Monday 02 December 2024 10:26 AM IST : By സ്വന്തം ലേഖകൻ

‘70 ശതമാനം വൈകല്യങ്ങളെ സ്കാനിങ്ങിൽ കണ്ടെത്താനാകൂ’: കുറ്റപ്പെടുത്തേണ്ടതില്ലെന്ന പത്രക്കുറിപ്പുമായി ഐഎംഎ! നിസ്സഹായരായി മാതാപിതാക്കൾ

infant-baby-alapuzha കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ ചികിത്സപ്പിഴവ് സംഭവിച്ച കുട്ടിയുടെ അച്ഛൻ അനീഷ് മുഹമ്മദിനെ കെ.സി.വേണുഗോപാൽ എംപി സന്ദർശിച്ചപ്പോൾ ചിത്രം : മനോരമ.

ജനിച്ചു മൂന്നാഴ്ചയായിട്ടും കണ്ണു തുറക്കാത്ത, ഒന്നു നേരെ കിടക്കാൻ പോലുമാകാത്ത കുഞ്ഞിനെ നോക്കി കാത്തിരിപ്പു തുടരുകയാണ് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദും സുറുമിയും. ഇവരുടെ മൂന്നാമത്തെ കുട്ടിയാണ് അത്യപൂർവ വൈകല്യങ്ങളോടെ ജനിച്ചത്. പ്രസവ ശേഷം വൈകല്യങ്ങൾ തിരിച്ചറിഞ്ഞതോടെ സർക്കാർ ചികിത്സ ഏറ്റെടുക്കുമെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു. 

എംആർഐ ഉൾപ്പെടെ ഏതാനും പരിശോധനകൾക്കായി അടുത്ത ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തണമെന്നു കഴിഞ്ഞ ദിവസം അറിയിച്ചു. തുടർചികിത്സ ആലപ്പുഴ മെഡിക്കൽ കോളജിൽ ലഭ്യമാക്കുമോ അതോ തിരുവനന്തപുരം മെഡിക്കൽ കോളജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ടി വരുമോയെന്നതിലും വ്യക്തത വന്നിട്ടില്ല.

ഗർഭാവസ്ഥയിൽ പലതവണ ഡോക്ടർമാർ പരിശോധിച്ചിട്ടും 7 തവണ സ്കാനിങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്തിയിരുന്നില്ല. ആലപ്പുഴ വനിത, ശിശു ആശുപത്രിയിലെ പരിചരണത്തിലായിരുന്ന യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചപ്പോഴാണു വൈകല്യങ്ങൾ കണ്ടെത്തിയത്. നവംബർ 8നായിരുന്നു പ്രസവം. 21ന് ആശുപത്രിയിൽ നിന്നു വിട്ടയച്ച ശേഷം ആരോഗ്യ വകുപ്പിൽ നിന്നു കൃത്യമായ വിവരങ്ങൾ കുടുംബത്തിനു ലഭിക്കുന്നില്ല.

കുട്ടിയുടെ കണ്ണുകളും വായയും ഇതുവരെ തുറന്നിട്ടില്ല. കരച്ചിൽ പുറത്തു വരുന്നില്ല. ശ്വാസകോശത്തിനു ദ്വാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിവർത്തിക്കിടത്തുമ്പോൾ കുട്ടിയുടെ നാവ് അകത്തേക്കു പോകുന്നു. അതിനാൽ ജനിച്ച ദിവസം മുതൽ കുഞ്ഞിനെ കമഴ്ത്തി കിടത്തിയിരിക്കുകയാണ്.

സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. കുട്ടിയുടെ അതിജീവന അവകാശം സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ സ്കാനിങ് സെന്റർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം പരിശോധിക്കും. വിശദമായ അന്വേഷണമുണ്ടാകും. കുഞ്ഞിനെ വീട്ടിലെത്തി സന്ദർശിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ബാലാവകാശ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു.

70 ശതമാനം വൈകല്യങ്ങളെ സ്കാനിങ്ങിൽ കണ്ടെത്താനാകൂ: ഐഎംഎ

വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ ഡോക്ടർമാരെയും സ്കാനിങ് പോലെയുള്ള ചികിത്സാ സങ്കേതങ്ങളെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന പത്രക്കുറിപ്പുമായി ഐഎംഎ. അമേരിക്കൻ ഒബ്സ്റ്റെട്രിക് സോണോളജിസ്റ്റ് അസോസിയേഷന്റെ പഠനങ്ങൾ പോലും സൂചിപ്പിക്കുന്നത് ഏകദേശം 70% വൈകല്യങ്ങൾ മാത്രമേ കുട്ടി ജനിക്കുന്നതിനു മുൻപു കണ്ടെത്താനാകൂ എന്നാണ്.

