Saturday 30 June 2018 03:29 PM IST

ഭാവിവരൻ സമ്മാനമായി നൽകിയത് സ്മാർട്ട് ഫോൺ; പുറകെ വന്നത് ഉഗ്രൻ പണി

Roopa Thayabji

Sub Editor

mobile-fraud54

സ്പൈ ആപ്പുകൾ എന്നാൽ...

500 രൂപയ്ക്ക് ഐഫോൺ, 599 രൂപയ്ക്ക് ഗോൾഡ് കോയിൻ... ഓഫർ കണ്ടാലുടൻ ക്ലിക്ക് ചെയ്യാൻ റെഡിയാണ് മിക്കവരും. ക്ലിക്ക് ചെയ്തുകഴിയുമ്പോൾ അടുത്ത പടി ഇവരുടെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന ആവശ്യമാണ്. സാമാന്യയുക്തിക്ക് നിരക്കാത്ത ഓഫറുകളും നിരക്കുകളും തട്ടിപ്പാണെന്നു തിരിച്ചറിയാനുള്ള ബുദ്ധിയില്ലാതെ ഇത്തരം കുരുക്കുകളിൽ ചാടും മുമ്പ് ശ്രദ്ധിക്കാം.

∙ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നത് നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞുകയറാനുള്ള വഴിയാണെന്നു മനസ്സിലാക്കണം. ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളതാണോ എന്നു പരിശോധിക്കാം. മിക്ക സ്പൈ ആപ്പുകളും പ്ലേ സ്റ്റോറിൽ ഉണ്ടാകില്ല.

∙ സിനിമാ ഡൗൺലോഡിങ്ങിനും മറ്റുമുള്ള ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്തത് നിയമവിരുദ്ധം ആയതിനാലാണ്. ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് നിയമലംഘനമാണെന്നു മാത്രമല്ല, നിങ്ങളുടെ സ്വകാര്യതയെ പരസ്യപ്പെടുത്തലുമാണ്.

∙ ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗാലറി, മെമ്മറി, മൊബൈൽ ഡേറ്റ, കോൾ ഹിസ്റ്ററി, കോണ്ടാക്ട്സ് തുടങ്ങിയവ ആക്സസ് ചെയ്യാനുള്ള അനുമതി നൽകേണ്ടി വരും. ഹാക്കിങ്ങിനോ മറ്റാവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കപ്പെടാം.

∙ ചില ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ മെനുവിൽ ലിസ്റ്റ് ചെയ്യാറില്ല. എന്തെങ്കിലും ERROR സംഭവിച്ചതാകുമെന്ന് നമ്മൾ കരുതും. പക്ഷേ, ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത അതേ നിമിഷം തന്നെ ഹാക്കർ അത് ഇൻവിസിബിൾ ആക്കുന്നതാകാം.

∙ അൺഇൻസ്റ്റാൾ ചെയ്യുന്നതിനായി പിന്നീട് ഈ ആപ്ലിക്കേഷൻ സെർച്ച് ചെയ്താലും കാണില്ല. സിസ്റ്റം സർവീസ്, സെക്യൂരിറ്റി തുടങ്ങി അൺ ഇൻസ്റ്റാൾ ചെയ്യാൻ നമ്മൾ മടിക്കുന്ന പേരുകളിലാകും ഇത് സേവ് ചെയ്യപ്പെടുക.

∙ ഹാക്കിങ്, സ്പൈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ മറ്റൊരിടത്തു നിന്നു ഹാക്കർക്ക് നമ്മുടെ ഫോണിലെ വാട്സ്ആപ്പ്  ചാറ്റും കോൾഹിസ്റ്ററിയും ഫോട്ടോ ഗാലറിയുമെല്ലാം തുറക്കാനാകും. മറ്റൊരാളിന്റെ വിരൽത്തുമ്പിൽ നമ്മുടെ സ്വകാര്യത തുറന്നുവയ്ക്കപ്പെടും എന്നർഥം.

∙ സ്പൈ ആപ്ലിക്കേഷനുകളോ ഹാക്കിങ് ആപ്പുകളോ ഇൻസ്റ്റാൾ ചെയ്തു എന്നു സംശയം തോന്നിയാൽ ഉടൻ തന്നെ ഫോൺ ഫാക്ടരി റീസെറ്റ് ചെയ്യുകയാണ് പോംവഴി.

