Saturday 08 May 2021 11:07 AM IST : By സ്വന്തം ലേഖകൻ

വിട പറയും നേരം; വളരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മരണങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കാം, കുറിപ്പ്

eerrtr800

"വളരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മരണങ്ങൾ, ഏറ്റവുമടുത്ത ബന്ധുക്കളുടെ മരണം (മക്കളുടെ മരണം/പങ്കാളിയുടെ/മാതാപിതാക്കളുടെ), മരണസമയത്തു അവരുടെ കൂടെ ഉണ്ടാകാൻ പറ്റാതെയാവുക, മരണത്തിന് നമ്മളാണ് കാരണം എന്ന ചിന്ത, സാമൂഹിക പിന്തുണയുടെ കുറവ്, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ജീവിത നൈപുണ്യങ്ങളുടെ കുറവ് ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം. സാധാരണ രീതിയിൽ മരണങ്ങളോട് നമ്മൾ താദാത്മ്യം പ്രാപിക്കുന്നതിൽ വളരെയധികം സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്."- ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം;

കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ശതമാനക്കണക്കിൽ നോക്കിയാൽ താരതമ്യേന കുറഞ്ഞ മരണ നിരക്ക് ഉള്ള അസുഖം ആണെങ്കിലും വളരെയധികം പകർച്ചാശേഷി ഉള്ള ഈ അസുഖം വ്യാപിക്കുമ്പോൾ ആനുപാതികമായി മരണസംഖ്യയും ഉയരും. 

ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് മൂലം മരണപ്പെട്ട വ്യക്തികളുടെ ബന്ധുക്കളുടെ മാനസികാരോഗ്യം വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മരണപ്പെടുമ്പോൾ ദുഖമുണ്ടാകുന്നത് സ്വാഭാവികമാണ്. കുറച്ചു നാളുകൾകൊണ്ട് നമ്മൾ അതിൽനിന്നും കരകയറും. എന്നാൽ കോവിഡ് പോലെയുള്ള ഒരു പാൻഡെമിക്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത നിരവധിയാളുകളാണ് മരണപ്പെടുന്നത്. ചെറുപ്പക്കാരും ആരോഗ്യമുള്ളവരും അടക്കം നമ്മൾക്ക് പരിചയമുള്ള അല്ലെങ്കിൽ നമ്മുടെ അടുത്ത ബന്ധുക്കൾ മരണപ്പെടുമ്പോൾ അതിനോട് താദാത്മ്യം പ്രാപിക്കുക എളുപ്പമല്ല. 

വളരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മരണങ്ങൾ, ഏറ്റവുമടുത്ത ബന്ധുക്കളുടെ മരണം (മക്കളുടെ മരണം/പങ്കാളിയുടെ/മാതാപിതാക്കളുടെ), മരണ സമയത്തു അവരുടെ കൂടെ ഉണ്ടാകാൻ പറ്റാതെയാവുക, മരണത്തിന് നമ്മളാണ് കാരണം എന്ന ചിന്ത, സാമൂഹിക പിന്തുണയുടെ കുറവ്, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ജീവിത നൈപുണ്യങ്ങളുടെ കുറവ് ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം. സാധാരണ രീതിയിൽ മരണങ്ങളോട് നമ്മൾ താദാത്മ്യം പ്രാപിക്കുന്നതിൽ വളരെയധികം സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. 

. നേരത്തെ പ്രതീക്ഷിച്ചിരുന്ന മരണം, 

. അവസാന നിമിഷങ്ങളിൽ അവരുടെ കൂടെയുണ്ടാകൻ സാധിക്കുക, 

. മതപരവും- സാംസ്കാരികവുമായ മരണാന്തര ചടങ്ങുകൾ (ഒരു നല്ല വിടവാങ്ങൽ), 

. ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം, 

. സാമൂഹിക പിന്തുണ 

ഇവയൊക്കെ ഈ അവസ്ഥയെ തരണം ചെയ്യാൻ നമ്മളെ സഹായിക്കും. 

എന്നാൽ കോവിഡ് മൂലമുള്ള മരണങ്ങളിൽ ഇത് പലപ്പോഴും സാധിക്കാതെ വരും. സ്വന്തം മാതാപിതാക്കളെ/ബന്ധുക്കളെ അവസാനമായി ഒരുനോക്കു കാണാതെ വിടചൊല്ലേണ്ടി വരിക എന്നത് എത്രത്തോളം വിഷമകരമാണ് എന്ന് ഊഹിക്കാൻ  തന്നെ പറ്റില്ല. മതപരവും സാംസ്കാരികവുമായ മരണാനന്തര ചടങ്ങുകൾ നടത്താൻ സാധിക്കാതെ അടക്കം ചെയേണ്ടി വരുന്നത്, രോഗ ഭീതി മൂലമുള്ള സാമൂഹികമായ ഒറ്റപ്പെടൽ ഇവയൊക്കെ ബന്ധുക്കളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അത് കടുത്ത മാനസിക രോഗാവസ്ഥകളായി മാറാനും സാധ്യതയുണ്ട്. 

