Wednesday 03 November 2021 02:40 PM IST

‘ബഹിരാകാശത്തെ നടപ്പും പേസ്റ്റ് വിഴുങ്ങിയുള്ള പല്ലുതേപ്പുമൊക്കെ രസമുള്ള അനുഭവങ്ങളാകും’; സ്വപ്നം കണ്ടതിലും ഉയരെ ഡോ. എസ്. ഗീത

Roopa Thayabji

Sub Editor

_REE0105 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബഹിരാകാശത്തെ വനിതകളുടെ പേരിൽ ലോകം ‘സ്പേസ് വീക്ക്’ ആഘോഷിക്കുമ്പോൾ മലയാളിക്കും അഭിമാനിക്കാം...

വാഹനവുമായി റോഡിലിറങ്ങുന്ന സ്ത്രീകളോട് മിക്കവർക്കും ദേഷ്യമാണ്. ആണുങ്ങളുടെ ഡ്രൈവിങ്ങുമായി തട്ടിച്ചുനോക്കിയാ ൽ സ്ത്രീകൾ ‘അത്ര നല്ല’ ഡ്രൈവർമാർ അല്ല എന്നാണു വയ്പും. ഈ ഡയലോഗും പറഞ്ഞ് ഡോ.എസ്. ഗീതയുടെ മുന്നിൽ ചെന്നാൽ തോറ്റു പോകുകയേയുള്ളൂ. ഇന്ത്യയുടെ മിക്ക ബഹിരാകാശ ദൗത്യങ്ങളുടെയും ‘സ്റ്റിയറിങ്’ പിടിക്കുന്നത് ഈ കൈകളാണ്.

ഇന്ത്യയുടെ അഭിമാനമായ പിഎസ്എൽവിയും ജിഎസ്എൽവിയും ലോഞ്ച് പാഡിൽ നിന്ന് ഉയരുന്നതു മുതൽ ഉപഗ്രഹ വിക്ഷേപണം വരെയുള്ള ‘റൂട്ട് മാപ്’ നിർണയിക്കുന്ന സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടറാണ് ഡോ. ഗീത. വിഎസ്എസ്‌സിയിൽ ബഹിരാകാശ ദൗത്യത്തിലെ  ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ മലയാളി വനിത.

ഒക്ടോബർ നാലു മുതൽ ലോകമെങ്ങും ആഘോഷിക്കുന്ന അന്തർദേശീയ ബഹിരാകാശ വാരത്തിന്റെ ഇത്തവണത്തെ വിഷയം ‘വിമൻ ഇൻ സ്പേസ്’ എന്നതാണ്. വട്ടിയൂർക്കാവിലെ സർക്കാർ സ്കൂളിൽ പഠനം തുടങ്ങി ഇന്ത്യയിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം വരെ നേടിയ ഡോ. ഗീതയുടെ ‘റോക്കറ്റ് കരിയർ’ അറിയാം.

റോക്കറ്റും ബഹിരാകാശവും എങ്ങനെ സ്വപ്നത്തിലെത്തി ?

ഞാൻ ജനിച്ചതിന്റെ തൊട്ടടുത്ത വർഷമാണ് വാലന്റീന തെരഷ്കോവ ആദ്യമായി ബഹിരാകാശയാത്ര നടത്തിയത്. സ്കൂളിൽ ആദ്യമായി പഠിച്ച ജനറൽ നോളജ് ചോദ്യോത്തരവും അതായിരുന്നു. പക്ഷേ, അന്നൊന്നും ആകാശമോ അതിനപ്പുറമോ സ്വപ്നം കണ്ടതേയില്ല.

തിരുവനന്തപുരം കൈതമുക്കിലായിരുന്നു വീട്. ഞാൻ പഠിച്ച സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു അമ്മ ശകുന്തള. അച്ഛൻ ഗോപാലപിള്ളയ്ക്ക് പി ആൻഡ് ടിയിലായിരുന്നു ജോലി.

