Friday 10 August 2018 11:06 AM IST

മലയാളത്തിന് വീണ്ടും ബ്രഹ്മാണ്ഡ ചിത്രം; 160 കോടിരൂപ മുതൽമുടക്കിൽ ഐ.വി ശശി–സോഹൻ‌റോയ് ടീമിന്റെ ‘ബേണിങ് വെൽസ്’

Rakhi Parvathy

Sub Editor

sohan1

ബാഹുബലിക്കും മഹാഭാരതത്തിനും ശേഷം ഇന്ത്യൻ സിനിമാ ലോകം കാണാനൊരുങ്ങുന്ന ഏറ്റവും വലിയ ചലച്ചിത്രവിസ്മയത്തിന്റെ പണിപ്പുരയിലാണ് സോഹൻ റോയ്. ഒപ്പം മലയാളത്തിന്റെ അനുഗൃഹീത സംവിധായകൻ ഐവി ശശിയും. ഇതുവരെ കാണാത്ത കാഴ്ചയുടെ വിസ്മയങ്ങൾ മലയാളത്തിനും ഒപ്പം നൂറോളം അന്യഭാഷകളിലും എത്തിക്കാനുള്ള ഒരു ബൃഹത്തായ പ്രോജക്ടിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലാഭം നേടുക എന്നതിലുപരി ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെ സോഹൻ റോയിയും ഐ.വി. ശശിയും ഒന്നിക്കുമ്പോൾ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ കഥ പുനരവതരിപ്പിക്കുകയാണ് ‘ബേണിങ് വെൽസ് ’എന്ന സിനിമ. കത്തിയമർന്ന എണ്ണക്കിണറുകളിൽ ചാമ്പലായത് ഒരുപാടു പേരുടെ ജീവിതം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. ഡാം999 എന്ന ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സിനിമയിലൂടെ മുല്ലപ്പെരിയാർ പ്രശ്നം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച സോഹൻ റോയ് പുതിയ പ്രൊജക്ടിനെക്കുറിച്ച് ‘വനിത ഓൺൈലനോട്’ സംസാരിക്കുന്നു.

എന്താണ് ബേണിങ് വെൽസ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത?

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാകും ഈ ചിത്രം. 25 മില്യൺ ഡോളർ മുതൽ മുടക്കിലുള്ള, ഒരു വലിയ പ്രോജക്ട് ആയിരിക്കും ഇത്. മാത്രമല്ല സിനിമ എന്ന നിലയിൽ ഒരിക്കലും വ്യക്തിഗത പ്രോജക്ട് ആകില്ല. ചന്ദ്രയാൻ പോലെ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന ഒന്നാകും അത്. കുവൈത്ത് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണിത്. ഇതുവരെ ഇന്ത്യൻ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രീതിയിലുള്ള ഒരു റിയാലിറ്റി റീക്രിയേഷൻ ആണ് ഉദ്ദേശിക്കുന്നത്. 2019 ഓടെ 33 ഭാഷകളിൽ ആണ് സിനിമ ഇപ്പോൾ പദ്ധതി ഇട്ടിരിക്കുന്നത്. അൽപം കൂടി സമയം കിട്ടിയാൽ നൂറു ഭാഷകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. അഞ്ച് വർഷത്തെ പ്രോജക്ട് ആയാണ് ഈ ചിത്രം കൺസീവ് ചെയ്തിരിക്കുന്നത്. ശ്രീ' ഐ വി ശശിയും ഞാനും ചേർന്നാണ് തിരക്കഥയും സംവിധാനവും.

ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കായുള്ള സാങ്കേതിക നിലവാരത്തിന് അടുത്തെത്താൻ നമ്മുടെ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണോ?

