Thursday 20 September 2018 03:55 PM IST : By സ്വന്തം ലേഖകൻ

‘മ്മളെ സാനിയേന്റെ പുയ്യാപ്പിള, മാലിക്ക് പുയ്യാപ്പിളേ...’; മലയാളി ആരാധകന്റെ വിളികേട്ട് തിരിഞ്ഞുനോക്കി ഷൊയ്ബ് മാലിക്ക്

shoib-saniya322

കായിക വിനോദങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാനാണ്. കാരണം ഓരോ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങളും കാണികളെ സംബന്ധിച്ചിടത്തോളം യുദ്ധങ്ങളാണ്. കൂടാതെ ആ നാട്ടിലെ പൗരന്മാരുടെ അഭിമാന പ്രശ്നവും. കളിയിലൂടെയാണെങ്കിലും സ്വന്തം രാജ്യത്തിന് നാണക്കേട് ഉണ്ടാകുന്നത് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യാ കപ്പിൽ ഇന്നലെ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയത്. അതുകൊണ്ടുതന്നെ ദുബൈയിൽ നടന്ന കളി വീറും വാശിയും നിറഞ്ഞതായിരുന്നു. അതിനിടെ മറ്റൊരു രസകരമായ ’മലയാളി’ കൗതുകം കൂടി ഗ്യാലറിയിൽ നടന്നു. പാക്കിസ്ഥാൻ കളിക്കാരനായ ഷൊയ്ബ് മാലിക്കിനെ ‘മാലിക്ക് പുയ്യാപ്പിളേ…’ എന്ന് സ്നേഹത്തോടെ വിളിച്ച മലയാളി ആരാധകനാണ്‌ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

കളിയ്ക്കിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു മാലിക്ക്. ഈ സമയം പിന്നില്‍ നിന്നും ‘മ്മളെ സാനിയേന്റെ പുയ്യാപ്പിള, മാലിക്ക് പുയ്യാപ്പിളേ...’ എന്ന വിളി ഉയരുകയായിരുന്നു. മലയാളി ആരാധകന്റെ വിളി കേട്ട് മാലിക്ക് പുറകിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്തു.

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവാണ് ഷൊയ്ബ് മാലിക്. സാനിയയും പാക്കിസ്ഥാനിയായ മാലിക്കും തമ്മിലുള്ള വിവാഹം ഒരുകാലത്ത് വലിയ വിവാദമായിരുന്നു. എങ്കിലും മാലിക്കിനെ ഇന്ത്യയുടെ മരുമകനായാണ് മലയാളി ആരാധകരിൽ ചിലർ കാണുന്നത്. ആ സ്നേഹപ്രകടനമായിരുന്നു ഗ്യാലറിയിൽ ഉയർന്നുകേട്ടത്. മത്സരത്തിൽ 43 റണ്‍സെടുത്ത് മാലിക്ക് പുറത്തായി. ഇന്ത്യ അനായാസം മത്സരം വിജയിക്കുകയും ചെയ്തു.