Wednesday 30 September 2020 12:52 PM IST

ഇന്ന് ഇന്റർനാഷനൽ പോഡ്കാസ്റ്റ് ഡേ ; മലയാളം പോഡ്കാസ്റ്റ് കമ്യൂണിറ്റിയെ പരിചയപ്പെടാം...

Shyama

Sub Editor

pod

സെപ്റ്റംബർ 30- ഇന്റർനാഷണൽ പോഡ്കാസ്റ്റ് ഡേ. മലയാളം പോഡ്കാസ്റ്റ് ചെയ്യുന്ന ഒരുപറ്റം മലയാളികളും നമുക്ക് ചുറ്റുമുണ്ട്... എണ്ണിയാലൊടുങ്ങാത്ത വിവരങ്ങളും വിശേഷങ്ങളുമായി അവരുടെ ശബ്ദം നമ്മിലേക്ക്‌...

എന്താണ് പോഡ്കാസ്റ്റ്? വീഡിയോ ഇല്ലാത്ത ശബ്ദത്തിലൂടെ മാത്രം ആശയങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് പോഡ്കാസ്റ്റ് എന്ന് ലളിതമായി പറയാം. ഇന്റർനെറ്റിൽ ഉള്ള ഈ ശബ്ദ ഫയലുകൾ ഡൗൺലോഡ് ചെയ്‌തോ അല്ലാതെയോ കേൾക്കാം. കമ്പ്യൂട്ടർ വഴിയോ ലാപ്ടോപ് വഴിയോ മൊബൈൽ വഴിയോ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പോഡ്കാസ്റ്റുകൾ കേൾക്കാൻ സാധിക്കും.

പുസ്തങ്ങൾ,  ആനുകാലിക വിഷയങ്ങൾ,  ഗാഡ്ജെറ്റുകൾ, കത്തുകൾ, ആരോഗ്യം, സിനിമ നിരൂപണം,  സെലിബ്രിറ്റി ചാറ്റ്  തുടങ്ങി പലതരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റുകൾ നിലവിലുണ്ട്... അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പോഡ്കാസ്റ്റുകൾ തിരഞ്ഞെടുക്കാം.

വർക്ക്‌ഔട്ടിനു ഇടയിലോ വീട്ടിലെ അല്ലറചില്ലറ ജോലികൾക്കിടയിലോ ഡ്രൈവ് ചെയ്യുമ്പോഴോ ഒക്കെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരണങ്ങളോ ചർച്ചകളോ ഒക്കെ കേട്ട് പോകാൻ ആഗ്രഹിക്കുന്നവർ നല്ല രീതിയിൽ ചേക്കേറുന്ന ഇടമാണ് പോഡ്കാസ്റ്റ്. റേഡിയോയിൽ നിന്ന് പോഡ്കാസ്റ്റിനെ വ്യത്യസ്തമാക്കുന്നത് കൃത്യസമയത്ത് മാത്രമല്ല,  അവരവരുടെ സൗകര്യത്തിനനുസരിച്ചു ഇവ കേൾക്കാം എന്നതാണ്. ഇടയ്ക് നിർത്തേണ്ടി വന്നാൽ നിർത്തിയിട്ട് അവിടുന്ന് വീണ്ടും തുടങ്ങുകയോ അല്ലല്ലെങ്കിൽ തുടക്കം മുതലോ ഒക്കെ കേൾക്കാം.

പോഡ്കാസ്റ്റ് ഇതുവരെ കേൾക്കാത്തവർക്ക് അത്‌ എവിടെ നിന്ന് കേൾക്കാം എന്ന് സംശയം തോന്നാം...  അലക്സ, സിരി,  ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിലൂടെ പോഡ്കാസ്റ്റ് കേൾക്കാം. അതല്ലാതെ തന്നെ അങ്കർ, സ്പോട്ടിഫൈ,  ആപ്പിൾ പോഡ്കാസ്റ്റ്, ജിയോസാവൻ, ഗാന തുടങ്ങിയ പ്ലാറ്റഫോമിലൂടെയും പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് ലഭ്യമാണ്.

