Monday 16 December 2019 02:09 PM IST : By സ്വന്തം ലേഖകൻ

ഐപിഎസ് ലഭിച്ചതോടെ ‘അന്തസ്സിനു യോജിച്ച’ വിവാഹം കഴിക്കണം; ആദ്യ ഭാര്യയെ ഉപദ്രവിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍!

ips-ggdgh

ഐപിഎസ് നേടിയതോടെ ‘അന്തസ്സിനു യോജിച്ച’ വിവാഹം കഴിക്കാൻ ആദ്യ ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശി കെ വി മഹേശ്വര്‍ റെഡ്ഡിയെ (28) കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്റു ചെയ്തു. ഭാര്യയെ ഉപദ്രവിച്ചതിനും വിവാഹമോചനത്തിന് ശ്രമിച്ചതിനുമാണ് ഉന്നതതല നടപടി. 

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 126ാം റാങ്ക് ജേതാവാണ് മഹേശ്വര്‍ റെഡ്ഡി. 2018 ഫെബ്രുവരി ഒമ്പതിന് പിന്നോക്ക വിഭാഗത്തില്‍പെട്ട ഭവാനി (28) എന്ന യുവതിയെ റെഡ്ഡി രഹസ്യവിവാഹം കഴിച്ചിരുന്നു. ബിരുദധാരിയായ ഇവർ സെക്കന്ദരാബാദില്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ്. 

2009 ല്‍ കോളജ് പഠനകാലം മുതല്‍ വ്യത്യസ്ത സമുദായത്തില്‍പെട്ട ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് റെഡ്ഡിയെ സാമ്പത്തികയായി സഹായിച്ചിരുന്നത് ഭവാനിയായിരുന്നു. എന്നാല്‍ ഐപിഎസ് കിട്ടിയതോടെ ഇയാളുടെ സ്വഭാവം മാറി. തന്റെ ‘അന്തസ്സിനു യോജിച്ച’ വിവാഹം കഴിക്കണമെന്ന ചിന്തയായി.

റെഡ്ഡിയുടെ മാതാപിതാക്കളെ വിവാഹക്കാര്യം അറിയിക്കണമെന്ന് ഭവാനി പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ തയാറായില്ല. ഇതിന്റെപേരിൽ ഭാര്യയെ ഉപദ്രവിക്കാനും മര്‍ദ്ദിക്കാനും തുടങ്ങി. സഹിക്കവയ്യാതായപ്പോൾ ഭവാനി ഒക്‌ടോബറിൽ റെഡ്ഡിക്കെതിരെ പരാതി നല്‍കി. ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, എസ്സി- എസ്ടി വിഭാഗത്തിന് എതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റും ഫോട്ടോകളും ഭവാനി തെളിവായി സമര്‍പ്പിച്ചു.

ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് മൂന്നു വട്ടം ഇരുവര്‍ക്കും കൗണ്‍സിലിങ് നടത്തിയിരുന്നു. എന്നാല്‍ വിവാഹ ബന്ധം തുടരാന്‍ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും റെഡ്ഡി വാശിപിടിച്ചു. ഇതോടെയാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ മസൂറിയിലെ പൊലീസ് ട്രെയിനിങ് ക്യാംപില്‍ പരിശീലനത്തിലുള്ള ഇയാളെ ഏതുനിമിഷവും അറസ്റ്റു ചെയ്യാമെന്നും പൊലീസ് അറിയിച്ചു.

കേസെടുത്ത വിവരം ആഭ്യന്തര മന്ത്രാലയത്തിലും യുപിഎസ്സിയിലും ഹൈദരാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയിലും പട്ടികജാതി ദേശീയ കമ്മീഷനിലും പൊലീസ് അറിയിച്ചു. കേസില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ റെഡ്ഡിയുടെ സസ്‌പെന്‍ഷന്‍ നോട്ടിസ് സര്‍ക്കാര്‍ പുനഃപരിശോധിക്കുകയുള്ളൂ.

Tags:
  • Spotlight
  • Relationship