Friday 12 August 2022 12:00 PM IST : By സ്വന്തം ലേഖകൻ

സ്വാതന്ത്ര്യദിനാഘോഷം: വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

national-flag-hosting-rules-cover

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ന്റെ ഭാഗമായി സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നു സർക്കാർ നിർദേശം.

ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും സർക്കുലറിൽ ഉണ്ട്. നാളെ മുതൽ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായാണു ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. ക്യാംപെയ്നിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ഫ്ലാഗ് കോഡ്

national-flag-hosting-rules

കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.

മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല. തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.

അലക്ഷ്യമായ വിധത്തിൽ ദേശീയ പതാക കൈകാര്യം ചെയ്താൽ നിയമനടപടി നേരിടേണ്ടി വരും.