Wednesday 21 November 2018 12:24 PM IST : By സ്വന്തം ലേഖകൻ

‘മരിക്കും വരെ ഒരു സങ്കടം മാത്രം ബാക്കി നിൽക്കും’; കണ്ണീരണിയിച്ച് ഇഷാന്റെ കുറിപ്പ്

id

ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. വേദനകളുടെ വേലിയേറ്റങ്ങൾക്കിടയിലും ഒരു പക്ഷേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ ജ്വലിക്കുന്ന ഓർമ്മകളായിരിക്കും.

അമ്മയുടെ വിയോഗം സമ്മാനിച്ച വേദന 20 വർഷങ്ങൾക്കിപ്പുറവും തന്നെ പിന്തുടരുന്നുവെന്ന് പറയുകയാണ് ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്. അമ്മയെന്ന പുണ്യം കൗമാരത്തിൽ നഷ്ടമായതിന്റെ  നൊമ്പരം പങ്കു വെക്കുകയാണ് ഇഷാൻ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പിലൂടെ.

ജീവിതത്തിലെ സ്വപ്നങ്ങളും സന്തോഷങ്ങളുമെല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞു പോകുകയായിരുന്നുവെന്ന് ഇഷാൻ‌ ഓർക്കുന്നു. ഒരുപക്ഷേ പേടിച്ചു ജീവിതം തന്നെ അവസാനിപ്പിക്കും എന്ന മനോനിലയിൽ നിന്ന് തന്നെ മാറ്റിയത് യൂണിവേഴ്സിറ്റി കോളജ് പഠനകാലവും കൺഫ്യൂഷൻസ് എന്ന ബാന്റും ആണ്. തളർന്നു പോകുമായിരുന്ന തന്നിലെ കലാവാസന തിരിച്ചറിഞ്ഞ് ആവേശം പകർന്ന വയലിനിസ്റ്റ് ബാലഭാസ്കറിനേയും ഇഷാൻ ഓർമ്മകൾക്കൊപ്പം ചേർ‌ത്തു വയ്ക്കുന്നു. ഇന്ന് താൻ അനുഭവിക്കുന്ന എല്ലാം സൗഭാഗ്യങ്ങളിലും അമ്മയുടെ പ്രാർത്ഥനയുണ്ടെന്ന് താൻ വിശ്വസിക്കുന്നതായും ഇഷാൻ കൂട്ടിച്ചേർക്കുന്നു.

ഇഷാന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

'എന്റെ അമ്മയുടെ ഓർമ്മ ദിവസം, 20 വർഷം മുന്നേ എല്ലാ സന്തോഷങ്ങളും നഷ്ട്ടപ്പെട്ടു. എന്റെ കുടുംബം ശിഥിലമായ നിമിഷം. ഒരു 16 കാരൻ എന്ത് ചെയ്യണം, എങ്ങോട്ടു നോക്കി ജീവിക്കണം, എന്ത് സ്വപനം കാണണം ഇതൊക്കെ മാഞ്ഞു പോയ നിമിഷം. എന്റെ ജീവിതത്തിന്റെ അന്ധകാരങ്ങളെ വെളിച്ചത്തിലോട്ടു നയിച്ചത് , ഒരു പക്ഷെ പേടിച്ചു ജീവിതം തന്നെ അവസാനിപ്പിക്കും എന്ന ഒരു മനോനിലയിൽ നിന്ന് എന്നെ മാറ്റിയത് യൂണിവേഴ്സിറ്റി കോളേജ് പഠന കാലവും. അവിടെ എന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളും ആണ്. ഞങ്ങളുടെ കൺഫ്യൂഷൻബാൻഡും, ബാലു അണ്ണനും എന്നിലെ കലാവാസനയും ആവേശവും തിരിച്ചറിഞ്ഞു...

ഇന്നുവരെ ഞാൻ എന്റെ സന്തോഷങ്ങളിലെല്ലാം അമ്മയുടെ പ്രാർഥനയ ഉണ്ടെന്നു വിശ്വസിക്കുന്നു. മരിക്കും വരെ ഒരു സങ്കടം ബാക്കി നിൽക്കും. എന്റെ അമ്മ ഞാൻ ഒരു ടീവിയിലോ, ,റേഡിയോയിലോ, സിനിമയിലോ, വലിയ സ്റ്റേജിലോ പാടുന്നത് കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല. സങ്കടം ഉറഞ്ഞു മനസ്സ് ഉറച്ചുപോയി എന്നൊക്കെ തോന്നാറുണ്ട്. നഷ്ടങ്ങൾ ജീവിതത്തിന്റെ വില മനസിലാക്കിക്കുന്നു. എല്ലാം കടന്നു പോകും. Go on

"ഞാനുറങ്ങാൻ ഞാനുണരാൻ 

നോമ്പു നോറ്റ നെഞ്ചകമേ 

നെറുകയിലായ് ഉമ്മനല്കി 

ആരീരാരം ചൊന്നവളെ"

Miss you Amma ..love you, c u in heaven