ബാഹുബലി പോലുള്ള ചിത്രങ്ങൾ സിനിമയെ തന്നെ അതിന്റെ സാങ്കേതിക തലങ്ങളിൽ ഏറെ ഉയർത്തിക്കാട്ടുന്നത് തന്നെയാണ്. പക്ഷേ ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക നിലവാരം ഇനിയും ഉയരേണ്ടിയിരിക്കുന്നു. സിനിമയുടെ വളര്‍ച്ചയ്ക്ക് വേണ്ട ആവാസ വ്യവസ്ഥ, നിര്‍മാണ ഘട്ടം മുതല്‍ തിയേറ്ററുകള്‍ വരെ, സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം. അനുഗ്രഹീതരായ അഭിനേതാക്കളെയും സംവിധായകരെയും സാങ്കേതിക വിദഗ്ദ്ധരെയും കൊണ്ട് സമ്പുഷ്ടമായ ഇന്ത്യന്‍ സിനിമാ വ്യവസായം നിര്‍ഭാഗ്യവശാല്‍ ഒരേ നിര്‍മാണ പ്രദർശന പ്രക്രിയയാണ് കാലങ്ങളായി പിന്തുടര്‍ന്ന് പോരുന്നത്.

പ്രാദേശിക വിജയങ്ങളിൽ അടിസ്ഥാനമായ പല സിനിമ വ്യവസായങ്ങളും ദശകങ്ങളായി സാങ്കേതികപരമായും വാണിജ്യപരമായും ബോളിവുഡിന് താഴെയാണ് നില്‍ക്കുന്നത്. ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നൂതനമായ നിര്‍മാണ രീതിയും വിതരണ സമ്പ്രദായവും നമ്മൾ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്യന്താധുനികമായ കാമറകള്‍, ഹൈസെക്യൂരിറ്റി സ്റ്റുഡിയോകള്‍, പ്രോജക്ടറുകള്‍, ശബ്ദ ഉപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള തിയേറ്ററുകള്‍, ഇന്റഗ്രേറ്റഡ് ഡബ്ബിംഗ് സെന്റർ, രാജ്യാന്തര വിഷയങ്ങള്‍, വിപുലമായ വിതരണ ശൃംഖല, ഫിലിം സ്കൂളുകൾ എല്ലാം നമുക്ക് ആവശ്യമാണ്. 70000 കോടി രൂപ മുതൽമുടക്കിൽ സിനിമാ മേഖലയിലേക്ക് ഇൻഡിവുഡ് അവതരിപ്പിക്കുന്ന പദ്ധതികളുടെ ഒരു പ്രധാന പ്രോജക്ട് ആകും ഈ സിനിമ. ‘ബേണിങ് വെൽസ്’ സിനിമ മേഖലയെ തിരുത്തി കുറിക്കുന്ന ഒരു " വഴികാട്ടി" സിനിമയാകും എന്നതാണ് പ്രതീക്ഷ.

എങ്ങനെയാണ് ഐ.വി. ശശി ബേണിങ് വെൽസ് എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്?

ശശി സാറിന്റെ മനസ്സിൽ കുവൈത്ത് യുദ്ധം പൂർണമായി പകർത്തുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കുവൈത്തിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും ഇത്തരം ഒരു ആഗ്രഹം എന്നോടു പറയുന്നതും. ഇൻഡിവുഡിനു വേണ്ടി ഒരു അന്താരാഷ്ട്ര സിനിമ ചെയ്യണമെന്ന ആഗ്രഹം എനിയ്ക്കുമുണ്ടായിരുന്നു. ആ രാത്രിയിലെഴുതിയ ഒരു ചെറുകഥ ഇമോഷണൽ ലെവലിൽ നിന്നു കൊണ്ട് വലിയ കാൻവാസിലേക്ക് അന്നേ അദ്ദേഹം ഉൾക്കൊണ്ടു. സാങ്കേതിക വിദ്യാ പരീക്ഷണങ്ങളെക്കുറിച്ചും ഇപ്പോൾ നമ്മുടെ സിനിമാ വ്യവസായത്തിൽ ഇത്തരത്തിലുള്ള ഒരു സിനിമ ചെയ്യാനുള്ള പോരായ്മയും വ്യക്തമാക്കി നൽകിയിരുന്നു. എങ്കിലും ‘ബേണിങ് വെൽസ്’ ലോകോത്തരമായി നിർമിക്കണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങളൊന്നിച്ച് ഈ സിനിമയിലേക്ക് വരുന്നത്. ചിത്രീകരണത്തിന് കുവൈറ്റ് സർക്കാരിന്റെ അനുമതി വേണ്ടതിനാൽ അതിന്റെ ശ്രമങ്ങൾ നടന്നു വരികയാണ്.

sohan2
ഐ.വി ശശി, സോഹന്‍ റോയ്

എത്ര കോടി രൂപയാണ് നിർമാണ ചെലവ്?