നാലുമക്കളെയും നന്നായി പഠിപ്പിക്കണമെന്ന്  അവർക്കു നിർബന്ധമായിരുന്നു. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് പഠനകാലത്താണ് ബഹിരാകാശവും യാത്രകളുമൊക്കെ മനസ്സിൽ കയറിയത്.

അങ്ങനെ എംടെക്കിനു കൺട്രോൾ സിസ്റ്റം മെയിൻ എടുത്ത് ഒന്നാം റാങ്കോടെ പാസായി. അതിനിടെയാണ് വിജയമോഹനകുമാറുമായുള്ള വിവാഹം, അദ്ദേഹവും എംടെക് റാങ്ക് ഹോൾഡറാണ്.

ഭർത്താവും ഞാനും ഒന്നിച്ചാണ് വിഎസ്എസ്‌സിയിൽ ജോലിക്കു കയറിയത്. പിന്നീട് ബഹിരാകാശ വാഹനങ്ങളുടെ കൺട്രോൾ ഡിസൈൻ ടെക്നിക്കുകളിൽ ഞാൻ ഡോക്ടറേറ്റും നേടി.

ആദ്യം മുതലേ റോക്കറ്റ് ദൗത്യത്തിലുണ്ടോ?

ബഹിരാകാശ വാഹനത്തിന്റെ (റോക്കറ്റ്) കൺട്രോൾ ആ ൻഡ് ഡിസൈൻ വിഭാഗത്തിലായിരുന്നു ആദ്യം മുതലേ ജോലി. റോക്കറ്റിലുള്ള ഉപഗ്രഹത്തിന് ഒരു ലക്ഷ്യമുണ്ടാകും. റോക്കറ്റ് കുതിച്ചുയർന്ന് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നതു വരെയുള്ള ഓരോ നിമിഷവും നിശ്ചയിക്കുന്നത് ഗൈഡൻസ് സംവിധാനമാണ്. ഇതു നൽകുന്ന പാതയെ കൺട്രോൾ സിസ്റ്റം വഴിയാണ് നിയന്ത്രിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള പിഎസ്എൽവിയുടെ ആദ്യ ദൗത്യം (പിഎസ്എൽവി ഡി1) 1993ലായിരുന്നു. ഡോ.ജി. മാധവൻ നായരായിരുന്നു അതിന്റെ പ്രൊജക്റ്റ് ഡയറക്ടർ. വിക്ഷേപണത്തിന്റെ അവസാന സ്റ്റേജിൽ വച്ച് ദൗത്യം പരാജയപ്പെട്ടതോടെ എല്ലാവരും വലിയ നിരാശയിലായി. പരാജയത്തിൽ നിന്നു പാഠം ഉൾക്കൊള്ളാൻ അതിലൂടെ ഞങ്ങൾ പഠിച്ചു. പരാജയകാരണം കണ്ടുപിടിച്ച് അതിനുള്ള പരിഹാര മാർഗങ്ങളും നിർണയിച്ച ശേഷമായിരുന്നു രണ്ടാം ദൗത്യം. അതു വിജയമായി. പിഎസ്എൽവി സി 52 ആണ് ഇനി പറക്കുന്നത്. ഭൗമോപരിതലത്തിലെ 0.2 മീറ്റർ വലുപ്പമുള്ള വസ്തുവിനെ വരെ ഇന്ന് വ്യക്തമായി സാറ്റലൈറ്റ് ക്യാമറ വഴി പകർത്താം. അതായത് ഒരു കൊച്ചുകുട്ടിയുടെ കൈയിലുള്ള നോട്ടുപുസ്തകത്തിന്റെ ചിത്രം വരെ.

isro8867565

എങ്ങനെയാണ് ബഹിരാകാശ ദൗത്യം പരാജയപ്പെടുന്നത് ?

