Saturday 29 August 2020 04:48 PM IST

ഇലയടയുടെ അലിഞ്ഞുപോകുന്ന തേൻകിനിവാണ് തിരുവോണനാളിലെ ആദ്യ രുചി; മധുരമുള്ള ഓണോർമ്മകൾ...

Tency Jacob

Sub Editor

apoovaffda

ഒരു പൂ കൺതുറക്കും പോലത്ര മൃദുവായി വിടരുന്ന ഓണപ്പുലരികൾക്ക് പൂവടയുടെ ഗന്ധമാണ്. മുറ്റത്തെ തൊടിയിലെ വാഴയിൽ നിന്നു ചീന്തിയെടുക്കുന്ന ഇലക്കീറുകളിൽ നനച്ചു പരത്തിയ അരിമാവും അതിന്റെ മടക്കിനുള്ളിലൊളിപ്പിച്ച തേങ്ങാക്കൂട്ടും ആവിയിൽ വെന്തെടുക്കുമ്പോഴുണ്ടാവുന്ന മധുരമണം. തിരുവോണപുലരിയിലെ തിരുമുൽകാഴ്ച കാണാൻ അണിഞ്ഞൊരുങ്ങുന്ന തിരുമുറ്റങ്ങളിൽ തൃക്കാക്കരയപ്പനു നേദിക്കുന്ന ഇലയടയുടെ, അലിഞ്ഞുപോകുന്ന തേൻകിനിവാണ് ഓണത്തിരുവോണന്നാളിൽ നാക്കിൽ തൊടുന്ന ആദ്യ രുചി. ഒപ്പമുണ്ടാവും ശർക്കരവെള്ളത്തിൽ വെന്തു മധുരം കൂട്ടിയ പഴം നുറുക്കിന്റെ പൊൻവർണ തിളക്കവും സ്വാദും. 

ഓണത്തിരുവോണം

മഹാബലിയെ തൃക്കാക്കരയപ്പനും ഓണത്തപ്പനുമായി കരുതുന്ന മധ്യകേരളത്തിലും വടക്കോട്ടുള്ള ദേശങ്ങളിലും തിരുവോണപുലർച്ചയ്ക്ക് ഓണംകൊള്ളൽ ചടങ്ങു നടക്കണമെങ്കിൽ പൂവട വേണം. ഓണപ്രാതലും ഇതേ പൂവടയെന്നാണ് ചിട്ട. തിരുവോണത്തലേന്നുള്ള ഉത്രാടപ്പാച്ചിൽ കഴിഞ്ഞാൽപ്പിന്നെ ഓണം കൊള്ളാനുള്ള തിക്കും തിരക്കുമാണ്. പണ്ടൊക്കെ തൃക്കാക്കരയപ്പനെ  വീട്ടിലുണ്ടാക്കുകയാണ് ചെയ്യുക. കയ്യാലയിലോ വിറകുപുരയിലോ വേലിയിറമ്പത്തോ കാണുന്ന ഉറുമ്പിൻകൂടിനു ചുറ്റും കുത്തിയ ചുവന്ന നിറമുള്ള പശയുള്ള മണ്ണാണെങ്കിൽ നല്ലതാണ്. വെള്ളം കൂട്ടി പാകത്തിനു കുഴച്ചെടുത്തു ഇഷ്ടമുള്ള വലുപ്പത്തിൽ തൃക്കാക്കരയപ്പനെയുണ്ടാക്കാം. ചുവപ്പുനിറം പോരെന്നു തോന്നിയാൽ ഇഷ്ടിക അരച്ചെടുത്തു തേച്ചാൽ മതി. ഇടയിൽ ഓരോ ഓട്ടയുണ്ടാക്കും. ഓണം കൊള്ളുമ്പോൾ പൂ കുത്തി വെക്കാനാണിത്. പൂക്കളമല്ല പൂത്തറയാണ് കോഴിക്കോടൻ ഭാഗങ്ങളിൽ. നിലത്തു നിന്നു രണ്ടോ മൂന്നോ ഇഞ്ച് ഉയരത്തിൽ മരക്കഷണങ്ങൾ വച്ച് മണ്ണിട്ടു ഉറപ്പിക്കും. വട്ടത്തിലോ ചതുരത്തിലോ പല തട്ടുകളായോ എല്ലാം പൂത്തറയൊരുക്കാം. ചാണകം മെഴുകി മിനുക്കും.’’ 