കാലത്തിനനുസരിച്ച് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്. ഒരുപാട് സമയവും പണവും ഇതു വഴി ലാഭിക്കാനും സാധിക്കും. ഇൻഡിവുഡ് തന്നെയാകും ഈ ചിത്രം നിർമിക്കുക. 25 മില്യൺ ഡോളറാകും ചിത്രത്തിന്റെ മുടക്കു മുതൽ. 200 മില്യൺ ലാഭം പ്രതീക്ഷിക്കുന്നു. വാണിജ്യ നേട്ടം മാത്രമല്ല ലക്ഷ്യമിടുന്നത്. കെപിഎംജി സ്ട്രക്ചർ ചെയ്യുന്ന പ്രോജക്റ്റ് ഇൻഡിവുഡിൽ 8 കെ ചിത്രീകരണം മുതൽ പോസ്റ്റ് പ്രൊക്ഷനും പ്രദർശനവുമെല്ലാം 8 കെ യിൽ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഉപയോഗിക്കുന്ന കാമറ മുതൽ ഉപയോഗിക്കുന്ന ഗ്രാഫിക്സ് വരെ ലോകോത്തര നിലവാരവും. ഇതുവരെ നമുക്ക് ഹോളിവുഡിൽ മാത്രം കണ്ടു പരിചിതമായ കാഴ്ചാ അനുഭവമാകും നൽകുക. അതിനായി അത്യാധുനിക പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും ഇന്റഗ്രേറ്റഡ് ഡബ്ബിങ് സെൻററും സെറ്റ് ചെയ്യുകയാണ്.

ഇവിടുത്തെ തിയേറ്ററുകളും ജനങ്ങളും അതിന് സജ്ജമാണോ?

ഇപ്പോൾ ഇവിടെ കണ്ടു വരുന്ന സിനിമകൾ മാത്രമാണ് സിനിമ എന്നത് പതിഞ്ഞുപോയ കാഴ്ചക്കാരാണ് ഇവിടെ ഉള്ളത്. എന്നാൽ ഹോളിവുഡു് ചിത്രങ്ങളെ അതിന്റെ ആസ്വാദ്യതലങ്ങളിൽ നിന്നു തന്നെ കാഴ്ചക്കാരൻ അനുഭവിച്ചറിയുന്നു. സാധാരണ നിരക്കിലുള്ള ടിക്കറ്റിന്റെ പണം നൽകി അത്തരത്തിൽ ലോകോത്തര നിലവാരമുള്ള കാഴ്ചയുടെ വിസ്മയങ്ങൾ നൽകാൻ കഴിയുക എന്നത് കൂടെയാണ് ബേണിങ് വെൽസിലൂടെ ലക്ഷ്യമിടുന്നത്. ബേണിങ് വെൽസ് എന്ന സിനിമ നിർമിക്കുക മാത്രമല്ല ഇവിടെ ലക്ഷ്യമിടുന്നത്. സിനിമ മേഖലയെ മുഴുവൻ മാറ്റിമറിക്കുന്ന ഒരു പ്രോജക്ടാണ് ലക്ഷ്യം. അതിൽ സിനിമ തിയേറ്ററുകൾ തുടങ്ങുതും 8 കെ സിനിമയ്ക്ക് വേണ്ട പ്രൊജക്ഷൻ സിസ്റ്റം തുടങ്ങുന്നതും എല്ലാം ഭാഗമാണ്. പ്രേമം പോലുള്ള സിനിമകൾ തിയേറ്ററിൽ എത്തും മുമ്പേ ചോർന്നത് പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ ഹൈ സെക്യുരിറ്റി സ്റ്റുഡിയോകളാണ് വരുന്നത്. തിരുവനന്തപുരം ടെക്നോ പാർക്കിൽ തുടങ്ങിയ എപ്പിക്ക സ്റ്റുഡിയോ അതിന്റെ ഭാഗമാണ്. അത്ര ഹൈസെക്യുരിറ്റിയാണ് ശരിയായ സിനിമാ നിർമാണത്തിന് വേണ്ട അടിത്തറയിൽ ഒന്ന്.