എന്നോടൊപ്പം,  ദി മലയാളി,  ഡില്ലി ഡാലി,  ആത്മാവിൽ മഞ്ഞ്  പെയ്യുമ്പോൾ, ഹിസ് പിങ്ക് ഡയറി,  ഡേർട്ടി ടോക്സ്,  ലൈഫ് ലൈൻ വിത്ത്‌ മേഘ, സോൾട്ട് മംഗോട്രീ,  പർപ്പിൾ പോഡ്കാസ്റ്റ്,  ടെന്റ് പോഡ്കാസ്റ്റ്, ഫേബിൾസ് ലേണിങ്ങ്, ടീ ടോക്സ് തുടങ്ങി പല പോഡ്കാസ്റ്റുകളും മലയാളത്തിൽ വരുന്നുണ്ട്.

ലോക്ക്ഡൗൺ സമയത്ത് മലയാളം പോഡ്കാസ്റ്റുകൾ ചെയ്യാനും കേൾക്കാനും ഉള്ള ആളുകൾ കൂടിയിട്ടുണ്ട്. രണ്ടും മൂന്നും മണിക്കൂറുകളോളം നീളുന്ന വിദേശഭാഷ പോഡ്കാസ്റ്റുകളെക്കാൾ  മലയാളികൾക്ക് പൊതുവെ കുറച്ച് കൂടി ക്രിസ്പ്പ് ആയ കൺടെന്റുകളോടാണ് പ്രിയമെന്ന് മലയാളം പോഡ്കാസ്റ്റ് കമ്മ്യൂണിറ്റി പറയുന്നു... മലയാളം പോഡ്കാസ്റ്റ് ചെയ്യുന്നവരിൽ

നാട്ടിലും വിദേശത്തും ജോലി ചെയ്യുന്നവരുണ്ട്, വിദ്യാർത്ഥികളുണ്ട്,  റിട്ടയേഡ് ജീവനക്കാരും ഒക്കെയുണ്ട്. ഒരു വിഷയത്തെ കുറിച്ച് പഠിച്ച് അത്‌ സംസാരത്തിലൂടെ നന്നായി അവതരിപ്പിക്കാൻ പറ്റുക എന്നതാണ് പോഡ്കാസറ്റ് ചെയ്യാനുള്ള പ്രധാന മാനദണ്ഡം. ഇവരൊക്കെയും അവരുടെ വ്യക്തി താല്പര്യം കൊണ്ട് മാത്രമാണ് പോഡ്കാസ്റ്റ് ചെയ്യുന്നത്. ഓരോ വിഷയത്തിനും വേണ്ടി വരുന്ന റിസർച്ച്,  റെക്കോർഡിങ്ങ്,  എഡിറ്റിങ്ങ് മുതലായ കാര്യങ്ങളൊക്കെ കഴിഞ്ഞ് ഓഡിയോ വന്ന് കഴിഞ്ഞാലും യു-ട്യൂബ് പോലെ വല്യ വരുമാനം ഇതിലൂടെ ലഭിക്കാറില്ല. എന്നിരുന്നാലും ഭാവിയിൽ കൂടുതൽ പേര് പോഡ്കാസ്റ്റിന്റെ കേൾവിക്കാരായുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വിദേശികളുടെ പോഡ്കാസ്റ്റുകൾ കേൾക്കുന്ന പലർക്കും തന്നെ  മലയാളത്തിൽ പോഡ്കാസ്റ്റ് ഉണ്ടെന്നോ നമുക്ക് കണക്റ്റ് ആകുന്ന തരം ഇത്രയധികം  വിഷയങ്ങൾ ഉണ്ടെന്നോ അറിവില്ലായിരിക്കാം,  അവർക്കൊക്കെ അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനമായ ഇന്ന് തന്നെ അവയൊക്കെ ഒന്ന് കേട്ട് നോക്കി പരീക്ഷിക്കാവുന്നതാണ്.  ചിലപ്പോൾ നിങ്ങൾക്കുള്ള ഒരു അദൃശ്യ സുഹൃത്തിനെയോ ഗൈഡിനേയോ ഒക്കെ ഈ ശബ്ദസന്ദേശങ്ങളിലൂടെ  കിട്ടിയെന്നും വരാം.

Tags:
  • Spotlight