ഭാവിവരന്റെ സമ്മാനം സ്മാർട്ഫോൺ

ഗൾഫിൽ നിന്നു വന്ന ഭാവിവരൻ സമ്മാനമായി നൽകിയ പുതിയ ഫോണ്‍ കാണിച്ച് തിരുവനന്തപുരത്തെ ഡിഗ്രിക്കാരി കുറച്ചൊന്നുമല്ല ക്ലാസിൽ സ്മാർട്ടായത്. പക്ഷേ, ഭാവിവരൻ തിരികെ പോയി ഒരു മാസത്തിനുള്ളിൽ പെൺകുട്ടിയുടെ നാട്ടിലെ ചില്ലറ ചുറ്റിക്കളികളൊക്കെ അയാൾ പിടികൂടി. അതീവ രഹസ്യമായി നടത്തിയ ചുറ്റിക്കളികൾ ഭാവിവരൻ അറിഞ്ഞതെങ്ങനെയെന്നോർത്ത് തലപുകയ്ക്കുകയാണ് പെൺകുട്ടിയിപ്പോൾ.

∙ ഗേൾ ഫ്രണ്ടിനോ ഭാര്യയ്ക്കോ സ്മാർട് ഫോൺ സമ്മാനമായി കൊടുക്കുമ്പോൾ സ്പൈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന രീതിക്ക് നമ്മുടെ നാട്ടിലും വലിയ പ്രചാരമുണ്ട്. വിശ്വാസക്കുറവുള്ളവരാണ് മിക്കവാറും ഇങ്ങനെ ചെയ്യുന്നത്.

∙ മൂന്നുമാസത്തേക്ക് സബ്സ്ക്രൈബ് ചെയ്യാവുന്ന ആപ്ലിക്കേഷനാണ് മിക്ക സ്പൈ ആപ്ലിക്കേഷനുകളും. കീപാഡിൽ ചില പ്രത്യേക നമ്പരുകൾ ഡയൽ ചെയ്യുമ്പോഴാകും ഇത് ഫോണിൽ ഓപ്പൺ ചെയ്യാനാകുക.

∙ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ വാട്സ്ആപ്പ് ചാറ്റ്, കോ ൾ ഹിസ്റ്ററി, കോൾ റെക്കോർഡ്, ഫേസ്ബുക്ക് അപ്ഡേറ്റുക ൾ തുടങ്ങിയവയെല്ലാം സ്പൈ ആപ്ലിക്കേഷന്റെ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുന്ന രണ്ടാമത്തെയാളിന് അപ്പോഴപ്പോൾ എത്തിക്കൊണ്ടിരിക്കും.

∙ ഹോസ്റ്റലിലാണെന്നു കള്ളം പറഞ്ഞിട്ട് കൂട്ടുകാരുടെ കൂ ടെ സിനിമയ്ക്ക് പോകാറുണ്ടോ? നിങ്ങളുടെ ഫോൺ ഇരിക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ശബ്ദം ഫോണിന്റെ മൈക്രോഫോണിലൂടെ ലൈവായി ഹാക്കറെ കേൾപ്പിക്കുന്ന സ്പൈ ആപ്ലിക്കേഷനുകളും ഇന്നുണ്ട്.

∙ നാട്ടിലുള്ള ഭാര്യയ്ക്ക് സ്പൈ ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്ത് ഭർത്താവ് കൊടുത്ത ഫോൺ, ഭാര്യ കാമുകനും കാമുകൻ രണ്ടാമത്തെ കാമുകിക്കും കൊടുത്ത സംഭവമുണ്ടായത് കോഴിക്കോടാണ്. കാമുകനും കാമുകിയും തമ്മിലുള്ള അശ്ലീലചാറ്റിങ് കണ്ടു രസംപിടിച്ച ഭർത്താവ്, ഫോൺ കേടായപ്പോൾ വിറ്റതാണ് എന്നു ഭാര്യ പറഞ്ഞ കളളം വിശ്വസിച്ചോ ആവോ?

നമ്മളും കുരുങ്ങാം സ്മാർട് ട്രാപ്പിൽ! ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം

ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ

ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പലപ്പോഴും തലവേദനയാകാറുണ്ട്. ഫെയ്സ്ബുക്കിന്റെ സെർവറിൽ ചിത്രങ്ങൾ സൂക്ഷിക്കുന്നുണ്ടാകും. സുക്കർബർഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിരുതന്മാർ ഫെയ്സ്ബുക്കിന്റെ സെർവർ ഹാക്ക് ചെയ്യില്ലെന്ന് എന്താണുറപ്പ്.

∙ നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന ഒരു ചിത്രവും ഫോണിൽ സൂക്ഷിക്കരുത്. ഫെയ്സ്ബുക്ക് ആപ്ലിക്കേഷന് ഫോണിന്റെ സ്റ്റോറേജ് ഉപയോഗിക്കാനുള്ള പെർമിഷൻ ചിത്രങ്ങ ൾ അപ്‌ലോഡ് ചെയ്യാനും സേവ് ചെയ്യാനും വേണ്ടി മാത്രം ‘എ നേബിൾ’ ചെയ്യുന്നതാണ് ഉചിതം.