റോക്കറ്റ് കുത്തനെയാണു ചിത്രത്തിലൊക്കെ കാണുന്നതെങ്കിലും അങ്ങനെ മാത്രമല്ല സഞ്ചരിക്കുന്നത്. ഉരസൽ കൊണ്ട് ചൂടുപിടിച്ച് കത്തുന്നത് ഒഴിവാക്കാനായി ഭൗമാന്തരീക്ഷം പിന്നിടുന്നതു വരെ റോക്കറ്റ് നേരേ മുകളിലേക്കാണ് ഉയരുന്നത്. ഗുരുത്വാകർഷണ ബലത്തിന്റെ നാലിരട്ടി ശക്തി വേണം ഇതിന്. അതിനു ശേഷം ദിശ ചാഞ്ഞും ചരിഞ്ഞുമൊക്കെ വരും.

ടൺകണക്കിന് ഇന്ധനം വേണ്ടി വരും ഒരു റോക്കറ്റിന്. ഖര ഇന്ധനം കത്തിത്തീരുന്നതു വരെ റോക്കറ്റ് സഞ്ചരിച്ചു കൊണ്ടിരിക്കും. ദ്രവഇന്ധനം കത്തുന്നതിനിടെ റോക്കറ്റ് നിശ്ചിത ഓർബിറ്റിലെത്തിയാൽ കൺട്രോൾ സിസ്റ്റം വഴി സഞ്ചാരം നിർത്താം. റോക്കറ്റ് കുതിച്ചുയരുന്നതിന് 30 സെക്കൻഡ് മുൻപു മുതൽ സർവനിയന്ത്രണവും റോക്കറ്റിനുള്ളിലെ കംപ്യൂട്ടറിനാണ്. ആ കംപ്യൂട്ടറിനു പ്രവർത്തിക്കാൻ വേണ്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്നതാണ് ഞങ്ങളുടെ ജോലി. റോക്കറ്റ് പോകുന്നതിനിടെ വരുന്ന മാറ്റങ്ങളുടെ കണക്കെടുത്ത് പരിഹാരങ്ങൾ കണ്ടെത്തും. ലക്ഷക്കണക്കിനു സാധ്യതകൾ പരിഗണിച്ചുള്ളതാണ് ടെസ്റ്റിങ്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിന്  ഒരാഴ്ച മുൻപ്  പ്രദേശത്തെ കാറ്റിന്റെ ദിശയും വേഗവും വരെ പഠിക്കും. എന്നിട്ടും ചിലപ്പോൾ ദൗത്യം പരാജയപ്പെടാം.  

സ്ത്രീകൾക്ക് ഈ മേഖലയിൽ തിളങ്ങാനാകുമോ?

ബഹിരാകാശ യാത്രികരിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണെങ്കിലും ബഹിരാകാശ വാഹനങ്ങളുടെ രൂപക ൽപനയും നിർമാണവും മുതൽ ലക്ഷ്യം കൈവരിക്കുന്നതു വരെയുള്ള എല്ലാ മേഖലകളിലും പുരുഷനോടൊപ്പം സ്ത്രീകളും ജോലി ചെയ്യുന്നു. മംഗൾയാനിലും ചന്ദ്രയാൻ ദൗത്യങ്ങളിലും നേതൃസ്ഥാനത്ത് സ്ത്രീകളായിരുന്നു. 32 വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോൾ എ നിക്കു കീഴിൽ  ആറു ടീമിലായി 42 എൻജിനീയർമാരുണ്ട്.

വിക്ഷേപണത്തിനു 72 ദിവസം മുൻപ് തന്നെ ലോകവ്യാപകമായി അറിയിപ്പു നൽകും. ഏതൊക്കെ രാജ്യങ്ങൾക്കു മുകളിലൂടെ റോക്കറ്റ് സഞ്ചരിക്കുമെന്നും, അവശിഷ്ടങ്ങൾ പതിക്കാൻ ഇടയുള്ള രാജ്യാതിർത്തികളുമൊക്കെ അതിലുണ്ടാകും. വിമാനങ്ങൾക്കും അലർട് ഉണ്ടാകും. ഓരോ ഘട്ടത്തിലും റോക്കറ്റിൽ  നിന്ന് വിട്ടുപോകുന്ന ഭാഗങ്ങൾ കത്തിച്ചാമ്പലാകുകയോ കടലിൽ വീഴുകയോ ചെയ്യും. ഇവ വീഴേണ്ട ഇടം വരെ നേരത്തേ നിശ്ചയിച്ചിരിക്കും.

sg4

ത്രില്ലിങ്  അനുഭവങ്ങളുണ്ടോ?