ഇവിടെ മൾട്ടിപ്ലക്സ് തന്നെ പരിമിതമാണല്ലോ, അപ്പോൾ കൂടുതൽ അത്യാധുനിക തിയേറ്ററുകൾ?

എട്ടു വർഷത്തിന് മുമ്പു വരെ ചൈനയിൽ 4000 സ്ക്രീനുകളാണ് ഉണ്ടായിരുന്നത് എങ്കിൽ ഇക്കഴിഞ്ഞ 8 വർഷത്തിൽ അവർ 35000 ത്തോളം പുതിയ സ്ക്രീനുകൾ തുടങ്ങി. ഇന്ത്യയിലോ? ഇൻഡിവുഡ് ലക്ഷ്യമിടുന്നത് സാധാരണക്കാരനും കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന കൂടുതൽ സ്ക്രീനുകളാണ്.

sohan3

ബേണിങ് വെൽസ് എന്ന ചിത്രത്തിന്റെ കാസ്റ്റിങ് ?

നായകന്മാരും നായികമാരും സിനിമയുടെ പ്രധാനഘടകങ്ങളാകുന്ന സിനിമാ മേഖലയാണ് നമുക്കിന്നുള്ളത്. എന്നാൽ എന്റെ കാഴ്ചപാടിൽ പ്രതിഭയുള്ള സംവിധായകന്റെ മുൻപിൽ സിനിമാ താരങ്ങൾ വലിയസിനിമയുടെ പ്രധാനഘടകമേ അല്ല. ടൈറ്റാനിക് പോലുള്ള ചിത്രങ്ങളിലൂടെ താരങ്ങൾ സൃഷ്ടിയ്ക്കപ്പെടുകയാണ്. സിനിമയുടെ മെയ്ക്കിങ്, സ്ക്രിപ്റ്റ് ഒക്കെയാണ് ഇനി വലിയ സിനിമയുടെ നിലവാരത്തെ നിർണയിക്കുന്നത്. ബേണിങ് വെൽസിലേക്ക് ഇതുവരെ താരങ്ങളുടെ അവസാനഘട്ട നിർണയം കഴിഞ്ഞിട്ടില്ല. മാത്രമല്ല സാധാരണ ഒരാൾക്ക് കുറച്ച് ഡേറ്റ്സ് നൽകി അഭിനയിച്ച് പോകാൻ കഴിയില്ല ഇതിൽ. തിരുത്തൽ വരാത്ത വിധം സ്ക്രിപ്റ്റ് ലോക്ക് ചെയ്യുന്നതിനോടൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ വരുന്ന അഭിനേതാക്കളെ പ്രൊഫഷണൽ ഇൻഷ്വേറൻസ് എടുപ്പിച്ചതിനു ശേഷം മാത്രമായിരിക്കും അഭിനയിപ്പിക്കുക.

സിനിമയോട് കമ്മിറ്റ്മെന്റ് ഉള്ള സിനിമയെ സ്വന്തം സിനിമയായോ സ്വന്തം വിജയമായോ കാണാതെ ഇന്ത്യൻ സിനിമയുടെ മുഴുവൻ വിജയമായി കാണാൻ കഴിയുന്ന ആമിർഖാനെ പോലെയുള്ള അഭിനേതാക്കൾ എങ്കിലേ ഇനിയും ഉണ്ടാകുകയുള്ളൂ. രാജ്യാന്തര മാർക്കറ്റിൽ ദംഗലിനെ ഇത്രയധികം വാണിജ്യ വിജയമാക്കാൻ അദ്ദേഹം എടുത്ത പ്രയത്നം ഇവിടെ എത്ര നടന്മാർ ഇന്നോളം എടുത്തിട്ടുണ്ട്. ബേണിങ് വെൽസ് പുതിയ ഒരു സിനിമാ സംസ്കാരം കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് പ്രയത്നിക്കുന്നത്.