Saturday 28 March 2020 04:05 PM IST : By സോന തമ്പി

കടുകെണ്ണാനും ഉറങ്ങിത്തീർക്കാനും തയാറല്ല, ഇട്ടി വേറെ ലെവൽ...! ലോക്ക് ഡൗൺ കാലത്ത് മുറിയില്‍ മേക്കോവർ നടത്തി ബി ടെക്കുകാരൻ

itti-new-1

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് കോളജ് അടച്ചപ്പോഴാണ് ഇട്ടിമാത്യുവിന്റെ മനസ്സിലെ ക്രിയേറ്റിവിറ്റി സടകുടഞ്ഞെണീറ്റത്. പുസ്തകങ്ങളിൽ ഒതുങ്ങിയിരുന്ന വരയിഷ്ടം സ്വന്തം മുറിയുടെ നാലു ചുവരുകളിലേക്ക് വ്യാപിപ്പിച്ചാണ് ഇട്ടിമാത്യു വീട്ടുകാരെയും കൂട്ടുകാരെയും ഞെട്ടിച്ചത്. തൃശൂർ കൊടകര സഹൃദയ എൻജിനീയറിങ് കോളജിലെ അവസാന സെമസ്റ്റർ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ഇട്ടി മാത്യു. അക്രിലിക് പെയിന്റും നിയോൺ കളേഴ്സുമാണ് സംഭവം കളറാക്കിയത്. ചില നിറങ്ങളൊക്കെ ഒന്ന് മിക്സ് ചെയ്തെടുത്തപ്പോൾ പുതിയ ഷേഡുകൾ വിരിഞ്ഞു വന്നു. വെളുത്ത പെയിൻറടിച്ച ഇന്റർലോക്ക് ഇഷ്ടികഭിത്തിയിൽ അങ്ങിങ്ങായി ചില കട്ടകൾക്ക് നിറം കൊടുത്തപ്പോൾ ഇട്ടിയുടെ മുറി തന്നെ ഒന്ന് ഞെട്ടി. കോർണറിലെ ഭിത്തി ടേപ്പ് ഒട്ടിച്ച് മൊസൈക് ആർട്ട് വർക് ചെയ്തപ്പോൾ സംഭവം കിടിലനായി. താഴെ നിന്ന് മുകളിലേക്ക് നിറം കൂടി വരുന്ന തരത്തിൽ ഗ്രേഡിയന്റ ് രീതിയിലാണ് മൊസൈക് ആർട്. അമേരിക്കൻ ഡീജെ മാർഷ്മെല്ലോയോടുള്ള ഇഷ്ടവും ചുവരിലുണ്ട്. വാതിലുകളെയും വെറുതെ വിട്ടില്ല. മുറിയുടെ വാതിലിനു പിറകിൽ മണ്ടാല ആർട് വർക്ക് പരീക്ഷിച്ചപ്പോൾ ബാത്റൂം വാതിലിൽ പെയിന്റിങ് നടത്തി.

itti-new-2

കുപ്പിയുടെ മൂടിയിൽ സുഷിരമുണ്ടാക്കി മാല ബൾബ് കയറ്റി അത് ഹാങ് ചെയ്തിടാമെന്ന ഐഡിയ തെളിഞ്ഞതോടെ, ഇട്ടിമാത്യുവിന്റെ മനസ്സിൽ മാത്രമല്ല മുറിയിലും ബൾബ് കത്തി. പോരാത്തതിന് കാർഡ് ബോർഡും ചാർട്ട് പേപ്പറും കൊണ്ടുള്ള മീനിയൺസുമായപ്പോൾ സംഭവം വേറെ ലെവൽ ആയി. മകനിൽ ഇത്ര കലാവാസന ഉണ്ടല്ലോ എന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്ന് അദ്ഭുതം കൂറുകയാണ് പിതാവ് പോൾ മാത്യൂസും അമ്മ നീനയും. ‘ഇതൊക്കെ എന്ത്, വെറും നിസ്സാരം, ഞങ്ങൾ ബോയ്സ് അത്ര മോശമല്ല’ എന്ന ഭാവത്തിലാണ് ഇട്ടിയുടെ നിൽപ്പ്.