∙ ‘നിങ്ങളെ ആലോചിച്ചുകൊണ്ടിരിക്കുന്ന സിനിമാനടി ആരെന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക’ എന്നുകണ്ടാൽ ചാടി വീഴും നമ്മൾ. മിക്കപ്പോഴും ഫെയ്സ്ബുക്ക് ഐഡി ഉപയോഗിച്ചാകും ഈ ലിങ്കിലേക്ക് ലോഗിൻ ചെയ്യുന്നതും. സ്പൈ, ഹാക്കിങ് ആപ്ലിക്കേഷന് നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ ഉപയോഗിക്കാനുള്ള വാതിലാണ് ഇതിലൂടെ തുറന്നുകൊടുക്കുന്നത്.

∙ നിങ്ങളുടെ ഫെയ്സ്ബുക്ക് പേജിന്റെ അക്കൗണ്ട് സെറ്റിങ്സിൽ പോയാൽ ‘അപ്സ്’ എന്ന ബട്ടണുണ്ട്. ഇവിടെ ക്ലിക്ക് ചെയ്ത് നോക്കിയാൽ ഇത്തരം ഏതൊക്കെ ആപ്ലിക്കേഷനുകൾക്ക് അനുവാദം നൽകിയിട്ടുണ്ട് എന്നറിയാം. ഇവയെ ഒഴിവാക്കാൻ ഇതിലെ ‘റിമൂവ്’ ബട്ടൺ അമർത്തണം.

∙ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ സ്വകാര്യ, ഔ ദ്യോഗിക ഇമെയിൽ ഐഡി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലോ ഫോണിലുപയോഗിക്കുന്ന ആപ്ലിക്കേഷനിലോ ലോഗിൻ ചെയ്യാൻ ഒരിക്കലും ഉപയോഗിക്കരുത്. ഇത്തരം ആവശ്യങ്ങൾക്കു വേണ്ടി മാത്രം പ്രത്യേകം ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നതാണ് നല്ലത്.

വാട്സ്ആപ്പ് കൈവിട്ടുപോയാൽ

മൊബൈൽ ഡേറ്റ ഓൺ ആയിരുന്നാലും അല്ലെങ്കിലും ഫോട്ടോ ഗാലറിയിൽ നിന്നോ വാട്സ്ആപ്പ് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളോ അബദ്ധവശാൽ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്നത് പതിവാണ്.

∙ മൊബൈൽ ഡേറ്റ ഓൺ അല്ലെങ്കിലും ഫോട്ടോ അപ്‌ലോഡ് ആയി കിടക്കും. എപ്പോൾ മൊബൈൽ ഡേറ്റ ഓൺ ചെയ്യുന്നോ അപ്പോൾ ഫോട്ടോ ഷെയർ ആകും.

∙ അബദ്ധവശാൽ ഫോട്ടോയോ മറ്റോ അപ്‌ലോഡ് ആയിപ്പോയാൽ മിക്കവരും ഫോട്ടോ ഡിലീറ്റ് ചെയ്യാനാകും നോക്കുക. ഫോട്ടോയോ വിഡിയോയോ അപ്‌ലോഡ് ആകുന്നതിന് മിനിമം മൂന്നു സെക്കൻഡ് സമയമെടുക്കും. ഈ സമയത്തിനുള്ളിൽ മൊബൈൽ ഡേറ്റ ഓഫ് ചെയ്യുകയാണ് ആദ്യത്തെ വഴി.

∙ വീണ്ടും മൊബൈൽ ഡേറ്റ ഓൺ ആകുമ്പോൾ ഫോട്ടോ അപ്‌ലോഡ് ആകുമെന്നതിനാൽ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയാണ് അടുത്ത സ്റ്റെപ്പ്.

∙ ആപ്ലിക്കേഷൻ ലോക്കർ ഉപയോഗിച്ച് ക്യാമറയും ഫോൺ ഗാലറിയും ലോക്ക് ചെയ്യാം. ഫോണിലുള്ള ഫോട്ടോ വാട്സ്ആപ്പിൽ അറിയാതെ അപ്‌ലോഡ് ആകില്ലെന്നു മാത്രമല്ല, കുട്ടികൾ ഉപയോഗിക്കുമ്പോൾ ക്യാമറ പ്രവർത്തിക്കുകയുമില്ല. ആവശ്യമുള്ള സമയത്തു മാത്രം ഇവ അൺലോക്ക് ചെയ്യാം.

തുടരും..

(വിവരങ്ങൾക്ക് കടപ്പാട്: രതീഷ് ആർ. മേനോൻ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ.)