ഗർഭപാത്രത്തിലെ ഫ്ലൂയിഡിന്റെ കൂടിയ അളവ്, സ്കാനിങ് വീണ്ടും ദുഷ്കരമാക്കുകയും വൈകല്യങ്ങൾ കണ്ടെത്താനുള്ള സാധ്യതകൾ കുറയുകയും ചെയ്യും. വസ്തുതകൾ ഇതായിരിക്കെ ആരോഗ്യമേഖലയെ അടച്ചാക്ഷേപിക്കുന്നതു പൊതുജനങ്ങളിൽ ആധുനിക വൈദ്യശാസ്ത്രത്തോടുള്ള വിശ്വാസം കുറയ്ക്കും.

സർക്കാർ ആശുപത്രികളിൽ 3ഡി, 4ഡി ഫീറ്റൽ സ്കാനിങ് മെഷീനുകൾ സ്ഥാപിക്കുകയും ഡോക്ടർമാർക്കു വിദഗ്ധ പരിശീലനം നൽകുകയും ഫീറ്റൽ മെഡിസിനിൽ വിദഗ്ധരായ ഡോക്ടർമാരെ നിയമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനാകൂ എന്നും പത്രക്കുറിപ്പിൽ പറയുന്നു.വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഐഎംഎ ജില്ലാ പ്രസിഡന്റ്‌ ഡോ. എൻ.അരുൺ, സെക്രട്ടറി ഡോ. കെ.പി.ദീപ എന്നിവർ ആവശ്യപ്പെട്ടു.

കുട്ടിയുടെ ചികിത്സ വൈകിപ്പിക്കരുത്: കെ.സി. വേണുഗോപാൽ

നവജാത ശിശുവിന്റെ തുടർചികിത്സ സംബന്ധിച്ചു തീരുമാനമെടുക്കാൻ സർക്കാർ എന്തിനാണു വൈകുന്നതെന്നും കുട്ടിയുടെ ചികിത്സ വൈകിപ്പിക്കുന്നതു കുറ്റകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുഞ്ഞിനെയും മാതാപിതാക്കളെയും വീട്ടിലെത്തി സന്ദർശിച്ച ശേഷമാണു പ്രതികരണം. 

വിദഗ്ധസംഘം നവജാതശിശുവിനെ സന്ദർശിച്ചപ്പോൾ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കും എന്നാണു കരുതിയത്. എന്നാൽ ഇതുവരെ എന്തെങ്കിലും ഉത്തരവ് വരികയോ ചികിത്സ സംബന്ധിച്ച പൂർണമായ ധാരണ നൽകുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് 5 ദിവസം മുൻപു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. കലക്ടറെയും ഡിഎംഒയെയും ഫോണിൽ വിളിച്ചും അറിയിച്ചു.

സർക്കാർ ആശുപത്രികളെല്ലാം തകർച്ചയിലാണെന്നു വരുത്തിത്തീർക്കാനുള്ള പ്രചാരണത്തിനില്ല. പാകപ്പിഴകൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ, അത്തരം പ്രചാരണം നടത്തുന്നവർക്കു വളമിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. ആരോഗ്യരംഗത്തിനു തീരെ കുറഞ്ഞ പരിഗണനയാണു സർക്കാർ നൽകുന്നതെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി

ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയെടുക്കുമെന്നു മന്ത്രി വീണാ ജോർജ്‌. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തോട്‌ നിർദേശിച്ചിട്ടുണ്ട്‌. രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടിയെടുത്തു. 

ആലപ്പുഴയിലേത് ആശുപത്രിയിലെ സ്കാനിങ് ഉപകരണത്തിന്റെ കുറവല്ല. ചില സ്കാനിങ്ങുകൾ ഡോക്ടർമാർ ചെയ്തില്ല. അങ്ങനെ ചെയ്യാത്തതുകൊണ്ട് ഔട്സോഴ്സ് ചെയ്തു സ്കാനിങ് സെന്ററിലേക്കു വിടുകയാണ്. പ്രസവങ്ങളുടെ എണ്ണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഉൾപ്പെടെ വർഷങ്ങളായി നമ്മുടെ സംവിധാനത്തിൽ ചില പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൊച്ചിയിൽ പ്രതികരിച്ചു.

Tags:
  • Spotlight