Saturday 05 September 2020 01:50 PM IST : By സ്വന്തം ലേഖകൻ

‘ടീച്ചർ പഠിപ്പിച്ച ഇംഗ്ലീഷ് ഞാൻ വേണ്ടതുപോലെ പഠിച്ചില്ല; പക്ഷേ, സ്നേഹം എന്ന പാഠം സ്വന്തമാക്കി’: ഐ എം വിജയൻ

1495012044422

ഐ എം വിജയനെന്ന എന്ന ഫുട്ബോൾ കളിക്കാരനെ നമുക്കറിയാം. 1999 ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയ താരം. പിന്നീട് പൊലീസുകാരനായും ജയരാജ് ചിത്രത്തിലൂടെ നടനായുമെല്ലാം വിജയനെ നമ്മൾ കണ്ടു. എന്നാൽ അദ്ദേഹം കടന്നുവന്ന വഴികൾ, അനുഭവിച്ച യാതനകളെല്ലാം നമുക്കന്യമാണ്‌. അധ്യാപക ദിനത്തിൽ വിജയൻ പങ്കുവച്ച അനുഭവക്കുറിപ്പാണ് ആരാധകരുടെ കണ്ണു നനയിച്ചത്. 

ഐ എം വിജയൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

‘‘ഞാൻ സ്കൂളിൽ ഉഴപ്പനായിരുന്നു എന്നു പലർക്കും തോന്നിയിട്ടുണ്ടാകും. സത്യത്തിൽ ഉഴപ്പനൊന്നും ആയിരുന്നില്ല. പഠിക്കാൻ മിടുക്കുണ്ടായിരുന്നില്ല എന്നതാണു സത്യം. തൃശൂർ സിഎംഎസ് സ്കൂളിലാണു പഠിച്ചത്. വടക്കുന്നാഥന്റെ നേരേ മുൻപിലാണ്. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽപ്പോയാൽ ക്ലാസ് തുടങ്ങിയിട്ടേ തിരിച്ചെത്തുമായിരുന്നുള്ളൂ. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിലേക്കു ഞാൻ പതിവുപോലെ വൈകിയെത്തുന്നു. എന്താണു വൈകിയത് എന്നു ചോദിക്കുന്നു പ്രഭാവതി ടീച്ചർ. ഞാൻ പറഞ്ഞു: ‘‘ചോറു വേകാൻ വെയ്റ്റ് ചെയ്തതാ ടീച്ചറേ...’’ 

പൂരപ്പറമ്പിൽ കളിക്കാൻ പോയിട്ടാണു വൈകുന്നതെന്നു ടീച്ചർ കരുതി. വഴക്കുപറഞ്ഞില്ല. ടീച്ചറുടെ മോന്റെ അതേപ്രായമാണ് എനിക്കും. ‘നിന്റെ അമ്മയ്ക്കെന്താണു വീട്ടിൽ പണി? നേരത്തേ അരി അടുപ്പത്തിട്ടൂടേ?’. ‘ടീച്ചറേ വയ്ക്കാൻ അരി ഇല്ലായിരുന്നു. അമ്മ പലേടത്തും പണിക്കുപോയിട്ട് അരിയും സാധനങ്ങളുമൊക്കെ സംഘടിപ്പിച്ചു വരാൻ വൈകി.’ അതിനുശേഷം ടീച്ചർ ഇലയിൽപ്പൊതിഞ്ഞു ചോറും കറിയും എനിക്കായി കൊണ്ടുവരാൻ തുടങ്ങി. പിന്നെ, സ്കൂളിനു തൊട്ടടുത്തുള്ള ഹോട്ടലിൽ എനിക്കായി ഉച്ചഭക്ഷണം ഏർപ്പാടാക്കി. അവിടെപോയി എനിക്കു കഴിക്കാം. കാശ് സ്കൂളിൽ നിന്നു കൊടുത്തോളും. സ്കൂൾ വിട്ടുപോന്നിട്ടും ടീച്ചറെ കാണാൻ ഞാൻ പോകും. ഇപ്പോഴും പോകാറുണ്ട്. അത്രയ്ക്കു ബന്ധമാണ് ടീച്ചറുമായി. ടീച്ചർ പഠിപ്പിച്ച ഇംഗ്ലീഷ് ഞാൻ വേണ്ടതുപോലെ പഠിച്ചില്ല. പക്ഷേ, സ്നേഹം എന്ന പാഠം സ്വന്തമാക്കി.’’

തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ വിജയനും കേരള പൊലീസ് ടീമും ജയിക്കുന്നതു കാണാൻ പ്രഭാവതി ടീച്ചറും എത്തിയിരുന്നു. വിജയൻ അടുത്ത ദിവസം സ്നേഹസമ്മാനവുമായി ടീച്ചറുടെ വീട്ടിലും എത്തി.

Tags:
  • Spotlight
  • Social Media Viral
  • Inspirational Story