മഹാബലിയെ വീട്ടിലേക്ക് ആനയിച്ചു പൂജിക്കുന്ന ചടങ്ങാണ് ഓണം കൊള്ളൽ.തിരുവോണത്തിന്റെയന്ന് സൂര്യൻ ഉദിച്ചു വരുന്നതിനു മുൻപ് ചെയ്യണം. കുളിച്ചു ശുദ്ധിയായി, വീട്ടിലെ ആൺകുട്ടികളോ പെൺകുട്ടികളോ ആണ് ഓണം കൊള്ളുക. ചാണകം മെഴുകി കെട്ടിയുണ്ടാക്കിയ പീഠത്തിൽ ഇലയിട്ട് അതിനുമീതെ തടുക്കുപലക വച്ച് വീണ്ടും ഇലയിട്ടാണ് തൃക്കാക്കരയപ്പനെ വെക്കുക. ഭംഗി വരുത്താനായി തൃക്കാക്കരയപ്പനും നിലവും അരിമാവുകൊണ്ട് അണിയും. തുമ്പപ്പൂവും തുളസിപ്പൂവും താമരപ്പൂവും ചുറ്റും വിതറും. പിന്നെയൊരു നാളികേരം ഉടച്ച് അതിൽ തുമ്പപ്പൂവിട്ടു രണ്ടു വശത്തും വെക്കും. ഈ സമയം വീട്ടിലെ പെണ്ണുങ്ങൾ അടച്ചിട്ട കതകിനപ്പുറത്തു നിന്ന് ‘മാവേലി വന്നോ, വന്നോ’ എന്നു വിളിച്ചു ചോദിക്കുന്നുണ്ടാകും. ‘മാവേലി വന്നു’ എന്നു പുറത്തിരിക്കുന്നവർ ഉത്തരം പറഞ്ഞാൽ ബാക്കിയെല്ലാവരും വാതിൽ തുറന്ന് പുറത്തു വരും. ഉച്ചത്തിൽ കുരവയിട്ട് പൂവിളി നടത്തും. കയ്യിലെ തളികയിൽ ആവി പറക്കുന്ന മൂന്ന് പൂവടയും മൂന്ന് ഏത്തപ്പഴവും മൂന്ന് ശർക്കരയുമുണ്ടാവും. പിന്നെ കുറച്ച് അവലും. ഓണത്തപ്പനുള്ള നൈവേദ്യങ്ങളാണ്. 

അരി തലേന്നേ കുതിർക്കാനിടുമെങ്കിലും പൂവടയുടെ ബാക്കി പണികൾ പുലർച്ചയ്ക്കെഴുന്നേറ്റാണ് ചെയ്യുക. അട ആവി കേറുമ്പോൾ മനം മയക്കുന്ന മണം അടുക്കള വിട്ടു പുറത്തേക്കു വിരുന്നിനു പോകും. ഏത്തവാഴയുടെ ഇല വാട്ടിയാണ് പൂവടയുണ്ടാക്കുക. 

തൃക്കാക്കരയപ്പനുള്ള പഴം പുഴുങ്ങാതെ പച്ചയ്ക്കു വെക്കുന്നതാണ് പതിവ്. ഓണം എല്ലാർക്കുമുള്ളതെന്ന വിശ്വാസത്തിൽ വീടിനു പരിസരത്തെ ചെറുജീവികൾക്കുള്ള പ്രാതൽ കൂടിയാണ് ഓണത്തപ്പന്നടുത്ത് തളികയിൽ വയ്ക്കുന്നത്. കണ്ടിട്ടില്ലേ, അല്പം തുറന്നിരിക്കുന്ന ഇലയടയുടെ വിളുമ്പിലൂടെ നിരയിട്ടു നീങ്ങുന്ന ഉറുമ്പിൻക്കൂട്ടങ്ങളെ...

