Wednesday 15 May 2019 06:02 PM IST : By സ്വന്തം ലേഖകൻ

ദേ ചക്കവണ്ടി ഓടിത്തുടങ്ങി; ചക്കപ്പുഴുക്ക്, ചക്കസൂപ്പ്, ചക്ക ഹൽവ തുടങ്ങി ഇരുനൂറോളം വിഭവങ്ങളുമായി!

jackfruit-van

ചക്കപ്രേമികൾക്കായി തിരുവനന്തപുരം നഗരത്തിൽ ഇന്നു മുതൽ ചക്കവണ്ടി ഓടിത്തുടങ്ങും. ചക്കപ്പുഴുക്ക്, ചക്ക സൂപ്പ്, ചക്ക ഹൽവ തുടങ്ങി മലയാളിക്ക് നൊസ്റ്റാൾജിയയുടെ കപ്പലൂറുന്ന ഏത് വിഭവം വേണമെങ്കിലും ചക്കവണ്ടി എത്തിച്ചിരിക്കും! ഒന്നും രണ്ടുമല്ല, 200 ചക്കവിഭവങ്ങളാണു ചക്കവണ്ടിയുടെ അടുക്കളയിലൊരുങ്ങുന്നത്. 

നബാർഡ് സഹായത്തോടെ സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം രൂപീകരിച്ച പ്ലാവ് കർഷകരുടെ സംരംഭമായ പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ സംരംഭമാണു ചക്കവണ്ടി. ചക്ക ഉൽപന്നങ്ങൾ വാങ്ങാനുള്ള സ്ഥിരം സംവിധാനം എന്ന നിലയ്ക്കാണ് ചക്കവണ്ടിയെ രംഗത്തിറക്കുന്നത്. 

ചക്കവിഭവങ്ങളും ചക്കസദ്യയും ഒരുക്കി ശ്രദ്ധ നേടിയ ഇടിച്ചക്കപ്ലാമൂട് എച്ച്.എം. റഫീക്കാണ് ചക്കവണ്ടിയുടെ മുഖ്യ ഷെഫ്. ശാന്തിഗ്രാമിൽ നിന്ന് പരിശീലനം ലഭിച്ച വീട്ടമ്മമാരും ചക്കയെ എരിവും പുളിയും തെറ്റാതെ പ്ലേറ്റിലെത്തിക്കാൻ കൂടെയുണ്ട്. 

ചക്കയോളമുണ്ട് പറയാൻ

ചക്കപ്പുഴുക്കിനൊപ്പം കഞ്ഞിയും മീൻകറിയും ഇ‍ഞ്ചിച്ചമ്മന്തിയും കിട്ടും തൊട്ടുകൂട്ടാൻ. കഴിച്ചൊരു ഏമ്പക്കം വിട്ടാൽ ചക്കക്കുരു ചുക്ക് കാപ്പിയും കുടിക്കാം. ചക്കസൂപ്പ്, ചക്ക അട, ആവിയിൽ പുഴുങ്ങിയ ചക്ക കുമ്പിളപ്പം, ജില്ലയിലെ വനിതാ സംരംഭകർ തയാറാക്കിയ ചക്ക ഹൽവ, ചക്ക പാനീയങ്ങൾ, ചക്ക ഉപ്പേരി തുടങ്ങി ചക്ക ഐസ്ക്രീം വരെ ചക്കവണ്ടിയിലുണ്ട്.  ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻ തൈകളുടെ വിൽപനയും ചക്കവണ്ടിയിലുണ്ട്. 

ഇന്ന് രാത്രി ഏഴു വരെ പ്രസ് ക്ലബ് പരിസരത്തായിരിക്കും വണ്ടി. തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റാച്യൂ, പാളയം, മ്യൂസിയം, കിഴക്കേകോട്ട തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചക്ക വണ്ടിയെത്തും. രാവിലെ 10 മുതൽ 7 വരെ ചക്കവണ്ടി നഗരത്തിലുണ്ടാവും.