. നീണ്ടു നിൽക്കുന്ന കടുത്ത ദുഃഖം, വിശപ്പില്ലായ്മ, ഉന്മേഷമില്ലായ്മ, ജോലിയിലും മറ്റുമുള്ള അശ്രദ്ധ, ശരീര ഭാരം കുറയുന്നത്, എപ്പോഴും മരിച്ചവരെ കുറിച്ചുള്ള ചിന്തകൾ, അവരുടെ ശബ്ദം കേൾക്കുക, ആത്മഹത്യ പ്രവണതകൾ ഒക്കെ മരണാനന്തര ദുഃഖം ഒരു മാനസികരോഗ്യ പ്രശ്നമായി മാറുന്നതിൻ്റെ ലക്ഷണങ്ങളാകാം. ഇവർക്ക് പ്രത്യേകം കരുതലാവശ്യമുണ്ട്.

. ആരോഗ്യമേഖല മുഴുവനായി കോവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. ഈ തിരക്കുകൾക്കിടയിലും നമ്മൾ ഉറ്റവർ മരിച്ചവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാതെ പോകരുത്. കാരണം രോഗത്തെക്കാൾ കൂടുതൽ കഷ്ടതയും, ദുരിതവും ഉണ്ടാക്കാൻ പറ്റുന്നവയാണ് ഇവർ നേരിടുന്ന മാനസിക പ്രശ്നങ്ങൾ. നമ്മൾക്ക് ഇതിനായി എന്ത് ചെയ്യാൻ സാധിക്കും ?

. ജില്ലാ തലത്തിലെങ്കിലും ഇത്തരം വ്യക്തികളുടെ മാനസികാരോഗ്യം കുറഞ്ഞത് ആറുമാസമെങ്കിലും വിലയിരുത്താനുള്ള സംവിധാനമുണ്ടാകണം. 

. കൃത്യമായ ഇടവേളകളിൽ ഇവരെ ബന്ധപെട്ട്, അവരോടു കാര്യങ്ങൾ തിരക്കാനും, അവരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിയാനും വേണമെങ്കിൽ വിദഗ്ദ്ധ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പു വരുത്താനും ഇതുവഴി സാധിക്കും. 

. പരിശീലനം ലഭിച്ച യുവാക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ഇത് നടപ്പിലാക്കാൻ പറ്റും.

. ഓരോ വ്യക്തിയുടെയും കുടുംബത്തിൻ്റെയും സാമൂഹിക സാംസ്കാരിക പശ്ചാത്തലം മനസിലാക്കിയുള്ള മരണാനന്തര ചടങ്ങുകൾക്ക് അടുത്ത ബന്ധുക്കൾക്ക് അവസരം നൽകാം.

. ആളുകൾ ഒരുമിച്ചു കൂടി മരിച്ച വ്യക്തിക്ക് വിട നൽകാൻ പറ്റുന്ന ഒരു സമയമല്ല നിലവിലുള്ളത്. എന്ന് വച്ച് അവരെ സ്മരിക്കരുത് എന്നല്ല. ഓൺലൈൻ സംവിധാനംവഴി ആളുകൾക്ക് ഒരുമിച്ചു കൂടാനും മരണപ്പെട്ട വ്യക്തിയെ ഓർക്കാനും പറ്റും.

. കുടുംബാംഗങ്ങൾ പരസ്പരം അവരുടെ സുഖവിവരം തിരക്കുന്നതും പിന്തുണ നൽകുന്നതും വളരെ സഹായകരമാണ്.

. സമൂഹത്തിനും ഈ അവസരത്തിൽ മനസുകൊണ്ട് വീട്ടുകാരുടെ ഒപ്പം ആയിരിക്കാനും അവർക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പു വരുത്തനും കഴിയും.

. മാധ്യമങ്ങൾക്കും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായം തേടാൻ പ്രേരിപ്പിക്കാൻ സാധിക്കും. സെൻസേഷനലിസം മാത്രം മുൻനിർത്തി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്. മാനസികമായി ദുർബല അവസ്ഥയിലുള്ള വ്യക്തികളെ കൂടി പരിഗണിച്ചു വേണം വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ.

. എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൃത്യ സമയത്ത് ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്.

. ഇങ്ങനെ കൂട്ടായ ഒരു പരിശ്രമം വഴി ഉറ്റവരുടെ മരണത്തിൽ ദുഃഖാർത്തരായ വ്യക്തികളെയും കുടുംബങ്ങളെയും നമ്മൾക്ക് സഹായിക്കാൻ സാധിക്കണം.

കോവിഡ് പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം?

. കൂടാതെ ദിനംപ്രതി കേസുകളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഈ അസുഖത്തെ നേരിടാൻ ഐസിയു സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിന് എത്രമാത്രം പ്രാധാന്യമുണ്ടോ അതുപോലെതന്നെ പ്രാധാന്യമുള്ള വിഷയമാണ് സംസ്കാരം നടത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാവുക എന്നതിനും ഉള്ളത്. 

. വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടും ഈ മഹാമാരിക്കാലത്ത് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ പ്രയാസം നേരിടുന്ന കാഴ്ച നാം കണ്ടു. മറ്റു പല സംസ്ഥാനങ്ങളിലും കണ്ടതുപോലെ മൃതശരീരം സംസ്കരിക്കാനായി നീണ്ട ക്യൂവും, നിരവധി മൃതശരീരങ്ങൾ ഒരേസമയം ദഹിപ്പിക്കുന്ന തീക്കൂനകളുടെ ദൃശ്യങ്ങളും, മൃതദേഹം ദഹിപ്പിക്കാൻ സൗകര്യം കിട്ടാതെ അലയുന്നവരുടെ ദൃശ്യങ്ങളും നാം കണ്ടു. ബന്ധുക്കൾക്കും സമൂഹത്തിനും വലിയ മാനസിക ആഘാതമാണ് ഇത്തരം സാഹചര്യങ്ങൾ നൽകുന്നത്. 

1. അതുകൊണ്ട് സാഹചര്യങ്ങൾ യുക്തിസഹമായി വിലയിരുത്തി, മൃതദേഹങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ കാലേക്കൂട്ടി ഒരുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡ് കാലത്തും മറ്റു കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന മരണങ്ങളും ഉണ്ടാവും എന്നതും ഓർമ്മ വേണം. 

2. അതിനായി ദീർഘ വീക്ഷണത്തോടെ ശ്‌മശാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം, നിലവിൽ ഇതിന് നടപടികൾ എടുക്കുന്നുണ്ട് എന്നറിയുന്നു, നല്ല കാര്യം. 

3. അക്കൂടെ തന്നെ പരിഗണിക്കേണ്ട ഒരു കാര്യമാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉള്ള കോവിഡ് പ്രോട്ടോക്കോളുകൾ ലഘൂകരിക്കുക എന്നത്. സംസ്കാരത്തിനായി ആശുപത്രിയിൽ നിന്നും പുറത്തേക്കു കൊണ്ട് വരുന്ന മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ വളരെ കുറവാണ്. തുലനം ചെയ്‌താൽ, സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നുള്ള രോഗവ്യാപന സാധ്യത പല മടങ്ങുകളാണ്. കരുതൽ കൂടുതൽ വേണ്ടത് ജീവിച്ചിരിക്കുന്നവർ തമ്മിൽ ഇടപഴകുമ്പോളാണ്.

4. കോവിഡ് രോഗബാധയാൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആദരവോടെ വേണം കൈകാര്യം ചെയ്യണം എന്നാണ് മാർഗ്ഗ നിർദ്ദേശം, ഏതു സാഹചര്യത്തിലും ഇതിനു ഭംഗം വരാതിരിക്കാൻ നിഷ്കർഷ വേണം. 

5. എന്നാൽ വർദ്ധിച്ചു വരുന്ന ജോലിഭാരം കൂടി കണക്കിലെടുത്തും പുതുതായി ലഭിക്കുന്ന ശാസ്ത്രീയമായ അറിവുകൾ വിലയിരുത്തിയും കോവിഡ് പ്രോട്ടോക്കോളുകൾ ലഘൂകരിക്കണം. വായുവിലൂടെ അതിവേഗം പടർന്നു പിടിക്കുന്ന എബോള പോലുള്ള രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് പോലുള്ള നിബന്ധനകളാണ് നാം ഇപ്പോളും തുടരുന്നത്. 

ഉദാ: ബോഡി ബാഗ് പോലുള്ള കാര്യങ്ങൾ കോവിഡ് മൃതദേഹം കൈകാര്യം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നില്ല. അമിതഭാരം ഉണ്ടാക്കുന്ന രീതിയിലുള്ള അനാവശ്യ നിബന്ധനകൾ ഒഴിവാക്കുന്ന വിഷയം അടിയന്തിരമായി പരിഗണിക്കണം. 

കോവിഡ് മൃതദേഹം സംസ്കരിക്കുന്നവർക്ക് മുഴുവൻ ശരീരം കവർ ചെയ്യുന്ന രീതിയിലുള്ള PPE കിറ്റ്‌ പോലുള്ളവ ആവശ്യം ഉണ്ടോ എന്നും ചിന്തിക്കണം. അമിതഭീതി സാമൂഹിക വിവേചനത്തിന് കളം ഒരുക്കും, അത് അനഭിലഷണീയമാണ്.

. പരസ്പരം സ്നേഹം, കരുതൽ, സഹകരണം ഒക്കെ കൊണ്ട്  ഈ പ്രതിസന്ധി കാലഘട്ടവും നാം കരകയറുക തന്നെ ചെയ്യും.

എഴുതിയത്: Dr. Jithin T. Joseph, Dr. Deepu Sadasivan & Jinesh P. S. Info Clinic  

Tags:
  • Spotlight
  • Social Media Viral