2017ൽ ശ്രീഹരിക്കോട്ടയിൽ നിന്ന് പോയ ഒരു റോക്കറ്റിൽ ഇന്ത്യയുടേതടക്കം വിവിധ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങൾ അയച്ചു. ഏറ്റവും എണ്ണം കൂടുതലുള്ള ദൗത്യമായിരുന്നു അത്.  പല ഉപഗ്രഹങ്ങൾക്കും  ഒന്നോ  രണ്ടോ കിലോഗ്രാ മേ തൂക്കമുള്ളൂ.  ലക്ഷ്യസ്ഥാനത്ത് എത്തിയാൽ  ഓരോ ഉ പഗ്രഹവും ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്നത് നിശ്ചിത സമയമെടുത്താണ്. അല്ലെങ്കിൽ അവ കൂട്ടിയിടിക്കും. 104ാമത്തെ ഉപഗ്രഹവും വിക്ഷേപിക്കുന്നതു വരെ ഓരോ നിമിഷ വും ശ്വാസമടക്കി പിടിച്ചാണ് ഇരുന്നത്.

വിക്ഷേപണത്തിനു മുൻപുള്ള പൂജ വാർത്തയായിരുന്നു?

അതിന് ഔദ്യോഗികമായി മറുപടി പറയുന്നില്ല. എല്ലാ ദിവസവും പ്രാർഥിക്കുന്ന ആളാണ് ഞാൻ. വീട്ടിലെ നല്ല കാര്യത്തിനു മുൻപ് പ്രാർഥിക്കാറില്ലേ. അതുപോലെ എല്ലാ റോക്കറ്റ് ലോഞ്ചിനും ഞാൻ ദൈവത്തിന്റെ കൂടി കൂട്ടു തേടും.

ബഹിരാകാശ ടൂറിസമാണ് ഇന്നു ലോകം ചർച്ച ചെയ്യുന്നത്?

റോക്കറ്റ് അവസാന ഘട്ടത്തിൽ ഒരു സെക്കൻഡിൽ പത്തര കിലോമീറ്റർ ദൂരം സഞ്ചരിക്കും. 17 മിനിറ്റു മതി ജിഎസ്എൽവിക്ക് ലക്ഷ്യസ്ഥാനത്തെത്താൻ. ബഹിരാകാശ വാഹനത്തിൽ മിനിറ്റുകൾ കൊണ്ട് ഭൂമിയെ ചുറ്റി വരുന്നതാണ് സ്പേസ് ടൂറിസം. സ്പേസ് സ്റ്റേഷനിലെ ജോലിയുമായി അതിനെ താരതമ്യപ്പെടുത്താനേ പറ്റില്ല. പക്ഷേ, ബഹിരാകാശത്തെ നടപ്പും പേസ്റ്റ് വിഴുങ്ങിയുള്ള പല്ലുതേപ്പുമൊക്കെ രസമുള്ള അനുഭവങ്ങളാകും.

അച്ഛനമ്മമാരുടെ വഴിയിലാണോ മകൾ ?

മോൾ വിനീതയ്ക്ക് ഫിലിം മേക്കിങ്ങാണ് ഇഷ്ടം. ലൊസാഞ്ചൽസിൽ മാസ്റ്റർ ഇൻ ഫൈൻ ആർട്സ് പഠിക്കാനായി പറക്കാനൊരുങ്ങുകയാണ് അവൾ.

IMG_6990
Tags:
  • Spotlight
  • Inspirational Story