു ബോഡിമെട്ട് കടന്ന് തമിഴ്നാട്ടിലേക്കു പോകുമ്പോൾ തേനി സ്വദേശി മുരുകൻ എന്നൊരാളുമായി ചങ്ങാത്തം കൂടി. തേനിയിൽ സ്ഥലം കാണാൻ വന്നതാണെന്നും ഒരു മാസം താമസിക്കാൻ പറ്റിയ മുറി ഏർപ്പാടു ചെയ്യണമെന്നും സന്തോഷ് ആവശ്യപ്പെട്ടതുപ്രകാരം മുരുകൻ മുറി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മുരുകൻ സിന്ദൂരപ്പെട്ടിയിൽ തന്റെ വീടിന്റെ ഒരു മുറി സന്തോഷിനു താമസിക്കാൻ നൽകി. ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയതിനാൽ ഇയാളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയില്ല. ഈ സമയമെല്ലാം ഇടുക്കി പൊലീസ് സന്തോഷിനായി തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ടായിരുന്നു. 2013ൽ ആദ്യ ഭാര്യയുടെ ബന്ധുക്കളുമായി അടിപിടി ഉണ്ടായതിന്റെ പേരിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
ഭാര്യയുടെ ശമ്പളം കയ്യിൽ കിട്ടാത്തതിലുള്ള കലിപ്പ്
വർഷങ്ങൾക്കു മുൻപ് തോപ്രാംകുടിയിൽ താമസിച്ചിരുന്ന സന്തോഷിന്റെ കുടുംബം ഇപ്പോൾ കഞ്ഞിക്കുഴിയിലാണ് സ്ഥിരതാമസം. തൊടുപുഴയിൽ ചായക്കച്ചവടം നടത്തിയിരുന്ന സന്തോഷ് സമീപകാലത്തായി എറണാകുളത്ത് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. സന്തോഷും അന്നക്കുട്ടിയുടെ മകൾ പ്രിൻസിയും എട്ടു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏഴുവയസ്സുള്ള ഒരു മകളുണ്ട്. പ്രിൻസി രണ്ടു മാസം മുൻപാണ് വിദേശത്ത് ജോലിക്കു പോയത്. ഇതു തന്റെ അനുവാദത്തോടെയല്ലെന്നു പറഞ്ഞ് സന്തോഷ് ഭാര്യാമാതാവുമായി വഴക്കുണ്ടാക്കിയിരുന്നു. വിദേശത്തായിരുന്ന പ്രിൻസി ഒരു മാസത്തെ ശമ്പളം മാത്രമാണ് സന്തോഷിനു അയച്ചു നൽകിയത്. ഇതെച്ചൊല്ലിയും കലഹമുണ്ടായി.