വെന്തു പാകമായിരിക്കുന്ന അട കാണാനെന്തു ചന്തമാണ്. ഇലയിൽ നിലാവിന്റെ ഒരു വെള്ളിത്തുണ്ട് വീണു കിടക്കുന്നതുപോലെയുണ്ട്. ആ ഇലച്ചീന്തിലെ മധുരക്കൂട്ടിൽ ഓണത്തിന്റെ നിറവല്ലെങ്കിൽ പിന്നെ എന്താണുണ്ടാവുക.

പൂവട ( 10 എണ്ണത്തിനുള്ളത്)

ഉണക്കലരി – 1 കപ്പ്

വെണ്ണ – 1 ചെറിയ സ്പൂൺ

ശർക്കര – അര കിലോ

തേങ്ങ ചിരകിയത് – രണ്ടെണ്ണം

നെയ്യ് – 1 വലിയ സ്പൂൺ

ഏത്തപ്പഴം – ഒരെണ്ണം

ഉപ്പ് – കുറച്ച്

ഉണക്കലരി വെള്ളത്തിൽ മൂന്നുമണിക്കൂർ കുതിരാനിടുക. അരഞ്ഞു കഴിയുമ്പോൾ വെണ്ണകൂടി ചേർത്ത് ഒന്നു കൂടി അരയ്ക്കുക. ഒരു ഏത്തപ്പഴം കൂട്ടിയരച്ചാൽ പൂവടയുടെ സ്വാദു കൂടും. ഏലക്കായോ ജീരകം പൊടിച്ചതോ പൂവടയിൽ ചേർക്കാറില്ല. വാഴയില വാട്ടി വെക്കുക. ശർക്കര പാവു കാച്ചി അരിക്കുക. ഇതിലേക്ക് തേങ്ങ ചേർത്ത് വിളയിക്കുക. വെള്ളം വലിഞ്ഞ് വരുമ്പോൾ നെയ്യും നേന്ത്രപ്പഴം ചെറുതായരിഞ്ഞതും ചേർക്കുക. ഓരോ വാഴയിലയിൽ ഒരു തവി മാവു വട്ടത്തിൽ പരത്തി അതിനു നടുവിൽ കൂട്ട് വിതറുക. നാലുവശവും മടക്കി ആവിയിൽ വച്ച് അരമണിക്കൂർ വേവിച്ചെടുക്കുക. പോഷണമുള്ള ഒരു പലഹാരം കൂടിയാണ് പൂവട.

അത്തത്തിന്റെയന്ന് ഒരു കുട വെയ്ക്കും. ചെമ്പരത്തിയോ കോളാമ്പിപ്പൂവോ ആണ് കുട കുത്താനുപയോഗിക്കുന്നത്. ഞെട്ടിൽ ഒരു ഈർക്കിലി കുത്തി വെക്കുകയാണ് കുട വയ്ക്കൽ. രണ്ടാം ദിവസം രണ്ടു കുട, തിരുവോണമാവുമ്പോഴേക്കും പത്തു കുട വിരിയും പൂത്തറയിൽ. മകത്തിന്റെയന്ന് പൂത്തറ പൊളിക്കുമ്പോഴാണ് അവിൽ കുഴച്ചത് വയ്ക്കുന്നത്. അവലും തേങ്ങയും ശർക്കരയും പഴവും കൂട്ടി കുഴച്ച് ഓരോ ഉരുളകൾ നാലു മൂലയ്ക്കലും വെയ്ക്കും. അതാണ് തൃക്കാക്കരയപ്പനു കൊടുക്കുന്ന നിവേദ്യം. എന്നിട്ട് പൂത്തറ പൊളിച്ചു കളയും. മകം മറയ്ക്കുക എന്നാണതിന് പേര്. പൂത്തറ കൊട്ടി കുട്ടികളുടെ മേലേക്കു ഇടുമെന്നു പറഞ്ഞു പേടിപ്പിക്കും. 

Tags:
  • Spotlight